മുന്നൂറോളം കുടുംബങ്ങൾക്ക് സഹായം; ഒപ്പം ചേരാൻ അംബിക പിള്ള; നന്ദി പറഞ്ഞ് മലയാളികൾ

പ്രളയക്കെടുതി ഇപ്പോഴും അനുഭവിക്കുന്ന നോർത്ത് പറവൂരിലെ പുത്തൻവേലിക്കര ഭാഗത്തെ വീടുകൾക്ക് സഹായവുമായി ഹെയർ സ്റ്റൈലിസ്റ്റ് അംബിക പിള്ള. പ്രളയം തകർത്ത മുന്നൂറോളം വീടുകള്‍ക്ക് വേണ്ടതെല്ലാം വാങ്ങിനൽകിയാണ് അംബിക പിള്ളയുടെ സഹായം. 

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അംബിക വിവരം പങ്കുവെച്ചത്.

''നോർത്ത് പറവൂരിലെ തുരുത്തൂരിനടുത്തുള്ള പുത്തൻവേലിക്കരയിലെ മുന്നൂറ് കുടുംബങ്ങൾക്ക് വേണ്ടതെല്ലാം ഞങ്ങൾ വാങ്ങിയിട്ടുണ്ട്. ഇനിയിത് ബാഗുകളിലായി പാക്ക് ചെയ്യണം. സെപ്തംബർ 24ന് അമ്മക്കും ദേവികക്കുമൊപ്പം ഇവ വിതരണം ചെയ്യാനാണ് തീരുമാനം. ആർക്കെങ്കിലും ഒപ്പം ചേരാൻ ആഗ്രഹമുണ്ടെങ്കിൽ അറിയിക്കുക'', അംബിക കുറിച്ചു. 

സാധനങ്ങളുടെ വിഡിയോയും അംബിക പങ്കുവെച്ചിട്ടുണ്ട്. ‌നേരത്തെ പുത്തൻവേലിക്കര സന്ദർശിച്ച അംബിക പിള്ള ദുരിതം വിവരിച്ച് വിഡിയോ പങ്കുവെച്ചിരുന്നു. പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളിലും അംബിക സജീവമായി ഇടപെട്ടിരുന്നു. 

നേരത്തെ പ്രളയത്തിൽ തകര്‍ന്ന ചേന്നമംഗലം കൈത്തറി മേഖലയെ കൈപിടിച്ചുയർത്താനുള്ള ഉദ്യമത്തിലും അംബിക പങ്കാളിയായിരുന്നു. ചേക്കുട്ടി പാവനിർമാണത്തിൽ പങ്കാളിയായതിന്റെ വിഡിയോയും അവർ പങ്കുവെച്ചു.