'അമലും കുടുംബവും ഗുരുവായൂരപ്പന്റെ ഭക്തർ; 21 ലക്ഷം മുടക്കാൻ തയ്യാറായി'

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലമാണ് ഇപ്പോൾ ചർച്ച. ലേലം ഉറപ്പിച്ച ശേഷം നിലപാട് മാറ്റിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അമൽ മുഹമ്മദലിയുടെ സുഹൃത്ത് സുഭാഷ് പണിക്കർ. താനാണ് ലേലവിവരം അമലിനെ അറിയിച്ചതെന്നും ലേലം മാറ്റിവെച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും സുഭാഷ് പണിക്കർ മനോരമ ന്യൂസിനോട് പറഞ്ഞു. 21 ലക്ഷം വരെ ലേലത്തുകയായി നൽകാൻ അമൽ തയ്യാറായിരുന്നു. ഭഗവാൻ ഉണ്ടല്ലോ കൂടെ. അമലും കുടുംബവും വലിയ ഗുരുവായൂരപ്പൻ ഭക്തരാണ്. അവർക്ക് ഈ വാഹനം വേണം. 15,10,000 രൂപയ്ക്കാണ് ലേലം പിടിച്ചത്. 21 ലക്ഷം വരെ മുടക്കാൻ തയ്യാറായിരുന്നു. മുഹമ്മദലിയുടെ മകൻ അമലിന് 21 വയസ്സാണ്. ഇത്രയും തുക മുടക്കും എന്ന് അറിഞ്ഞതുകൊണ്ടാണ് ഇപ്പോൾ ദേവസ്വം ബോർഡ് മനംമാറിയതെന്നാണ് സുഭാഷ് പണിക്കർ പറയുന്നത്.

നവമാധ്യമങ്ങളിൽ താരമായ ഥാർ വാഹനം ലേലത്തിൽ പിടിക്കാൻ നേരിട്ട് വന്നത് ഒരാൾ മാത്രമാണ്. തൃശൂർ കേച്ചേരി സ്വദേശി സുഭാഷ് പണിക്കർ. ബഹ്റിൻ മലയാളിയും കൊച്ചി ഇടപ്പിള്ളി സ്വദേശിയുമായ അമൽ മുഹമ്മലിയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം പങ്കെടുത്തത്. കൃത്യം മൂന്നു മണിക്ക് ലേലം തുടങ്ങി. ഓൺലൈൻ മുഖേന ലേലത്തിൽ പങ്കെടുക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചു. നേരിട്ട് വന്ന് ലേലം വിളിച്ചയാൾക്ക് വണ്ടി ഉറപ്പിച്ചു. 15 ലക്ഷമായിരുന്നു അടിസ്ഥാന വില. പതിനായിരം രൂപ അധികം വിളിച്ചതോടെ ലേലം ഉറപ്പിച്ചു.