മാപ്പ്; ഇലീസിനോടും ആൻഡ്രൂസിനോടും; ലീഗയെത്തേടിയ ഒരു യാത്രയുടെ ഒാർമ

ആൻഡ്രൂസിനും ഇലീസിനോടുമൊപ്പം എംബി ശരത്ചന്ദ്രൻ

വെള്ളിയാഴ്ച വൈകുന്നേരം ഒരു ചായയും കുടിച്ച് ഓഫീസിൽ ഇരിക്കുന്നതിനിടെ നമസ്ക്കാരം പറഞ്ഞുകൊണ്ടു രണ്ടു വിദേശികൾ മുറിയിലേയ്ക്ക് കടന്നുവന്നു. മലയാള മനോരമയിലെ ചന്ദ്രമോഹനേട്ടൻ ആ നമസ്ക്കാരം സ്വീകരിച്ച് അവരെ ഇരുത്തി. ഒരു സ്ത്രീയും പുരുഷനും. പുരുഷന്‍ ഒരു പെൺകുട്ടിയുടെ ചിത്രം പതിച്ച ചുവന്ന പോസ്റ്റർ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു. ഫോട്ടോഗ്രാഫർ രാഹുൽ.അർ.പട്ടം അവർക്കടുത്തെത്തി വിവരങ്ങൾ തിരക്കി. കോവളത്തു നിന്ന് കാണാതായ വിദേശ വനിത ലിഗയുടെ ഭർത്താവ് ആൻഡ്രൂവും സഹോദരി ഇലീസുമാണ് വന്നിരിക്കുന്നതെന്ന് അപ്പോഴാണ് മനസിലായത്. പതിഞ്ഞ ശബ്ദത്തിൽ ഇലീസ് കാര്യങ്ങൾ വിശദീകരിച്ചു. ഒന്നും മിണ്ടാതെ അടുത്തിരുന്ന ആൻഡ്രൂ വളരെ അസ്വസ്ഥനായിരുന്നു. അയാൾ ബാഗിൽ നിന്ന് ഒരു നോട്ടുബുക്കെടുത്ത് മേശമേൽ വച്ചു. അതിന്റെ ഓരോ താളിലും ലിഗയുടെ തിരോധാനത്തെക്കുറിച്ച് മലയാള മനോരമ പ്രസിദ്ധികരിച്ച വിശദമായ വാർത്തകൾ വെട്ടി ഒട്ടിച്ചിരുന്നു. അതിനു താഴെ എന്താണ് ആ വാർത്തകളുടെ സാരംശമെന്ന് റഷ്യൻ ഭാഷയിലും, ഇംഗ്ലീഷിലും കുറിച്ചിട്ടുണ്ട്. ഞാൻ ആൻഡ്രൂവിനടുത്തെത്തി നാട്ടിലെ വിശേഷങ്ങൾ തിരക്കി. അദ്ദേഹത്തിന്റെ കൃഷിയെക്കുറിച്ചും, നാട്ടിലെ കൃഷിയിടത്തെക്കുറിച്ചുമെല്ലാം ആൻഡ്രൂ വാചലനായി. ലിഗയെക്കുറിച്ച് ഒന്നും ചോദിച്ചില്ല. മനപൂർവ്വമാണ് ചോദിക്കാതിരുന്നത് കാരണം ലിഗയെ കാണതയതോടെ ആൻഡ്രൂവിന്റെ മനോനില തെറ്റിയതായി പത്രത്തിൽ വായിച്ചിരുന്നു. ആ ഓർമ്മകളിലേയ്ക്ക് അയാളെ തള്ളിവിടേണ്ടെന്ന് ഞാനുറപ്പിച്ചു.

ചിത്രം രാഹുൽ ആർ പട്ടം

ഇതിനിടെ ഇലീസ് തിരുവനന്തപുരത്തുള്ള മനോരമ ന്യൂസിലെ സഹപ്രവർത്തക ശ്രീദേവി പിള്ളയുമായുള്ള പരിചയം സൂചിപ്പിച്ചു. അവർ ചെയ്തു കൊടുത്ത സഹായങ്ങളെക്കുറിച്ചും ഏറെ സംസാരിച്ചു. ഞാൻ പുറത്തിറങ്ങി ശ്രീദേവി പിള്ളയെ  വിളിച്ചു. പാവം കുട്ടിയാണ് ശരത്തേ നമുക്കു കഴിയും പോലെ സഹായിക്കണം എന്നായിരുന്നു ശ്രീദേവി ചേച്ചി പറഞ്ഞത്. മഞ്ചേശ്വരം മുതൽ കോവളം വരെ കേരളത്തിന്റെ മുക്കിലും മൂലയിലും കാണാതായ ലിഗയെ തിരയാനായി ഇറങ്ങിയതാണ് ഇരുവരും. ലിഗയുടെ ചിത്രമുള്ള പോസ്റ്ററുകൾ നാലാളുകൂടുന്നിടത്തെല്ലാം പതിക്കണം എന്നു പറഞ്ഞു. ഇതൊരു വാർത്തയായി മനോരമ ന്യൂസിൽ കൊടുക്കട്ടേയെന്ന് ഞാൻ അവരോട് ചോദിച്ചു. ഇലീസ് ഏറെ സന്തോഷത്തോടെ സമ്മതം പറഞ്ഞു. ക്യാമറമാൻ സ്ഥലത്തില്ലാത്തതുകൊണ്ട് മനോരമ ന്യൂസിന്റെ പ്രാദേശിക ലേഖകനായ രഞ്ജുവിനെ വിളിച്ചു വരുത്തി. 

