ഹെൽമറ്റില്ലേ? പിന്നാലെ ഓടിയെത്തി 'കാലൻ'; അമ്പരന്ന് യാത്രക്കാർ

ബംഗളുരു നിരത്തുകളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി 'കാലൻ' ഇറങ്ങിയിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും ഹെൽമറ്റില്ലാത്തവരെയുമൊക്കെ കാലൻ പിന്നാലെയെത്തി ഉപദേശിക്കും. ‌ഗതാഗതനിയമങ്ങൾ പാലിക്കണമെന്നും അമിതവേഗത്തിൽ വാഹനമോടിക്കരുതെന്നും പറയും. 

ഈ കാലന്റെ പേര് വിരീഷ്. നാടക കലാകാരനാണ്.  വിരീഷിനെ ഇങ്ങനെ  വേഷം കെട്ടിച്ച് റോഡിലേക്കിറക്കി വിട്ടിരിക്കുന്നത് ട്രാഫിക് പൊലീസാണ്.

റോഡ് സുരക്ഷാമാസാചരണത്തിന്റെ ഭാഗമായാണ് ഈ കാലൻ ഷോ. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണപരിപാടികള്‍ നടത്തിവരുന്നുണ്ട്. തെരുവുനാടകങ്ങളും നടത്തുന്നുണ്ട്. അതിനിടെയാണ് കാലനെ റോഡിലിറക്കിയാലോ എന്ന ആലോചന നടക്കുന്നത്. ആളുകളെ നേരിട്ട് ബോധവത്ക്കരിക്കുക വഴി റോഡപകടങ്ങൾ കുറക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. 

ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ കാലൻ നിങ്ങളുടെ വീട്ടിലെത്തും എന്ന സന്ദേശമാണ് ഇതിലൂടെ ട്രാഫിക് പൊലീസ് നൽകാനുദ്ദേശിക്കുന്നത്. ഉപദേശത്തിന് നിന്നുതരാത്തവരെ ഗദ വീശി കാലൻ പേടിപ്പിക്കും. 

ഈ വർഷം ജൂൺ വരെ 2,336 അപകടങ്ങളാണ് ബംഗളുരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.