ലോട്ടറി ദിനചര്യ; ‘10 കോടി അടിച്ചപ്പോള്‍ നെഞ്ചു വേദന വന്നു’; സ്വപ്നം പറഞ്ഞ് വല്‍സല, അഭിമുഖം

പത്തുകോടിയുടെ ഓണം ബമ്പർ അടിച്ചതിന്റെ അമ്പരപ്പ് ഇതുവരെ വൽസലയ്ക്ക് മാറിയിട്ടില്ല. തൃശൂർ വിളപ്പുംകാൽ പള്ളത്ത് വീട്ടില്‍ വൻ തിരക്കാണ്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വത്സലയ്ക്കും കുടുംബത്തിനും അഭിനന്ദന പ്രവാഹവുമായി എത്തുകയാണ്. എന്നാൽ ഭാഗ്യദേവത കടാക്ഷിച്ചതിന്റെ അമ്പരപ്പും ഞെട്ടലും ഇതുവരെ മാറിയിട്ടില്ല ഈ സാധാരണ വീട്ടമ്മയ്ക്ക്. ഈ സന്തോഷവും പ്രതീക്ഷകളും എല്ലാം വത്സലയും കുടുംബവും മനോരമ ന്യൂസ് ‍ഡോട്ട് കോമിനോട് പങ്കുവച്ചു.

ലോട്ടറി ടിക്കറ്റ് എടുക്കുന്നത് വത്സലയ്ക്ക് ഒരു ദിനചര്യയാണ്. ദിവസവും എടുക്കാറുണ്ട്. മുമ്പ് 5000, 10,000 രൂപയൊക്കെ അടിച്ചിട്ടുമുണ്ട്. തൃശൂരിലുള്ള എസ്എസ് മണി ലോട്ടറി ഓഫീസിൽ നിന്ന് തിരുവോണം ബമ്പർ ടിക്കറ്റ് വാങ്ങിയതും ഇങ്ങനെ തന്നെയാണ്. വലിയ തുക അടിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഓരോ ടിക്കറ്റും എടുക്കുന്നത്. പക്ഷേ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വൽസല പറയുന്നു. 

ഇന്നലെ രാത്രിയാണ് ഭാഗ്യം കടാക്ഷിച്ച വിവരം ഇവർ അറിയുന്നത്. മൂത്ത മകൻ വിനീഷ് ചെറിയ കട നടത്തുകയാണ്. അവിടേക്ക് ഇളയ മകൻ വിപിൻ എത്തി. കൺസ്ട്രകഷൻ പണികളാണ് വിപിൻ ചെയ്യുന്നത്. നെറ്റിൽ ഓണം ബമ്പർ പ്രഖ്യാപിച്ച വിവരം കണ്ടു. ആദ്യം തന്നെ ഒന്നാം സമ്മാനത്തിന്റെ ലോട്ടറി നമ്പർ നോക്കി. അത് കണ്ടതും വിപിൻ സ്തംഭിച്ചുപോയി. അമ്മ എടുത്ത ടിക്കറ്റിന്റെ അതേ നമ്പർ. ഉടൻ തന്നെ വീട്ടിലെത്തി വിനീഷും വിപിനും അമ്മയോട് വിവരം പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ല. നെഞ്ചുവേദന വരെ അനുഭവപ്പെട്ടെന്നും രാത്രി ആരും ഉറങ്ങിയില്ലെന്നും ഞെട്ടൽ ഇപ്പോഴും മാറാതെ വത്സല പറയുന്നു. 


രണ്ട് ആണ്‍ മക്കളെ കൂടാതെ വിധു എന്ന മകളും വത്സലയ്ക്കുണ്ട്. മകൾ വിവാഹിതയായി രണ്ട് മക്കളുമുണ്ട്. വത്സലയുടെ ഭർത്താവ് മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. വീട്ടമ്മയായ വത്സലയും കുടുംബവും കഴിഞ്ഞിരുന്നത് ചെറിയ വരുമാനത്തിലാണ്. നികുതിയും ലോട്ടറി വിറ്റ ഏജന്റിന്റെ കമ്മിഷനും കഴിഞ്ഞു വത്സലയ്ക്ക് ആറരക്കോടിയോളം കിട്ടുമെന്നാണ് പ്രതീക്ഷ. ആദ്യം കടങ്ങൾ തീർക്കണം. ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തം നാടായ ചിറ്റിലപ്പള്ളിയിൽ സ്ഥലം വാങ്ങണം,  ഒരു വീട് വയ്ക്കണം. ഇളയ മകൻ വിപിന്റെ കല്യാണം നടത്തണം. പിന്നീട് പ്രാരാബ്ധങ്ങളെല്ലാം നിറവേറ്റി കഴിഞ്ഞ് നിസ്സഹായരായ കുറച്ചു പേരെ സഹായിക്കണം– ഇതൊക്കെയാണ് വത്സലയുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും.

വീട് നിറയെ ഇപ്പോൾ ആൾക്കാരാണ്. ഫോൺ നിലത്തു വയ്ക്കാൻ പറ്റുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ വരുന്നു, വിളിക്കുന്നു. ഇതുവരെ വിളിക്കാത്തവർ പലരും വിളിച്ച് അഭിനന്ദിച്ചുവെന്നും വത്സല അഭിമാനത്തോടെ പറയുന്നു. ജില്ലയിലെ പന്ത്രണ്ടോളം ബാങ്കുകളിൽ നിന്നുള്ളവരാണ് നിക്ഷേപ ആവശ്യവുമായി എത്തിയതെന്ന് മകൻ വിനീഷും പറയുന്നു. പക്ഷേ ലോട്ടറി അടിച്ചു എന്ന അഹങ്കാരം ഒന്നും ഒരിക്കലും ഇല്ലെന്നും എല്ലാത്തിനും ദൈവത്തിനോടാണ് നന്ദിയെന്നും ഈ വീട്ടമ്മ വ്യക്തമാക്കുന്നു.