'ഥാർ നേരിട്ട് വാങ്ങണമെന്ന് ആഗ്രഹം'; നന്ദി പറഞ്ഞ് അമൽ മുഹമ്മദ് അലി

ഗുരുവായൂരിൽ ലേലം ചെയ്ത ഥാർ വാഹനം കൈമാറാനുള്ള ക്ഷേത്രം അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്തു വാഹനം ലേലത്തിൽ പിടിച്ച ബഹ്റൈനിലെ പ്രവാസി മലയാളി  അമൽ മുഹമ്മദ് അലി. ക്ഷേത്ര ഭരണസമിതിക്ക് നന്ദി അറിയിക്കുന്നതായി അമൽ മുഹമ്മദ് ബഹ്റൈനിൽ നിന്നും മനോരമ ന്യൂസിനോട് പറഞ്ഞു. കേരളത്തിലെത്തി വാഹനം നേരിട്ട് വാങ്ങണമെന്നാണ് ആഗ്രഹമെന്നും അതിന് കഴിയുമെന്നാണ് പ്രതീക്ഷ എന്നും 

അമല്‍ മുഹമ്മദ് വ്യക്തമാക്കി.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ വാഹനം കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദലിയ്ക്കു തന്നെ നല്‍കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. കൂടുതല്‍ തുക നല്‍കാമെന്ന കാര്യത്തില്‍ ദേവസ്വം അധികൃതര്‍ അമലുമായി സംസാരിച്ചെങ്കിലും‍ ലേലത്തുകയില്‍ ധാരണ ഉറപ്പിച്ചത്. മഹീന്ദ്ര കമ്പനിയുടെ ഉടമ ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഥാര്‍ വണ്ടി ലേലത്തില്‍ പിടിച്ചയാള്‍ക്ക്തന്നെ സ്വന്തമാകും. പതിനഞ്ചു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ഇരുപത്തിയൊന്നു ലക്ഷം രൂപ വരെ ലേലം വിളിക്കാന്‍ തയാറാണെന്നായിരുന്നു മാധ്യമങ്ങളോട് അമലിന്റെ പ്രതിനിധി സുഭാഷ് പണിക്കര്‍ പറഞ്ഞത്. ഇതുകേട്ടപ്പോഴാണ് ദേവസ്വം ഭരണസമിതി അംഗങ്ങള്‍ വീണ്ടുവിചാരത്തിലായത്. 

ആരെങ്കിലും ദേവസ്വത്തെ കുറ്റപ്പെടുത്തുമോയെന്നായിരുന്നു ആശങ്ക. പതിനാലു ലക്ഷം രൂപയുടേതാണ്  വണ്ടി. ഇപ്പോള്‍ ഉറപ്പിച്ച ലേലത്തുകയില്‍ തന്നെ ഒരു ലക്ഷം രൂപ അധികം ദേവസ്വത്തിന് കിട്ടി. അതുക്കൊണ്ടാണ്, വണ്ടി അമലിന് തന്നെ കൊടുക്കാന്‍ തീരുമാനിച്ചത്. ഇരുപത്തിയൊന്നു ലക്ഷം രൂപ നല്‍കാന്‍ തയാറാണോയെന്ന് ദേവസ്വം പ്രതിനിധികള്‍ അമലിനോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു ദേവസ്വത്തിന് ഈ വണ്ടി കിട്ടിയത്. നേരത്തെ ഒട്ടേറെ വാഹനങ്ങള്‍ ദേവസ്വത്തിന് ലഭിച്ചിരുന്നെങ്കിലും ലേലം ഇങ്ങനെ ആഘോഷമാകുന്നത് ആദ്യമാണ്. നവമാധ്യമങ്ങളില്‍ വണ്ടി താരമായെങ്കിലും ലേലത്തിന് ഒരാളാണെന്ന് മാത്രം.