ദൈവമെന്നാല്‍ മനുഷ്യര്‍ തന്നെ; ഗര്‍ഭിണിയായ ഭാര്യയെ രക്ഷിച്ചവര്‍ക്ക് നന്ദി: അപ്പാനി ശരത്

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട തന്റെ ഭാര്യ സുരക്ഷിതയാണെന്ന് നടൻ അപ്പാനി ശരത്. ചെങ്ങന്നൂർ വെൺമണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞ് യുവനടൻ അപ്പാനി ശരത് ഫെയ്സ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തിയ അപ്പാനിക്ക് ഇപ്പോൾ നാട്ടിലേക്കു വരാൻ കഴിയാത്ത സാഹചര്യമാണെന്നും ഭാര്യ ഒൻപതു മാസം ഗര്‍ഭിണിയാണെന്നും, താൻ അടുത്തില്ല എന്ന വേദനയും അദ്ദേഹം പങ്കു വച്ചിരുന്നു.

രേഷ്മ വിളിച്ചു സംസാരിച്ചിരുന്നു. അവർ ഇപ്പോൾ നൂറനാട് എന്ന സ്ഥലത്താണുള്ളത്. അവിടെ സുരക്ഷിതമാണെന്നാണ് പറയുന്നത്. അവൾക്കിപ്പോൾ ചെറിയ ഇൻഫെക്ഷനുണ്ട്. അല്ലാതെ മറ്റു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. അത് ഇടയ്ക്ക് വരാറുള്ളതാണ്. ഞാൻ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാൽ അത് മനുഷ്യർ തന്നെയാണ്. ഞാൻ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്.

എന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു ഞങ്ങളുടെ കുഞ്ഞ്. അതിനെ തിരിച്ചു തന്നത് ഈ ജനങ്ങളാണ്. അതുകൊണ്ടു തന്നെ എന്നാലാവുന്നത് ഒരാൾക്കെങ്കിലും  ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണം. ഇതൊന്നും പറഞ്ഞു ചെയ്യേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ പറയുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റാകും അത്. 

ഇത് ദൈവം മനുഷ്യരെ പഠിപ്പിച്ച വലിയ പാഠമാണ്. അവനവന് വരുമ്പോഴെ ദുരന്തങ്ങളുടെ ആഴം മനസിലാകൂ. എന്തിനാണ് ഇനിയും മതത്തിന്റെയും ജാതിയുടെയും പേരിലെല്ലാം തല്ലുകൂടുന്നത്. അമ്പലത്തിൽ തന്നെ പോകുന്നത് എന്തിനാണ്. നമ്മൾ മനുഷ്യർ തന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പൂജിക്കണം. ഓരോ മനുഷ്യനിലും ദൈവമുണ്ട്.ശരത് ഒരു മാധ്യമത്തോടു വ്യക്തമാക്കി.

 

ശരത് ഇന്നലെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞവാക്കുകൾ: 

''ചെന്നൈയിൽ ഷൂട്ടിലാണ്, നാട്ടിലേക്ക് എത്താൻ പറ്റാത്ത അവസ്ഥ. ഭാര്യയുടെ വീട് മാന്നാർ ആണ്. അവിടെ വെള്ളം കയറി, അവരെ വേറെ സ്ഥലത്തേക്ക് മാറ്റി. വെൺമണി എന്ന സ്ഥലത്തേക്കാണ് മാറ്റിയത്. ഇപ്പോ വെൺമണിയിലും വെള്ളം കയറി എന്നാണറിയുന്നത്. ആരെങ്കിലും അവിടെയുണ്ടെങ്കിൽ സഹായിക്കണം. രേഷ്മ എന്നാണ് ഭാര്യയുടെ പേര്. അവൾ സുരക്ഷിതയാണെന്ന് അറിഞ്ഞാൽ മതി. 9 മാസം ഗർഭിണിയാണ്, ഞാൻ അടുത്തില്ല.  അവിടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അറിയിക്കണം. എന്താ ചെയ്യണ്ടതെന്ന് അറിയില്ല, ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല. രാവിലെ എഴുന്നേറ്റപ്പോ വെൺമണി മുളുവൻ വെള്ളം കയറി എന്ന വാർത്ത കണ്ടു. 

ഈ ഭാഗത്തുള്ള ആരെങ്കിലും എന്തെങ്കിലും അറിയുകയാണെങ്കിൽ എന്നെ വിവരമറിയിക്കണം. എൻറെ നമ്പർ 9072743107 ആണ്. വീട്ടിൽ മൂന്നുനാലു പേരുണ്ട്. ബാക്കി എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കാം, എല്ലാവരും സൂക്ഷിക്കുക. ഇപ്പോൾ ഒരു പ്രവാസിയെപ്പോലെയാണ്. ഇവിടിരുന്ന് ഒന്നും ചെയ്യാൻ പറ്റുന്നില്ല''.