വലിയ കണ്ണുകൾക്ക് പിന്നിലെ വേദനിപ്പിക്കുന്ന രഹസ്യം; ഹൃദയം കവർന്ന് രണ്ടുവയസുകാരി

അസാധാരണമായ സൗന്ദര്യത്തിനു ഉടമയാണ് രണ്ടുവയസുകാരി മെഹലാനി. മനോഹരമായ കണ്ണുകൾക്ക് ഉടമ. എന്തൊരു സുന്ദരിയാണ്. എന്തൊരു അഴകാണ് നിന്റെ കണ്ണുകൾക്കെന്ന് ആരും അറിയാതെ പറഞ്ഞുപോകും അത്രമാത്രം സുന്ദരികുഞ്ഞ്. ഈ അഭിപ്രായപ്രകടനം ഏതൊരു അമ്മയ്ക്കും അഭിമാനമാകേണ്ടതാണ്. എന്നാൽ മെഹലാനിയുടെ അമ്മ കെരീനയുടെ കണ്ണുകൾ നിറയും വാക്കുകൾ കിട്ടാതാകും ഒരു പക്ഷേ പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തും.

ഭംഗിയേറിയ ആ കണ്ണുകൾക്കു പിന്നിൽ നെഞ്ചു കലങ്ങുന്ന ഒരു രഹസ്യമുണ്ട്. ജനിക്കുമ്പോഴേ മെഹലാനിയുടെ കണ്ണുകൾ അസാധാരമാം വിധം വലുതും സൗന്ദര്യമുളളതുമായിരുന്നു. ആകൃതിയിലുളള വ്യത്യാസം അച്ഛൻ മിറോണും ബന്ധുക്കളും ശ്രദ്ധിച്ചിരുന്നുവെങ്കിലും കെരീനയോട് പറഞ്ഞിരുന്നില്ല. കൊച്ചു മെഹലാനിയുടെ സൗന്ദര്യം തുടിക്കുന്ന കണ്ണുകളിൽ കെരീന നോക്കികൊണ്ടിരുന്നു. അസാധാരണമായ യാതൊന്നും ആ അമ്മ ആ കണ്ണുകളിൽ കണ്ടതുമില്ല.

ഡോക്ടർമാർ തന്നെയാണ് കെരീനയോട് ആ ഞെട്ടിപ്പിക്കുന്ന സത്യം പറഞ്ഞതും.  'ആക്‌സന്‍ഫെല്‍ഡ്- ഗീഗര്‍' (Axenfeld-Gieger) എന്ന ജനിതക രോഗമാണ് മെഹലാനിയുടെ കണ്ണുകളുടെ സൗന്ദര്യത്തിനു പിന്നിൽ. കണ്ണുകളിലെ ഐറിസ് ഒന്നുകില്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ തീരെ ചെറുതായിരിക്കും, കൃഷ്ണമണിയാണെങ്കില്‍ വളരെ വലുതും, കൃത്യമായി ആകൃതിയില്ലാത്തതും ആയിരിക്കും. ക്രമേണ കാഴ്ച പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്ന ഭീകരമായ അസുഖം! 

ആ അസുഖത്തിന്റെ പേര് പോലും കെരീന ആദ്യമായി കേൾക്കുകയായിരുന്നു. പിറന്നു വീഴുന്ന രണ്ട് ലക്ഷം കുട്ടികളിൽ ഒരാൾക്കു മാത്രമേ ഇത്തരത്തിലുളള അപൂർവ്വ രോഗം കാണാറുളളുവെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തി. ഇരുപത്തൊന്ന് വയസുമാത്രമേ ഉളളു അമ്മ കെരീനയ്ക്ക്. ഓരോ തവണയും നിങ്ങളുടെ കുഞ്ഞ് സുന്ദരിയാണെന്ന് മറ്റുളളവർ പറയുമ്പോൾ ഈ രോഗത്തെ കുറിച്ച് പറയണമോയെന്ന് ആ അമ്മ കണ്ണീരോടെ ഓർക്കുമായിരുന്നു. എന്നാൽ അതിനെ കുറിച്ച് സംസാരിക്കാതിരിക്കാനായിരുന്നു കെരീനയുടെ തീരുമാനം. അവർ നിറചിരിയോടെ നന്ദി പറഞ്ഞു. സുന്ദരിയായ മെഹലാനി ജീവിതകാലം മുഴുവൻ സുന്ദരിയായിരിക്കുമെന്ന് ആ അമ്മ മനസിൽ പറഞ്ഞു.

പോരാടാൻ കെരീനയും ഭർത്താവും തീരുമാനിച്ചു. . അടിയന്തരമായ ശസ്ത്രക്രിയ ഉടന്‍ നടത്തി. അതിനാല്‍ കാഴ്ച നഷ്ടപ്പെടാതെ മെഹലാനിയെ രക്ഷപ്പെടുത്താനായി. എങ്കിലും കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. വെളിച്ചം നേരിടാനുള്ള കഴിവ് കുറവായതിനാല്‍ സണ്‍ഗ്ലാസ് വച്ചാണ് മെഹലാനി പുറത്തേക്കിറങ്ങുന്നത്. മിനോസോട്ടയിലെ വീടിന്റെ മുറ്റത്തേക്ക് പോലും ഈ ഗ്ലാസില്ലാതെ കുഞ്ഞ് മെഹലാനിക്ക് ഇറങ്ങാനാകുന്നുമില്ല.

എനിക്ക് ഉറപ്പുണ്ട് എന്റെ കുഞ്ഞ് സുന്ദരി ഇതിനെ അതിജീവിക്കുമെന്ന്. അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. ആരെങ്കിലും സുന്ദരിയാണെന്ന് പറഞ്ഞാൽ നിറചിരിയോടെ നന്ദി പറയണമെന്ന്. കെരീനയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് മെഹലാനിയെ ലോകം അറിയുന്നത്.  മെഹലാനിയുടെ സുന്ദരമായ ചിത്രങ്ങള്‍ വൈറലായതോടെയാണ് അവളുടെ രോഗത്തെപ്പറ്റിയും കെരീന വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി ഈ രോഗത്തെപ്പറ്റി കൂടുതല്‍ പറയാനും അറിയാനുമായി ഒരു കമ്മ്യൂണിറ്റി തന്നെ കെരീന ഇതിനോടകം തുടങ്ങി. അതിനിടെ മെഹലാനിക്കായി ഇപ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് പ്രാര്‍ത്ഥനയും സ്‌നേഹവും നേരുന്ന സന്ദേശങ്ങളുമായെത്തുന്നത്.