ടാക്സി ഓടിക്കുന്നതിനിടയിൽ പഠനം, അച്ഛനും മകനും ഒന്നിച്ച് ബിരുദം

ടാക്സി ‍ൈഡ്രവറാണ് മുഹമ്മദ് ഫറൂഖ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം 10–ാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നെങ്കിലും ഒരു കുട്ടിയുടെ കൗതുകത്തോടെ പുതിയ കാര്യങ്ങൾ പഠിക്കാൻ മുഹമ്മദിന് എന്നും താത്പര്യമുണ്ടായിരുന്നു. ഇപ്പോൾ മകൻ ഹാസിം ഫറൂഖിനൊപ്പം മുംബൈ സർവകലാശാലയിൽ നിന്നും മുഹമ്മദും കരസ്ഥമാക്കി ഒരു ബിരുദം. മുഹമ്മദ് 46% മാർക്ക് നേടിയപ്പോൾ മകൻ നേടിയത് 56% മാർക്ക്. 

അഛൻറെ സംശയങ്ങളെല്ലാം സന്തോഷത്തോടെ ദുരീകരിക്കാറുണ്ടായിരുന്നുവെന്ന് ഹാസിം പറയുന്നു. സഹപാഠികൾ മുഹമ്മദിനെ അങ്കിൾ എന്നാണ് വിളിച്ചിരുന്നത്. ഒട്ടും വിമുഖതയില്ലാതെ അവർക്കൊപ്പം അവരിലൊരാളായി മുഹമ്മദ് കൂടി. ടാക്സി ഓടിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നതിനിടയിലെല്ലാം പഠിച്ചു. 

അധ്യാപകർ തൻറെ മകന്‍റെ പ്രായമുള്ളവരായിരുന്നുവെന്ന് മുഹമ്മദ് പറയുന്നു. എന്നാൽ അവരിൽ നിന്നും പഠിക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പഠിക്കുന്നതിലും ഡിഗ്രികൾ നേടുന്നതിലും പ്രായം തടസ്സമല്ലെന്നും ബിരുദം കിട്ടിയതോടെ സമൂഹത്തിൽ അൽപം കൂടി സ്ഥാനം ലഭിച്ചതായി തോന്നുന്നുണ്ടെന്നും മുഹമ്മദ്. 

ഓരോ ഘട്ടത്തിലും എല്ലാ പ്രോത്സാഹനങ്ങളും നൽകി ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഭർത്താവും മകനും ഒന്നിച്ചിരുന്ന പഠിക്കുന്നതു കണ്ടിരുന്നപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നുവെന്ന് ഇവര്‍ പറയുന്നു.