വജ്രാഭരണങ്ങളുടെ ബാഗ് മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ യുവതിയുടെ കഥ

ലക്ഷക്കണക്കിന് രൂപ വിലയുള്ള വജ്രാഭരണങ്ങൾ അടങ്ങിയ ബാഗ് യുവതി മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു. ജോർജിയയിലാണ് സംഭവം. മറ്റുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനിടയിൽ അബദ്ധത്തിൽ ആഭരണങ്ങൾ അടങ്ങിയ ബാഗും ഉൾപ്പെടുകയായിരുന്നു. മാലിന്യം നിക്ഷേപിച്ച ശേഷമാണ് സ്ത്രീക്ക് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. ഉടനെ തന്നെ അവർ മാലിന്യ നിർമാർജനം നടത്തുന്നവരെ വിളിച്ച് തന്റെ കറുത്ത ബാഗ് എത്രയും പെട്ടന്ന് കണ്ടെത്തി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

മൂന്നുമണിക്കൂറിനൊടുവിൽ വിജയകരമായി അവർ ആഭരണങ്ങൾ കണ്ടെത്തി. 64,92,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. ദിവസവും ടൺ കണക്കിന് മാലിന്യങ്ങൾ അടിയുന്നയിടത്ത് നിന്നും ബാഗ് കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു.അഞ്ച് തൊഴിലാളികൾ മണിക്കൂറുകളോളം ശ്രമിച്ചാണ് ബാഗ് കണ്ടെത്തിയത്. ആഭരണങ്ങൾ സുരക്ഷിതമായി ഉടമയായ സ്ത്രീയെ ഏൽപ്പിച്ചു.