പ്രധാനമന്ത്രീ, അങ്ങു കണ്ടിട്ടുണ്ടോ സ്വന്തം നാട്ടിലെ ഈ കുരുന്നുകളെ?

ഫയല്‍ ചിത്രം

"കിരണിനും കൂട്ടുകാര്‍ക്ക് പറയാനുള്ളത്' 

പന്ത്രണ്ടു വയസുള്ള കിരണിനെ ഞങ്ങള്‍ കണ്ടുമുട്ടിയത് സൗരാഷ്ട്രയിലെ പരുത്തിപ്പാടത്തുവെച്ചാണ്. 

രാവിലെ സമയം എട്ടുമണി. 

തണുപ്പിന്‍റെ ആലസ്യം ഇനിയും വിട്ടുമാറിയിട്ടില്ല. പക്ഷെ, കിരണും അച്ഛനും അമ്മയും വിളഞ്ഞ പരുത്തി പറിച്ചെടുക്കുന്ന തിരക്കിലാണ്. ഏതോ വന്‍കിട കോട്ടണ്‍ കമ്പനിയുടേതാണ് വിശലമായ ആ പരുത്തിപ്പാടം. പാട വരമ്പിനോടു ചേര്‍ത്ത് നിര്‍ത്തിയിട്ട ട്രക്കില്‍ നിന്ന് ഡ്രൈവര്‍ "വിളകള്‍ വേഗം വാഹനത്തില്‍ നിറയ്ക്കാന്‍' ആജ്ഞാപിച്ചുകൊണ്ടിരിക്കുന്നു. എട്ടുകിലോമീറ്റര്‍ ദൂരെയുള്ള ചന്തയിലെ സംഭരണകേന്ദ്രത്തില്‍ ഉച്ചയോടെ പരുത്തിയെത്തിക്കണം. വെളുത്ത, പരുപരുത്ത പരുത്തി വിളകള്‍ ഇരുകൈകള്‍കൊണ്ടും നെഞ്ചോട് ചേര്‍ത്തുപിടിച്ച് കിരണ്‍ ചാക്കിലേയ്ക്ക് നിറച്ചു. മുഷിഞ്ഞ ഷര്‍ട്ടില്‍ നേര്‍ത്ത പരുത്തിനാരുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. 

"സ്കൂളില്‍ പോകുന്നില്ലേ?'' 

ഇല്ലെന്ന് തലയാട്ടി അവന്‍ എനിക്കൊരു പരുത്തിപ്പൂവ് സമ്മാനിച്ചു. "" ഞങ്ങള്‍ കുടുംബം മുഴുവന്‍ പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്നത് ഇരുനൂറു രൂപയാണ്. പട്ടിണി മാറ്റണോ, അവനെ സ്കൂളിലയയ്ക്കണോ? ഇത്തവണയാണെങ്കില്‍ മഴ ചതിച്ചു. വിളയും കുറവാണ് ' കിരണിന്‍റെ അച്ഛന്‍ ഹരിഭായ് പറഞ്ഞു. 

വടക്കന്‍ ഗുജറാത്തിലെ കരിമ്പിന്‍ പാടത്ത് ദുരിതങ്ങളുടെ കയ്പ്പുനീരാണ് മീരയ്ക്ക്. മൂര്‍ച്ചയേറിയ വെട്ടുകത്തികൊണ്ട് അവള്‍ അമ്മയ്ക്കൊപ്പം കരിമ്പിന്‍ തണ്ടുകള്‍ വെട്ടിയൊതുക്കി കെട്ടിവെച്ചുകൊണ്ടിരുന്നു. വെട്ടുകത്തി ഉയര്‍ത്തുമ്പോള്‍ കഴുത്തിനു താഴെ എല്ലുകള്‍ പൊന്തിവരുന്നു. ഗുജറാത്ത് വികസനത്തിന്‍റെ മുഖമുദ്രകളിലൊന്നായ വിശാലമായ സംസ്ഥാനപാതയുടെ അരികിലൂടെ സ്കൂളിലേക്കു പോകുന്ന ഒരുപറ്റം കുട്ടികളെ മീര ദൈന്യതയോടെ നോക്കി നിന്നു. അമ്മയുടെ ശകാരവും തോളിലേറ്റ ശക്തമായ തല്ലും കഴിഞ്ഞപ്പോഴാണ് വേദനകളുടെ കടലാഴങ്ങളില്‍ നിന്ന് അവള്‍ ഞെട്ടിയുണര്‍ന്നത്. ക്യാമറയിലൂടെ തന്നെ കാണാന്‍ ഒരു ചന്തവുമുണ്ടാകില്ലെന്ന് അവള്‍ ഞങ്ങളോട് വിളിച്ചു പറഞ്ഞു. മീരയുടെ കുഞ്ഞുസഹോദരങ്ങള്‍ കറുത്ത പൂഴിമണ്ണില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ചെളിയും പൊടിയും നിറഞ്ഞ ഇരുണ്ട അവരുടെ മുഖങ്ങളില്‍ ചോര വാര്‍ന്നു പോയ നേര്‍ത്ത പുഞ്ചിരി. 

"മഗ്ഫലി !'' മീരയുടെ കുഞ്ഞനുജന്‍ എന്‍റെ കൈകളിലെ കടലാസുപൊതിയിലേക്ക് നോക്കി ആശ്ചര്യത്തോടെ പറഞ്ഞു. അതെ, കൈയ്യിലുള്ളത് കപ്പലണ്ടിപ്പൊതി തന്നെ. അവന്‍ കണ്ടുപിടിച്ചു കളഞ്ഞു. ഞാന്‍ ആ പൊതി അവര്‍ക്ക് നല്‍കി.സന്ധ്യ ചാഞ്ഞു. ചുറ്റും ഇരുട്ടുകയറുന്നു. മീരയും സഹോദരങ്ങളും വരിവരിയായി തങ്ങളുടെ കുടില്‍ നോക്കി നടന്നു.

‌മീരയ്ക്ക് തല ചായ്ക്കാന്‍ പേരിനൊരു കുടിലെങ്കിലും ഉണ്ടെങ്കില്‍, അതിര്‍ത്തി ജില്ലയായ കച്ചില്‍ കയറിക്കിടക്കാന്‍ ഒരിടം പോലുമില്ലാതെ തെരുവോരത്ത് രാപകല്‍ കുടുംബത്തോടൊപ്പം വിയര്‍പ്പൊഴുക്കുകയാണ് പതിനാലു വയസുകാരന്‍ രാം കുമാര്‍. 2001 ലെ ഭൂകമ്പത്തിന്‍റെ നടുക്കത്തില്‍ നിന്നു പതിയെ ജീവിതത്തിലേക്ക് എന്തി വലിഞ്ഞു കയറുകയാണ് കച്ച്. "കച്ച് കണ്ടില്ലെങ്കില്‍ ജീവിതത്തില്‍ ഒന്നും കണ്ടിട്ടില്ലെന്നാണ്' ( കച്ച് നഹി ദേഖാ തോ കുച്ച് നഹി ദേഖാ) പറയാറ്. തനത് സാംസ്ക്കാരിക പെരുമയും പഴമയുമായി നിലകൊള്ളുന്ന നാടാണ് കച്ച്. ഭൂകമ്പമുണ്ടാക്കിയ വിള്ളലുകള്‍ ഇവിടുത്തെ കെട്ടിടങ്ങളിലും മനസുകളിലും ഇപ്പോഴുമുണ്ട്. ചൂലുകളുണ്ടാക്കുന്ന ജോലിയാണ് രാംകുമാറിന്‍റെ കുടുംബത്തിന്. അച്ഛനും അമ്മയും അവന്‍റെ കുഞ്ഞുനാളിലേ നഷ്ടമായി. ക്യാമറയ്ക്കു ചുറ്റും കുട്ടികള്‍ വട്ടമിട്ട് നിന്നു. അല്‍പം ദൂരെ നിന്ന് ഒരു പെണ്‍കുട്ടി ഞങ്ങളെ ചാഞ്ഞുനോക്കി.  രാംകുമാറിന്‍റെ ബന്ധു മനേസ. സ്കൂളിലേക്ക് പോകുന്നില്ലേയെന്ന് ഞാന്‍ അവളോട് ചോദിച്ചു. ഇല്ലെന്ന് അവള്‍ തലയാട്ടി. ഗുജറാത്തിയില്‍ അവള്‍ പറഞ്ഞ മറുപടി എനിക്ക്  മനസിലായില്ല. പക്ഷെ, ദാരിദ്ര്യം, തൊഴില്‍, കുടുംബം, സ്കൂള്‍ എന്നീ വാക്കുകളും അവളുടെ ഉള്ളില്‍ നീരുകെട്ടി കിടക്കുന്ന വേദനയും  മനസില്‍ കൊളുത്തിവലിച്ചു. പട്ടിണിക്ക് ഭാഷാഭേതങ്ങളില്ലല്ലോ? ബിസ്ക്കറ്റ് വാങ്ങാന്‍ പണം തന്നാല്‍ പാട്ടുപാടമെന്ന് അവള്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചു. പട്ടിണിയുടെ മുള്ളുകള്‍ കൊണ്ട് മുറിഞ്ഞ പാട്ടിന്‍റെ വരികള്‍.

സാനന്ദിലെ വ്യാവസായിക മേഖലയില്‍ നിര്‍മ്മാണത്തൊഴിലെടുക്കുകയാണ് ഫൈസലും സലീമും. ഫൈസലിന് പത്തുവയസ്. സലീമിന് പതിനൊന്നും. ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിയടക്കം വന്‍കിട കമ്പനികളുടെ വ്യവസായ യൂണിറ്റുകള്‍ സാനന്ദിലുണ്ട്. കുഞ്ഞുഫൈസലിന്‍റെ തോളില്‍ സ്കൂള്‍ ബാഗിനു പകരം തൊഴിലുപകരണങ്ങളും തെരുവിലുപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും നിറച്ച ചാക്ക്.  ഉച്ചഭക്ഷണ സമയത്ത്, നനഞ്ഞ റൊട്ടി സവാളയില്‍ ചുരുട്ടിയെടുത്ത് ഒരു കയ്യില്‍വച്ച് മറുകൈകൊണ്ടു പട്ടംപറത്തുന്ന തിരക്കിലായിരുന്നു ഫൈസല്‍. വലുതാകുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന് അവനോട് ചോദിച്ചു. അവന്‍ പറഞ്ഞു " മോദി '.

ഗാന്ധിധാമില്‍ ഉപ്പുപാടത്ത് വെളുത്ത ഉപ്പുപരലുകള്‍ ചട്ടിയിലേറ്റുകയാണ് മംഗള്‍. ഭാരം കൊണ്ട് അവന്‍റെ തല ഒന്നു മുന്നോട്ട് ആഞ്ഞു. കീറിയ സോക്സിനു പുറത്ത് വിണ്ടു പൊള്ളുന്ന രണ്ട് കുഞ്ഞു കാലുകള്‍. സൂര്യന്‍ തലയ്ക്കു മുകളില്‍ കത്തിയാളുന്നു. നമ്മുടെ തീന്‍മേശകളില്‍ രുചിയുടെ കൃത്യത ഉറപ്പാക്കുന്ന ഒാരോ നുള്ള് ഉപ്പിനും മംഗളിനെപ്പോലെ അറിവിന്‍റെ വെളിച്ചം നിഷേധിക്കപ്പെട്ട ഒരുപാട് കുഞ്ഞുങ്ങളുടെ വിയര്‍പ്പിന്‍റെയും അതിലേറെ ജീവന്‍റെയും വിലയുണ്ട്.

ചക്ടയിലെ പ്രവാസവും അങ്കിള്‍മാരും

ഗുജറാത്തിലെ പലയിടങ്ങളില്‍ നിന്നായി ഞങ്ങള്‍ കണ്ടതാണ് ഈ കുരുന്ന് മുഖങ്ങള്‍. വികസനത്തിന്‍റെ ഗുജറാത്ത് മാതൃകയെക്കുറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ വാഴ്ത്തിപ്പാടലുകള്‍ക്ക് നടുവില്‍ തൊഴിലിടങ്ങളില്‍ പ്രതീക്ഷയറ്റ് എരിഞ്ഞു തീരുന്ന ഒരുപാട് ബാല്യങ്ങളുണ്ട്. "ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' (" പെണ്‍കുട്ടികളെ സംരക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ') എന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ നാട്ടില്‍ സ്കൂളിന്‍റെ പടിപോലും സ്വപ്നം കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ട്. ബാലവേല ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. വടക്കേ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലുമെന്ന പോലെ. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഗുജറാത്തിലെ ദാരിദ്ര്യം അന്വേഷിച്ച് പോവുകയാണെന്നും, കേരളം എല്ലാം തികഞ്ഞ നാടല്ലല്ലോ എന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയമായി മറുപടി പറയാനില്ല. പക്ഷെ, ഏറെ വാഴ്ത്തിപ്പാടപ്പെടുകയും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്ത ഗുജറാത്ത് വികസന മാതൃകയുടെ ആരും ചര്‍ച്ചചെയ്യാത്ത ഇരുണ്ട വശങ്ങളാണ്  വേലയെടുത്ത് തളരുന്ന കുരുന്നുകള്‍. വികസനത്തിന്‍റെ ഭാരം വലിക്കുന്ന ബാല്യങ്ങള്‍.

എന്‍എസ്എസ്ഒയുടെ കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍  നാലു ലക്ഷത്തി ഇരുപത്തിനായിരം കുട്ടികളാണ് തൊഴിലെടുക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷത്തിപതിനെട്ടായിരം പേര്‍ ഗ്രാമീണമേഖലയിലാണ്. ഗുജറാത്തിലെ തെരുവുകളിലെ വിസ്മയാണ് "ചക്ട' എന്ന് വിളിക്കുന്ന പകുതി ബുള്ളറ്റും പകുതി റിക്ഷയുമായ വാഹനം. ഡീസല്‍ ബുള്ളറ്റിനെ പകുതി വെട്ടിമാറ്റിയതാണ് "ചക്ട'. കുട്ടികളടക്കമുള്ള തൊഴിലാളികളെയും കുത്തിനിറച്ച് "ചക്ട'കള്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പായുന്നു. തൊഴിലുതേടി ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള പ്രവാസം. അതിജീവനത്തിനായുള്ള യാത്രകള്‍. ഭക്ഷണശാലകളില്‍‍, ഉപ്പ് പാടങ്ങളില്‍, കൃഷിയിടങ്ങളില്‍, നിര്‍മ്മാണമേഖലകളില്‍ ചക്ടകള്‍ കുട്ടിത്തൊഴിലാളികളെയും വഹിച്ചെത്തുന്നു. ആരാണ് തൊഴിലിടങ്ങളിലെത്തിച്ചത് എന്ന ചോദ്യത്തിന് പല കുട്ടികള്‍ക്കും പറയാനുണ്ടാകുക അങ്കിള്‍ എന്ന മറുപടിയായിരിക്കും. നാട് അറിയാത്ത, പേരില്ലാത്ത, രക്ത ബന്ധമില്ലാത്ത, അവ്യക്തമായ, മുഖ പരിചയമല്ലാതെ മറ്റൊന്നുമില്ലാത്ത അങ്കിള്‍മാര്‍. കുട്ടികളെ തൊഴിലിടങ്ങളിലേക്ക് സപ്ലെ ചെയ്യുന്നത് ഈ അങ്കിള്‍മാരാണ്. ബാലവേല തുടച്ചുനീക്കാന്‍ 2015 ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ച വന്‍ പദ്ധതി കടലാസിലൊതുങ്ങി. ഒപ്പം ഭാവിയെക്കുറിച്ചുള്ള ഒരുപാട് ഇമ്മിണി ബല്യ സ്വപ്നങ്ങള്‍ പണിയിടങ്ങളിലും. അവര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു, ‘ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചു തകര്‍ത്തു നീ..?’