ബി.ജെ.പി ഗുജറാത്തിൽ വിജയിക്കും; ഇതുപറയാൻ യശോദബെൻ മോദിയ്ക്കൊരു കാരണമുണ്ട്

ഉപേക്ഷിച്ച് പോയെങ്കിലും യശോദ ബെൻ മോദിയുടെ ഹൃദയത്തിൽ ഇപ്പോഴും ഭർത്താവ് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ വിജയത്തിനായി എന്നും പ്രാർഥനയോടെ ലളിതജീവിതം നയിക്കുന്ന വ്യക്തിയാണ് യശോദ. ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും പ്രധാനമന്ത്രിയുടെ ഭാര്യ ശുഭപ്രതീക്ഷയിൽ തന്നെയാണ്. ഗുജറാത്തിൽ നരേന്ദ്രമോദി ചെയ്ത നന്മകൾ വോട്ടിന്റെ രൂപത്തിൽ പ്രതിഫലിക്കുമെന്നു തന്നെയാണ് യശോദ പറയുന്നത്. ബി.ജെ.പി വിജയിക്കുമെന്ന കാര്യത്തിൽ ആശങ്കയൊന്നുമില്ലെന്നും സ്ത്രീസുരക്ഷയാണ് മോദിയുടെയും ബി.ജെ.പിയുടെയും വിജയത്തിന് കാരണമാകുക എന്നും യോശോദബെൻ മോദി വ്യക്തമാക്കി. 130ൽ അധികം സീറ്റുകൾ ബി.ജെ.പി നേടുമെന്നാണ് പ്രതീക്ഷയെന്നും യശോദ ബെൻ മോദി പറഞ്ഞു. ജയ്പൂരിൽ ഒരു വിവാഹചടങ്ങിന് പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. സഹോദരന്റെ ഒപ്പമാണ് യശോദ എത്തിയത്. 

കഴിഞ്ഞതവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പിൽ സത്യവാങ്സമിർപ്പിക്കുന്ന വേളയിലാണ് വിവാഹിതനാണെന്ന കാര്യം മോദി ആദ്യമായി തുറന്നുപറയുന്നത്. നാലര പതിറ്റാണ്ട് മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യശോദ ബെനിന്‍റെ സമുദായാചാരപ്രകാരമുള്ള വിവാഹം നടന്നത്. രണ്ടു ചടങ്ങുകള്‍ അവസാനിപ്പിച്ച് ഒരുമിച്ച് താമസിച്ചുതുടങ്ങാനുള്ള മൂന്നാമത്തെ ചടങ്ങായ ഗുന നടത്തുന്നതിനായി ഇരുകുടുംബങ്ങളും തയാറെടുക്കവെയാണ് മോദി വീട് വിട്ടിറങ്ങുന്നത്. പതിനെട്ടാമത്തെ വയസിലായിരുന്നു അത്.