കാരുണ്യം കൈനീട്ടി; മലയാളത്തിന്‍റെ ആദ്യനായകന് നിറകണ്‍ചിരി

ആ വാര്‍ത്ത മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. സിനിമയുടെ വെള്ളിവെളിച്ചം മാത്രം പരിചയിച്ചവര്‍ക്ക് ളള്ളില്‍ തട്ടുന്ന വാര്‍ത്ത. മലയാള സിനിമയിലെ ആദ്യകാല നായകന്‍ ദുരവസ്ഥ. താരാപഥത്തിന്‍റെ ഇങ്ങേയറ്റത്ത് ചില കണ്ണീര്‍പ്പാടുകളും ഉണ്ടെന്ന് പൊടുന്നനെ ഓര്‍ത്തുപോയ നിമിഷം. ഒടുവില്‍ വാർത്ത ഫലം കണ്ടു. ഇന്ദുലഖയുടെ നായകനെത്തേടി സംവിധായകൻ കമലും കൂട്ടരുമെത്തി. മാസം രണ്ടായിരം രൂപയെങ്കിലും കിട്ടിയാൽ രാജാവിനെപ്പോലെ ജീവിക്കാമെന്ന് നിറഞ്ഞ കണ്ണുകളോടെ ഞങ്ങളോട് പറഞ്ഞ രാജ്മോഹന്റെ കൈകളിലേക്ക് ചലച്ചിത്ര അക്കാദമിയുടെ വക ധനസഹായം കമൽ കൈമാറി. കമലിനൊപ്പം സുരേഷ് ഉണ്ണിത്താൻ, സുരേഷ്കുമാർ , മഹേഷ് പഞ്ചു  തുടങ്ങിയവരും രാജമോഹനെ സന്ദർശിക്കാനെത്തി. സഹായമെത്തിക്കാൻ രാജമോഹന്റെ ശിഷ്യൻ മുഹമ്മദ് ഗെസ്നഫർ അക്ഷീണം പരിശ്രമിച്ചു.

ഇന്ദുലേഖയുടെ മാധവനെ കണ്ടെത്തുന്നത് തിരുവനന്തപുരത്തെ ഈഞ്ചക്കൽ നിന്നായിരുന്നു. ഒ. ചന്ദുമേനോന്റെ നോവൽ ഇന്ദു‌ലേഖ 1967ൽ സിനിമയായപ്പോൾ അതിൽ നായകനായത് രാജമോഹൻ ആയിരുന്നു. ആരും സംരക്ഷിക്കാനില്ലാതെ ദുരിതക്കയത്തിലാണ് ആദ്യകാല നായകന്റെ ജിവിതം എന്ന വിവരം അറിഞ്ഞ് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയതാണ്. മലയാള മനോരമ മെട്രോയിൽ കണ്ട വർത്തയായിരുന്നു രാജമോഹനെപ്പറ്റിയുള്ള  ആദ്യ വിവരങ്ങൾ നൽകിയത്. ക്യാമറാമാൻ വി.വി.വിനോദ് കുമാറിനൊപ്പം രാജ്മോഹനെ കണ്ടെത്തിയത് ഏറെ പണിപ്പെട്ടായിരുന്നു. ഈഞ്ചക്കലിനടുത്ത് ആസ്ബറ്റോസ് ഷീറ്റും സാരികളും കൊണ്ടു മറച്ച ഷെഡിൽ 82 വയസുള്ള രാജ്മോഹന്റെ ദുരിത ജീവിതം ഞങ്ങവ്‍ പകര്‍ത്തി.

സിനിമയുടെ വെള്ളിവെളിച്ചവും ആരാധകരുമുള്ള ഒരു കാലം രാജ്മോഹനുണ്ടായിരുന്നു. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ കലാനിലയം കൃഷ്ണൻ നായർ അഭ്രപാളിയിലേക്ക് പകർത്തിയപ്പോൾ തന്റെ മകളുടെ ഭർത്താവിനെ അതിൽ നായകനാക്കി. മറ്റ് ചില സിനിമകളിലും വേഷമിട്ടു. പിന്നീട് വിവാഹബന്ധം പിരിഞ്ഞു. സിനിമവിട്ടു. എം.എയും വക്കീൽ ബിരുദവും കൈയ്യിലുണ്ടെങ്കിലും കുട്ടികൾക്ക് ട്യൂഷനെടുത്ത് ജീവിച്ചു. സ്വന്തമായി ഒരു തുണ്ടു ഭൂമിയോ ബാങ്ക് ബാലൻസോ ഇദ്ദേഹത്തിനില്ല. അടുത്തുള്ള വീട്ടുകാർ നൽകുന്നഭക്ഷണം കഴിച്ച് പഠിപ്പിച്ച വിദ്യാർഥികളുടെ സഹായത്താൽ ആണ് രാജമോഹന്റെ ജിവിതം മുന്നോട്ടുപോകുന്നത്. സർക്കാരിന്റെ വാർദ്ധക്യകാല പെൻഷന് അപേക്ഷിക്കാൻ തിരിച്ചറിയൽ രേഖപോലും ഇദ്ദേഹത്തിന്റെ പക്കലില്ലെന്ന വാര്‍ത്ത ഇനിയും കേരളത്തിന്റെ കണ്ണുതുറപ്പിക്കും എന്ന് പ്രതീക്ഷിക്കാം. ആ വഴി ഇനിയും സഹായങ്ങള്‍ വരും എന്നും.