'51 ഫ്ളാറ്റുകള്‍' ഗുരുവായൂരപ്പന് വ്യത്യസ്ത വഴിപാടുമായി പ്രവാസി!

ഗുരുവായൂരപ്പന്റെ ഭക്തനായ പ്രവാസി മലയാളി അന്‍പത്തിയൊന്നു ഫ്ളാറ്റുകള്‍ വഴിപാടായി സമര്‍പ്പിച്ചു. ആയുര്‍വേദ ചികില്‍സാ കേന്ദ്രമായി മാറ്റണമെന്നും വരുമാനത്തിന്റെ നാല്‍പതു ശതമാനം വയോധികരുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നുമാണ് ഭക്തന്റെ അപേക്ഷ. 

ദുബൈയില്‍ സ്ഥിരതാമസമാക്കിയ വ്യവസായി വെങ്കിട്ടരാമന്‍ സുബ്രഹ്മണ്യനാണ് അന്‍പത്തിയൊന്നു ഫ്ളാറ്റുകള്‍ ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ചത്. ഗുരുവായൂര്‍ റിസോര്‍ട്ട് ഉടമയാണ് ഇദ്ദേഹം. നാല്‍പതു െസന്റിലേറെ സ്ഥലത്ത് നാലു നിലകളിലായി 57 ഫ്ളാറ്റുകളാണ് പണിതത്. ഇതില്‍, അന്‍പത്തിയൊന്നെണ്ണമാണ് വഴിപാടായി നല്‍കിയത്. താഴത്തെ ആറു ഫ്ളാറ്റുകള്‍ ഉടമതന്നെ ഉപയോഗിക്കും. ആയുര്‍വേദ ചികില്‍സാ കേന്ദ്രമാക്കണമെന്നാണ് അപേക്ഷ. മാത്രവുമല്ല, നാല്‍പതു ശതമാനം വരുമാനം കുറൂമ്മ ഭവനത്തിലെ വയോധികരുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നും ധാരണാപത്രത്തിലുണ്ട്. ഗുരുവായൂരപ്പന് കാര്യമായ വഴിപാട് നടത്തണമെന്ന ഏറെക്കാലത്തെ ആഗ്രമാണിതെന്ന് ഭക്തന്‍ ദേവസ്വം അധികൃതരോട് പറഞ്ഞു. 

അടുത്ത ചൊവ്വാഴ്ച ഗണപതിഹോമത്തിന് ശേഷം കെട്ടിടം ദേവസ്വം ഏറ്റെടുക്കും. റജിസ്ട്രേഷന്‍ നടപടികളും ഉടന്‍ പൂര്‍ത്തിയാക്കും. കോടികള്‍ വിലമതിക്കുന്ന കെട്ടിട സമുച്ചയമാണ് ദേവസ്വത്തിന്റെ പേരിലാകുന്നത്. ഫ്ളാറ്റിന്റെ ഏറെക്കുറെ നിര്‍മാണ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ ജോലികള്‍ മാത്രമാണ് കുറച്ചു ബാക്കിയുള്ളത്. പ്രവാസി മലയാളിയുടെ അപൂര്‍വമായ വഴിപാടില്‍ ഗുരുവായൂര്‍ ഭക്തര്‍ ഞെട്ടിയിരിക്കുകയാണ്.