ചിത്രം രാഹുൽ ആർ പട്ടം

ര‍ഞ്ജു വരുന്നതുവരെ അവർ ഓഫീസിൽ കാത്തിരുന്നു. ഞാനും, രഞ്ജുവും കൂടി ആൻഡ്രൂവിനെയും, ഇലീസിനേയും കൊണ്ടു പുറത്തിറങ്ങി ഒപ്പം മനോരമയിലെ മണികഠനും,രാഹുലും. പോസ്റ്റർ പതിപ്പിക്കാനായി പുതിയ സ്റ്റാൻഡിലേയക്ക് നടന്നു. ആളുകൾ കൗതുകത്തോടെ നോക്കുന്നു. പോസ്റ്റർ പതിപ്പിക്കുന്നതിനിടെ അടുത്തെത്തിയവരോട് ഇലീസ് കാര്യങ്ങൾ വിശദീകരിച്ചു. കാണുന്ന എല്ലാച്ചുവരിലും പോസ്റ്റർ പതിക്കാൻ ഇരുവരും വ്യഗ്രതകാട്ടിയപ്പോൾ കേരളത്തിൽ മുഴുവൻ പതിക്കാനുള്ള പോസ്റ്റർ കൈവശമുണ്ടോയെന്നായി രാഹുലിന്റെ ആശങ്ക. ഇലീസ് ബാഗു തുറന്നു ഞങ്ങളെ കാണിച്ചു. നിറയെ പോസ്റ്ററുകൾ. പുതിയ സ്റ്റാൻഡിൽ നിന്നു ഞങ്ങൾ മടങ്ങി.

ആൻഡ്രൂ അപ്പോഴും ഒരു പോസ്റ്റർ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു. വാഹനങ്ങളിൽ പോകുന്നവരോക്കെ കൗതുകത്തോടെ ആൻഡ്രൂവിനെ നോക്കി. നഗരത്തിൽ നിന്ന് ഇനി ബേക്കലിലേയ്ക്കാണ് യാത്രയെന്ന് ഇലീസ് പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞ് എന്റെ വിസിറ്റിങ് കാർഡ് നൽകി. നന്ദിയോടെ ഇലീസ് എന്റെ കൈകൾ ചേർത്തു പിടിച്ചു. മലയാളികളെക്കുറിച്ചും, കേരളത്തെക്കുറിച്ചും നല്ലതുമാത്രമാണ് ഞങ്ങൾ കേട്ടിട്ടുള്ളത് അതുകൊണ്ട് എന്റെ സഹോദരി ജീവനോടെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞു. ലിഗ തിരിച്ചുവരുമെന്ന് ഞാനും പറഞ്ഞു. മടങ്ങാൻ നേരം ആൻഡ്രൂവിന് നേരെ ഹസ്തദാനത്തിനായി ഞാൻ കൈനീട്ടി ആ കൈപിടിച്ച് നെഞ്ചോട് ചേർത്ത് ലിഗയെ തിരിച്ചുകിട്ടാൻ പ്രാർഥിക്കണമെന്ന് പറഞ്ഞ് ആൻഡ്രൂ ചെറുതായി വിതുമ്പി. ബേക്കലിലേയ്ക്ക് ബസുകിട്ടുന്ന സ്ഥലം കാണിച്ചു കൊടുത്താണ് ഞാൻ ഓഫീസിലേയ്ക്ക് മടങ്ങിയത്.

കുറച്ചു കഴിഞ്ഞപ്പോൾ ശ്രീദേവി പിള്ള വിളിച്ചു തിരുവല്ലത്ത് ഒരു മൃതദേഹം കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു. സഹപ്രവർത്തകനായ അരുൺ സിങിനെ വിളിച്ചപ്പോൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അപ്പോഴും ആൻഡ്രൂവായിരുന്നു എന്റെ മനസിൽ നിറയെ. മൃതദേഹം ലിഗയുടെതാകരുതേയെന്നായിരുന്നു എന്റെ പ്രാർഥന. മൃതദേഹത്തെക്കുറിച്ചുള്ള വാർത്തകൾ കാണുന്നതിനിടെ ആൻഡ്രൂവിന്റെയും, ലിഗയുടേയും ദൃശ്യങ്ങൾ കണ്ടു. കേരളത്തെക്കുറിച്ച് ഇലീസ് പറഞ്ഞ വാക്കുകളായിരുന്നു മനസസിൽ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മുഴുവൻ ആൻഡ്രൂവാണ്. തകർന്ന മനസുമായി അയാൾ നിലത്തരിക്കുന്ന ചിത്രങ്ങൾ വച്ച് എല്ലാവരും വിലപിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇനി ഇവരോട് പറയാൻ നമുക്ക് അർഹതയില്ല. ഇലീസ്, ആൻഡ്രൂ മാപ്പ് നിങ്ങളുടെ ലിഗയെ സംരക്ഷിക്കാൻ കേരളത്തിനായില്ല.  ഞങ്ങൾക്കായില്ല.