കുളിക്കാനിറങ്ങിയ യുവതിക്ക് കടലില്‍ സുഖപ്രസവം; താരമായി ജലപുത്രന്‍

കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇൗജിപ്തില്‍ യുവതിക്ക് സുഖപ്രസവം. വിമാനത്തിലും ട്രെയിനിലും ഒാട്ടോറിക്ഷയിലും വരെ പ്രസവം നടന്ന വാർത്തകൾക്ക് പിന്നാലെയാണ് പുതിയത്. റഷ്യയിൽ നിന്നും വിനോദസഞ്ചാരത്തിന് ഇൗജിപ്റ്റിലെത്തിയ യുവതിയാണ് കഥയിലെ താരം. കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പ്രസവമെന്നും, അതല്ല ജലപ്രസവത്തിനായി ഡോക്ടറുടെ മേല്‍നോട്ടത്തിലുള്ള ശ്രമമായിരുന്നു ഇതെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്്.

ഇൗജിപ്റ്റിലെ ഡാഹാബിലെ റിസോർട്ടിലാണ് യുവതിയും ഭർത്താവും ഒപ്പമുണ്ടായിരുന്ന ഡോക്ടറും മുറിയെടുത്തു. പിന്നിട് ചെങ്കടലിൽ കുളിക്കാനിറങ്ങിയ യുവതിക്ക് കടലിൽ വച്ച് തന്നെ പ്രസവവേദന വരുകയും കടലിൽ തന്നെ പ്രസവിക്കുകയുമായിരുന്നു. പിന്നീട് ഒാടിെയത്തിയ ഭർത്താവും ഡോക്ടറും കടലിൽ നിന്നും കുട്ടിയെ കൊണ്ടുവരുന്ന ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

റിസോർട്ടിലുണ്ടായിരുന്ന ഹാദിയ ഹൊസ്നി എന്ന യുവതിയാണ് ക്യാമറയിൽ ഇൗ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് പതിനായിരങ്ങളാണ് ചിത്രം ഷെയർ ചെയ്തത്. കടലില്‍ പ്രസവിച്ച യുവതിയുടെ പേരുവിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.