കള്ള കഫീല്‍; മുഖ്യമന്ത്രി കോമഡി’: കഫീല്‍ ഖാനെയും മുഖ്യമന്ത്രിയെയും അപഹസിച്ച് യുവ ഡോക്ടർ

നിപ്പ വാർത്തകളിൽ ആശങ്കയും ഭീതിയും കുത്തി നിറയ്ക്കുകയാണ് സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം. വ്യാജ വാർത്തകളും വ്യാജപ്രചാരണങ്ങളുമായി വലിയൊരു വിഭാഗം രംഗത്തുണ്ട്. നിപ്പ ദുരിതബാധിതരെ സഹായിക്കാന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ സഹായിക്കണമെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച വാർത്തയാണ്. 

എന്നാൽ ഡോക്ടർ കഫീൽ ഖാനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ പരിഹാസവുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ തന്നെ യുവ ഡോക്ടര്‍ അമ്പിളി കടന്നയിൽ രംഗത്തെത്തിയത് വിവാദമുയര്‍ത്തി.

കഫീല്‍ ഖാനെയും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും അപഹസിച്ചായിരുന്നു ഡോക്ടറുടെ പോസ്റ്റ്. അതിങ്ങനെ: ‘കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം.’ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ സേവനം ചെയ്യുന്ന ഡോക്ടറാണ് ഇവര്‍. പോസ്റ്റിന് പിന്നാലെ വിമര്‍ശനവും ശക്തമായി. ‘കഫീല്‍ ഖാന്റെ വരവിനെ പുച്ഛിക്കുന്ന താങ്കള്‍ക്ക് ഞങ്ങളെ സഹായിക്കാന്‍ പറ്റുമോ? കുശുമ്പും കുന്നായ്മയും താങ്കളെപ്പോലുള്ള ഡോക്ടര്‍മാര്‍ക്ക് പാടില്ല. സഹായിക്കാന്‍ പറ്റിയില്ലെങ്കിലും ബുദ്ധിമുട്ടിക്കരുത്’ എന്നതടക്കം നിരവധി കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ കമന്റിനായിരുന്നു അടച്ചാപേക്ഷിച്ചുള്ള അടുത്ത മറുപടി. അതിങ്ങനെ: നിങ്ങളുടെ തരംതാണ രാഷ്ട്രീയം എനിക്ക് മനസിലാകും പക്ഷെ നിങ്ങള്‍ ഒരുകാര്യം മനസിലാക്കുക. അയാള്‍ കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്നു പണിയെടുക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്തു നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാം. മനുഷ്യന്‍ മരിച്ചു വീഴുമ്പോഴും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല..’ 

പിന്നാലെ മറ്റൊരു കമന്റിലും കഫീൽ ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് മറുപടി നൽകി. തന്റെ ജോലി മര്യാദയ്ക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്‍പനം എടുത്തു പറഞ്ഞ് പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ്’ എന്നായിരുന്നു അമ്പിളിയുടെ പരാമര്‍ശം.

കഠ്‌വ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വിവാദ കമന്റിട്ട് സമൂഹമാധ്യമങ്ങളിൽ കുപ്രസിദ്ധി നേടിയ ആളാണ് ഈ ഡോക്ടറെന്നും സമൂഹമാധ്യമങ്ങള്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു. ഗോരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി സംഭവിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ കേസ് ചുമത്തി ജയിലില്‍ അടച്ചിരുന്നു.

നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്റെ സന്ദേശത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷണം. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു