നിപ്പ: പച്ചവെള്ളം കുടിക്കരുത്; എതു ജില്ലയിലും പറന്നെത്താം; വിഡിയോ

നിപ്പ വൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി ഡോക്ടർ ഷിനു ശ്യാമളൻ. നിപ്പവൈറസ് ഇല്ലെന്ന് പറഞ്ഞ് പരത്തുന്ന വ്യാജ സന്ദേശങ്ങളെ വിശ്വസിക്കരുതെന്നും നിപാവൈറസ് സ്ഥിരീകരിച്ചിട്ടുള്ളതാണെന്നും ഡോക്ടർ പൊതുജനങ്ങൾക്കായുള്ള ഫേസ്ബുക്ക് ലൈവിൽ പറയുന്നു. മലേഷ്യയിൽ നിപ്പ എന്നസ്ഥലത്ത് ആണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് നിപ്പ വൈറസ് എന്നറിയപ്പെടുന്നത്. കേരളത്തിൽ ഇപ്പോൾ രോഗബാധിതരായി മരിച്ചവരുടെ സ്രവത്തിൽ നിന്ന് ഇൗ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.

ഇതിന് പ്രത്യേക മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. അതിനാൽ രോഗം വരാതെ സൂക്ഷിക്കുക. പനി, ചുമ ,ജലദോഷം,മയക്കം എന്നിവയാണ് ലക്ഷണങ്ങൾ. മസ്തിഷ്ക്ക ജ്വരം വരെ വരാം, കോമ വരാം. അത് മരണത്തിലേക്കും നയിക്കാം.  ഇതിന്റെ പ്രശ്നം മറ്റ് വൈറസ് പനികളുമായി അപേക്ഷിച്ച് മരണ നിരക്ക് കൂടുതലാണ്. 70 ശതമാനം വരെ മരണ നിരക്ക് കൂടുതലാണ്. പ്രതിരോധ കുത്തിവയ്പ്പോ മരുന്നോ ഇല്ല.

ഒരിക്കലും പച്ചവെള്ളം കുടിക്കരുത്. എപ്പോഴാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പക്ഷി മൃഗാദികൾ ഭക്ഷിച്ചെന്നു സംശയമുള്ള പഴങ്ങൾ കഴിക്കരുത്. വവ്വാലിൽ നിന്ന് മൃഗങ്ങളിലേക്കും തിരിച്ചും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. 

വീട്ടിലെ പശുവിനോ, മുയലിനോ പന്നിക്കോ ഒക്കെ രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടനെ വെറ്ററിനറി ഡോക്ടറെ കാണിക്കുക. തുറന്ന കുടങ്ങളിൽ ശേഖരിച്ചിരിക്കുന്ന കള്ള് കുടിക്കരുത്. അപ്പത്തിനോ മറ്റ് പാചകാവശ്യത്തിനോ ഉപയോഗിക്കരുത്. ഇൗ വൈറസ് ഒരു ജില്ലയിൽ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കരുത്. വവ്വാൽ വഴിയാണെങ്കിൽ അവ മറ്റു ജില്ലകളിലേക്കും പറന്നു പോകാം. 

ആശുപത്രികളിൽ ജോലിചെയ്യുന്നവർ ഗ്ലൗസും വൃത്തിയുള്ള ഗൗണും ഉപയോഗിക്കണമെന്നും ഡോക്ടർ പറയുന്നു.