സ്ക്രീനിൽ മിന്നിമാഞ്ഞ മുഖം കണ്ടവർ അമ്മയെ തേടിയെത്തി

വാര്‍ത്തകള്‍ക്ക് ചിലപ്പോള്‍ ഒരിക്കലും കാണാത്ത തലങ്ങളും അര്‍ഥങ്ങളുമുണ്ടാകാം. മനോരമ ന്യൂസില്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ചെറിയൊരു ക്രിസ്മസ് ആഘോഷത്തിന്‍റെ വാര്‍ത്ത ഒരു കുടുംബത്തിന് തിരികെ നല്‍കിയത് ഒരമ്മയെയാണ്. രണ്ടുവര്‍ഷംമുന്‍പ് കാണാതായ അമ്മയെ.

ആലപ്പുഴ തലവടി പഞ്ചായത്തിലെ സ്നേഹഭവനില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍നിന്നാണ് തുടക്കം. അഗതികളായ നൂറ്റിയന്‍പത്തിയേഴ് അന്തേവാസികളുള്ള സ്നേഹഭവനില്‍ സ്കൂള്‍ കുട്ടികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു. സുഹൃത്തായ പഞ്ചായത്തംഗം അജിത്കുമാര്‍ പറഞ്ഞതനുസരിച്ചാണ് ഞങ്ങള്‍ അവിടെയെത്തിയത്. തലവടി വി.എച്ച്.എസ്.എസിലെയും, ചമ്പക്കുളം ഫാ.പോരൂര്‍ക്കര സെന്‍ട്രല്‍ സ്കൂളിലെയും വിദ്യാര്‍ഥികളാണ് ക്രിസ്മസ് ആഘോഷിക്കാന്‍ സ്നേഹഭവനിലെത്തിയത്. സ്നേഹഭവനില്‍ കുട്ടികള്‍ തോരണങ്ങള്‍ തൂക്കി. അന്തേവാസികള്‍ക്കൊപ്പംചേര്‍ന്ന് പാട്ടുപാടി. ഒടുവില്‍ അവര്‍ക്കൊപ്പം കേക്കും മുറിച്ചു. വാര്‍ത്ത ചെറിയൊരു സ്റ്റോറിയാക്കി നല്‍കി. 

പക്ഷേ സംഭവത്തിലെ ട്വിസ്റ്റ് ഇതൊന്നുമായിരുന്നില്ല. വാര്‍ത്ത ബുധനാഴ്ച രാവിലെ സംപ്രേഷണം ചെയ്തു. കൊല്ലം ചവറ സ്വദേശിക്ക് ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഒരു സംശയം. പ്രദേശത്തുനിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ, അല്‍പം ഓര്‍മക്കുറവുള്ള ശാന്തമ്മയാണോയെന്ന്. എന്തായാലും ശാന്തമ്മയുടെ സഹോദരന്‍ വിശ്വംഭരനെ വിവരമറിയിച്ചു. വിശ്വംഭരന്‍ ശാന്തമ്മയുടെ മക്കളെ വിളിച്ചു പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടരമുതല്‍ ടി.വിക്ക് മുന്നില്‍ കാത്തിരുന്ന് ഒ‌ടുവില്‍ ഒന്നരയുടെ നാട്ടുവാര്‍ത്തയില്‍ സ്വന്തം അമ്മയുടെ ദൃശ്യം മക്കള്‍ കണ്ടു. അതും രണ്ട് വര്‍ഷം മുന്‍പ് കാണാതായ അമ്മയെ. പിന്നെ സ്ഥലം കണ്ടെത്താനുള്ള വെപ്രാളമായി. നാട്ടിലെ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനില്‍നിന്ന് മനോരമ ന്യൂസിന്‍റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. മനോരമ ന്യൂസില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷമായി തേടിനടന്ന അമ്മ ആലപ്പുഴ എടത്വായ്ക്ക് സമീപം തലവടിയിലുണ്ടെന്ന് വ്യക്തമായി.

രാവിലെ അമ്മയെ കൊണ്ടുപോകാന്‍ മക്കളെത്തുമെന്ന് അറിഞ്ഞതോടെ ഞങ്ങളും സ്നേഹഭവനിലെത്തി. ഒന്‍പതുമണിയോടെ ശാന്തമ്മയുടെ മക്കളായ ബാഹുലേയനും, ലക്ഷ്മിയും പിന്നെ സഹോദരന്‍ വിശ്വംഭരനും തലവടിയിലെത്തി. രേഖകളും പൊലീസ് സ്റ്റേഷനിലെ പരാതിയുടെ കോപ്പിയുമൊക്കെ അധികൃതര്‍ക്ക് കൈമാറി. പിന്നെ കാത്തിരുന്ന നിമിഷങ്ങള്‍ . ഒടുവില്‍ അവര്‍ കണ്ടുമുട്ടി. ആദ്യം മകള്‍ ലക്ഷ്മി അമ്മയെ കണ്ടു. കെട്ടിപ്പിടിച്ചു. കരഞ്ഞു. പരസ്പരം ചുംബിച്ചു. കണ്ണീര്‍ നനവിനിടയിലും ശാന്തമ്മ മൂത്ത മകനെയും സഹോദരനെയും കണ്ടു. സന്തോഷിക്കേണ്ട സമയത്ത് കരയുന്നതെന്തിനെന്ന് ചോദിച്ചവരോടെല്ലാം നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിമാത്രംകൊണ്ട് ശാന്തമ്മ മറുപടി പറഞ്ഞു. കൊച്ചുമകളുടെ കല്യാണം നിശ്ചയിച്ചിരുന്ന സമയത്താണ് 2015 സെപ്റ്റംബര്‍ മുപ്പതിന് ശാന്തമ്മയെ കാണാതായത്. മകളുടെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ശാന്തമ്മ. ഓര്‍മക്കുറവുള്ളതിനാല്‍ വഴിതെറ്റി. ഒടുവിലാണ് സ്നേഹഭവനിലെത്തിയത്. ചികില്‍സയിലൂടെ ശാന്തമ്മയുടെ നില ഏറെ മെച്ചപ്പെട്ടിരുന്നു. കൂട്ടിക്കൊണ്ടുപോകാനെത്തിയ ഇളയ മകളുടെ ഫോണില്‍ കൊച്ചുമകളുടെ കുട്ടിയുടെ ഫോട്ടോ കണ്ടതോടെ സങ്കടവും സന്തോഷവുമെല്ലാം അണപൊട്ടി. ഒപ്പം പതിനഞ്ച് കൊച്ചുമക്കളുണ്ടെന്നും അവരെയെല്ലാം വീണ്ടും കാണാന്‍ പോകുന്നതിന്‍റെ സന്തോഷവും എല്ലാവരോടും പങ്കുവച്ചു. സ്നേഹാലയത്തിലെ അന്തേവാസികളെ പിരിയുന്നതില്‍ സങ്കടമുണ്ടെങ്കിലും കുടുംബാംഗങ്ങളെ കണ്ടതിന്‍റെ ത്രില്ലിലായിരുന്നു ശാന്തമ്മ.

ഓര്‍മക്കുറവുണ്ടായിരുന്ന ശാന്തമ്മയെ മക്കളുടെ കൈകളിലേല്‍പ്പിക്കാന്‍ സാധിച്ചതില്‍ സ്നേഹഭവന്‍ അധികൃതര്‍ക്കും സന്തോഷം. എന്തായാലും മനോരമ ന്യൂസില്‍വന്ന ഒരു ക്രിസ്മസ് ആഘോഷത്തിന്‍റെ വാര്‍ത്ത ഒരു കുടുംബത്തിനാകെ വലിയൊരു ക്രിസ്മസ് സമ്മാനമായി.