മേരിക്കുട്ടിയുടെ അല്ല; അഞ്ജലിയുടെ കഥ; മമ്മൂട്ടിയുടെ നായികയിലേക്കുള്ള കഠിനദൂരം

അഞ്ജലി അമീര്‍ വി.എസ്.രഞ്ജിത്തുമൊത്ത്

‘ഞാൻ മേരിക്കുട്ടി’ കണ്ടു, ജയസൂര്യ തന്നിലെ അഭിനേതാവിന്‍റെ ആഴം ഒരിക്കൽ കൂടി തെളിയിച്ചു. മനുഷ്യനെ മനുഷ്യനായി കാണാൻ കേരളം പഠിച്ചിരിക്കേണ്ട ഒരു പാഠമാണ് മേരിക്കുട്ടി. മനുഷ്യനെ അളന്നെടുക്കാൻ ഏത് അളവ് പാത്രം മതിയാകുമെന്ന് ഇനിയും മനസ്സിലായിട്ടില്ലാത്ത മലയാളിക്ക് നല്ലൊരു മാപിനിയാകും ഈ ചിത്രം. കേരളത്തിൽ ഇനിയും ഒരു ട്രാൻസ്ജെൻഡർ എസ്.ഐ ഉണ്ടായിട്ടില്ല. ഉണ്ടാകുമായിരിക്കും. മലയാളത്തിൽ പക്ഷെ ഒരു ട്രാൻസ് സെക്ഷ്വൽ നായിക ഉണ്ടായി. അഞ്ജലി അമീർ. ഒരു സിനിമാ ത്രെഡ് ഉള്ള ഗംഭീര കഥയാണ് അഞ്ജലിയുടേതും. പരിഹാസങ്ങളും അപവാദങ്ങളും മറികടന്ന് മമ്മൂട്ടിയുടെ നായികയായി വളർന്ന അഞ്ജലിയുടെ കഥ ലോകം അറിയണം. ഉറച്ച തീരുമാനങ്ങളും കനൽ പോലെരിയുന്ന സ്വപ്നങ്ങളുമായി അഞ്ജലി നടന്ന വഴികളിൽ നിമിത്തമായതിൽ ഞാൻ അഭിമാനിക്കുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച് ആരോപണങ്ങളും ആശങ്കകളും തുറന്ന് കാട്ടുന്ന ഒരു അന്വേഷണ പരമ്പരയുടെ പണിപ്പുരയിൽ അത്ഭുതമെന്നോണമാണ് അഞ്ജലിയെ കണ്ടുമുട്ടുന്നത്. ലിംഗമാറ്റത്തിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്നവർ, സാമ്പത്തിക ബാധ്യത മൂലം ശസ്ത്രക്രിയ എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നവർ, ശസ്ത്രക്രിയ പൂർണ്ണമാക്കാനാകാതെ പാതി വഴിയിൽ തിരിച്ചു നടന്നവർ... ഇങ്ങനെ ഒത്തിരിപ്പേരെ നേരിൽ കാണാനും സംസാരിക്കാനും അവസരം കിട്ടി. ബെംഗ്ളൂരുവിലായിരുന്നു ലിംഗമാറ്റത്തിനായി നാടും വീടും ഉപേക്ഷിച്ചെത്തിയവരുടെ അഭയ കേന്ദ്രം. അവിടെ വെച്ച് റിപ്പോർട്ട് പൂർത്തിയാക്കി വരുമ്പോഴാണ് കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ കിട്ടുന്നത്. നാട്ടിലെത്തിയിട്ടും അന്വേഷണം തുടർന്നു. സൂര്യ, ശീതൾ തുടങ്ങി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളെയും പരിചയപ്പെട്ടു.

അങ്ങനെയിരിക്കെ കോഴിക്കോട്ടെ ഒരു ഫാഷൻ ഷോ റിപ്പോർട്ടിങ്ങിനിടയിൽ വെച്ചാണ്  അഞ്ജലിയെ കാണുന്നത്. കാഴ്ചയിൽ സിനിമാ നടി മിയ ആണെന്നേ തോന്നൂ. സുന്ദരിയായ അവരെ ഒരു കൊറിയോഗ്രാഫറായിട്ടാണ് അന്ന് പരിചയപ്പെട്ടത്. സംസാരത്തിനിടെ അവർ വളരെ കൂള്‍ ആയി പറഞ്ഞു: you know I am a transexual..! ലിംഗമാറ്റത്തെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുമ്പോൾ ശസ്ത്രക്രിയ പൂർത്തിയാക്കി പെണ്ണുടൽ സ്വീകരിച്ച അഞ്ജലിയെ കണ്ടപ്പോൾ വലിയ ബഹുമാനം തോന്നി. പിന്നെ അങ്ങോട്ട് എന്റെ ചോദ്യവർഷത്തിൽ തളർന്ന അഞ്ജലി നേരിൽ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് മുങ്ങി. പോകും മുന്‍പ് മൊബൈൽ നമ്പർ വാങ്ങി. വൈകിട്ട് വീണ്ടും വിളിച്ചു. മെട്രൊ ഹോട്ടലിലാണ് താമസം, ഫ്രീ ആണെങ്കിൽ ഓഫീസിൽ വരാമെന്നായി. ഓഫീസിലിരുന്ന് അഞ്ജലി പറഞ്ഞ കാര്യങ്ങൾ ഒരു പുസ്തകമെഴുതാൻ മാത്രമുണ്ട്. SRS അതായത് Sex Reassinmement Surgery ചെയ്യാൻ തീരുമാനമെടുത്തതും ശസ്ത്രക്രിയക്ക് പിന്നിലെ വേദനയും സഹനവും എല്ലാം അറിഞ്ഞിട്ടും ആ തീരുമാനത്തിൽ ഉറച്ച് നിന്നതും... അങ്ങിനെ ഒരു പാട് കാര്യങ്ങൾ. 

ശസ്ത്രക്രിയക്ക് ശേഷം അനുഭവിക്കേണ്ടി വന്ന ശരീര വേദന, ശസ്ത്രക്രിയക്ക് മുന്‍പ് സമൂഹം അടിച്ചേൽപ്പിച്ച മാനസിക വ്യഥയുടെ അത്ര വരില്ലായിരുന്നു. പക്ഷെ ആ കഥയിൽ എനിക്ക് ഇടപെടണമെന്ന് തോന്നിയ ത്രെഡ് വേറെ ആയിരുന്നു. തപസ്സിന്റെ ശക്തിയുള്ള സഹനത്തിലൂടെ പെണ്ണായി മാറിയിട്ടും അവളെ അംഗീകരിയ്ക്കാൻ മനസ്സിലാത്ത സമൂഹത്തോട് ചിലത് പറയാനാണ് തോന്നിയത്. അഞ്ജലിയുടെ കഴിവും സൗന്ദര്യവും കണ്ട് ഫാഷൻ ഫീൽഡിൽ അക്വമഡേറ്റ് ചെയ്യുന്നവർ പോലും ട്രാൻസ് ആണെന്നറിയുമ്പോൾ ഒഴിവാക്കിയിരുന്നു. ആ സത്യം നേരത്തെ തയ്യാറാക്കി കൊണ്ടിരുന്ന അന്വേഷണ പരമ്പരയുടെ ഭാഗമായി തന്നെ അവതരിപ്പിയ്ക്കാൻ തീരുമാനിച്ചു. ആ റിപ്പോർട്ട് പുറത്തു വന്നു. സന്തോഷവും സങ്കടവും അഭിമാനവും നിറഞ്ഞ നാളുകൾ. സങ്കടം ആദ്യം പറയാം. കേരളത്തിലെ ടി.ജി സൊസൈറ്റിയിൽപ്പെട്ട നിരവധി പേർ എന്നെ വിളിച്ച് തെറിയോട് തെറി. ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ച് ഞാൻ അനാവശ്യ ഭീതി ഉണ്ടാക്കുന്നു എന്നതായിരുന്നു അവരുടെ പരാതി. എന്നെ വിളിക്കുന്നതിന് പുറമെ ഓഫീസിലും വിളിച്ച് പരാതി. 

വാരാന്ത പരിപാടിയായ ‘നിയന്ത്രണ രേഖ’ ഈ വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ അതിഥികളായെത്തിയവരും ബഹളം. അഞ്ജലി മാത്രമാണ് അന്ന് ഈ വിഷയത്തിൽ എന്നെ പിന്തുണച്ചത് പക്ഷെ പിന്നീട് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ പരാജയപ്പെട്ട ശസ്ത്രക്രിയകളുടെ വാർത്തകൾ എത്രയോ പുറത്ത് വന്നു. ഞാൻ പറഞ്ഞ് വെച്ചത് ശരിയായിരുന്നുവെന്ന് കാലം സാക്ഷ്യപ്പെടുത്തി. 

ഇനി ഇതിൽ എന്റെ സന്തോഷം പറയാം, അഞ്ജലിയെ കുറിച്ചുള്ള എന്റെ റിപ്പോർട്ട് കണ്ടിട്ടാണ് മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പി’ല്‍ അഞ്ജലി നായിക ആകുന്നത്. അഞ്ജലി അങ്ങനെ അഞ്ജലി അമീർ ആയി. ആ പേരിന് പിന്നിലും ഒരു കഥയുണ്ട്. സ്റ്റോറി സ്ക്രിപ്റ്റ് അടിക്കുമ്പോഴാണ് ഒരു സംശയം ഉണ്ടായത് എന്താണ് ഇവരുടെ മുഴുവന്‍ പേര്..? ഫോണെടുത്ത് വിളിച്ചു. ഹലോ മാഡം, എന്താ മുഴുവൻ പേര്..? അങ്ങനെ ഒന്നും ഇല്ല രഞ്ജിത്തേട്ടാ, അഞ്ജലി കെ.,  മതിയോ..? ഞാൻ പറഞ്ഞു: പോര..? പിന്നെ എന്തുപേരിടും..? ഞാൻ ചോദിച്ചു: ഉപ്പയുടെ പേരെന്താ ? അമീര്‍. ഓകെ, എങ്കിൽ അഞ്ജലി അമീർ. അതെ, അവൾ ഇന്നൊരു വലിയ നടിയാണ്. ഇവളാണ് കേരളത്തിന്റെ മേരിക്കുട്ടി. കഠിനവഴികളിലൂടെ നടന്ന് ഉയരങ്ങളിലേക്ക് നടക്കുന്നവള്‍. പലര്‍ക്കും മാതൃതയായി മുന്നില്‍ തന്നെ നടക്കുന്ന പെണ്‍കുട്ടി.