പ്രളയം; മൊബൈൽ കറന്റ് ഇല്ലാതെ ഇങ്ങനെ ചാർജ് ചെയ്യാം; വിഡിയോ

മഴക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളില്‍ പരസ്പരം ബന്ധപ്പെടാന്‍ നിലവില്‍ മൊബൈല്‍ ഫോണ്‍ മാത്രമാണ് ആശ്രയം. എന്നാല്‍ പല സ്ഥലങ്ങളും വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. അടിയന്തരഘട്ടത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

1. നിങ്ങളുടെ കൈവശമുള്ള USB കേബിളിന്റെ, ചാർജറിൽ കുത്തുന്ന പിന്നിനു മുൻപുള്ള ഭാഗത്തെ ആവരണം മൂർച്ചയുള്ള കത്തി, ബ്ലേഡ്, കത്രിക തുടങ്ങിയവ ഉപയോഗിച്ച് കീറുക. ഇവ ലഭ്യമല്ലെങ്കിൽ പല്ലുകൊണ്ട് കടിച്ചും കീറാം.

2. അതിനുള്ളിൽ നാല് ചെറിയ വയറുകൾ ഉണ്ടാകും.

3. അതിൽ ചുവപ്പും കറുപ്പും വയറുകളുടെ അഗ്രഭാഗത്തെ പ്ലാസ്റ്റിക് ആവരണം കളയുക.

4. ടിവി റിമോട്ടിലെ രണ്ടു ബാറ്ററിയും വാൾക്ലോക്കിലെ ഒരു ബാറ്ററിയും എടുക്കുക.

5. ഒരു ബാറ്ററിയുടെ മുകൾഭാഗം അടുത്ത ബാറ്ററിയുടെ ചുവട്ടിൽ തൊട്ടിരിക്കുന്ന വിധത്തിൽ മൂന്നു ബാറ്ററിയും ഒന്നിനു പുറകെ ഒന്ന് എന്ന മട്ടിൽ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക. ഇപ്പോൾ അതൊരു വടിപോലെ ഉണ്ടാകും.

6. കടലാസുകുഴലിന്റെ ഒരുഭാഗത്ത്, ബാറ്ററിയുടെ മുകൾഭാഗം വരുന്നിടത്ത് കേബിളിലെ ചുവന്ന വയറിന്റെ ഇൻസുലേഷൻ നീക്കം ചെയ്ത അഗ്രം ചേർത്തുവയ്ക്കുക. കുഴലിന്റെ മറുഭാഗത്ത്, അതായത് താഴെയുള്ള ബാറ്ററിയുടെ ചുവടുഭാഗം വരുന്നിടത്ത് കറുത്ത വയറിന്റെ ഇൻസുലേഷൻ നീക്കം ചെയ്ത അഗ്രം ചേർത്തുവയ്ക്കുക. കേബിൾ ഫോണിൽ കണക്ട് ചെയ്യുക.

7. ഇപ്പോൾ ഫോൺ ചാർജ് ആയിത്തുടങ്ങുന്നതു കാണാം.

8. ഈ നിലയിൽ ഒരു പത്തു മിനിറ്റ് വച്ചാൽ ഫോൺ 20 ശതമാനത്തോളം ചാർജ് ആകും.

9. നാലു ദിവസം വരെ ഇങ്ങനെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം.