ഹൃദയം ഉള്ളിലാക്കി, അവളിനി ജീവിതത്തിലേക്ക് നടക്കും

കുഞ്ഞു ജനിക്കുന്നതിന് മുമ്പേ തുടങ്ങും അച്ഛനമ്മമാരുടെ കാത്തിരിപ്പ്. ആരോഗ്യമുള്ള കുഞ്ഞു വേണമെന്നുള്ളതായിരിക്കും അവരുടെ ഏകസ്വപ്നം. വനെലോപ്പ് ഹോപ് ഹിക്കിന്‍സിനെ ഗർഭവതിയായിരിക്കുന്ന സമയത്ത് അവളുടെ അച്ഛനും അമ്മയും ആഗ്രഹിച്ചത് ഇതു തന്നെയായിരിക്കും. എന്നാൽ അവൾ പിറന്നത് ശരീരത്തിന് പുറത്ത് ഹൃദയവുമായിട്ടായിരുന്നു. നവംബര്‍ 23ന് യുകെയിലാണ് വനെലോപ്പ് ജനിച്ചത്. എക്ടോപിയ കോര്‍ടിസ് എന്ന അപൂര്‍വ മെഡിക്കല്‍ അവസ്ഥയാണിത്.

ജനിച്ച് അധികം വൈകാതെ നടന്ന സങ്കീര്‍ണമായ മൂന്ന് ശസ്ത്രക്രിയകളിലൂടെയാണ് അവളുടെ ജീവന്‍ രക്ഷിക്കാനായത്. ഒൻപതാം മാസത്തിൽ നടത്തിയ സ്കാനിങ്ങിലാണ് കുട്ടിയുടെ ഹൃദയവും ചില ആന്തരികാവയവങ്ങളും ശരീരത്തിനു പുറത്തുവളരുന്നത് കണ്ടെത്തിയത്. പ്രസവ തീയതിക്കു മൂന്നാഴ്ച മുമ്പേ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്ത്. ഇതാദ്യമായാണ് യുകെയിൽ എക്ടോപിയ കോര്‍ടിസ് എന്ന അവസ്ഥയുള്ള കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.