ഓഖി തിരികെ തന്നത് 80,000 കിലോ പ്ലാസ്റ്റിക് മാലിന്യം

ഫോട്ടോ കടപ്പാട്; ശശി കശ്യപ്, ഹിന്ദുസ്ഥാൻ ടൈംസ്

ഓഖി ദുരന്തത്തിന്റെ കണക്ക് പുറത്തുവരുന്നതിന് മുമ്പ് മറ്റൊരു കണക്ക് എത്തിയിട്ടുണ്ട്. ഓഖീ മുംബൈ തീരത്തേക്ക് തിരികെ തള്ളിയ മാലിന്യത്തിന്റെ കണക്ക്. 80000 കിലോ പ്ലാസിറ്റിക് മാലിന്യമാണ് മുബൈ തീരത്ത് അടിഞ്ഞുകൂടിയതെന്നാണ് മുബൈ കോർപറേഷന്റെ ഖരമാലിന്യ സംസ്കരണ വിഭാഗം കണക്കാക്കുന്നത്. പലപ്പോഴായി ജലസ്രോതസുകളിലേക്ക് മനുഷ്യൻ തള്ളിയ മാലിന്യം ഓഖി ആഞ്ഞടിച്ചപ്പോൾ പ്രകൃതി തിരികെ തരുകയായിരുന്നു. ചുഴലികാറ്റിനെ തുടർന്ന് രൂപപ്പെട്ട വലിയ തിരമാലകളാണ് മാലിന്യത്തെ കരയ്ക്ക് എത്തിച്ചത്. 

വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യം അടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ചൊവാഴ്ച്ചയും ബുധനാഴ്ചയുമായിട്ടായിരുന്നു കടലിന്റെ വകയുള്ള മാലിന്യം തള്ളൽ. ഈ ബീച്ചുകളിൽ 10,000-15,000 കിലോ മാലിന്യമാണ് അട്ടിയട്ടിയായി കിടക്കുന്നത്. ഏകദേശം രണ്ടടിയോളം ഉയരമുണ്ട് ഈ മാലിന്യകൂമ്പാരത്തിന്. പ്ലാസ്റ്റിക്കാണ് കൂടുതൽ. മാലിന്യം നീക്കാനുള്ള പദ്ധതികൾ അധികാരികൾ ആരംഭിച്ചിട്ടുണ്ട്. നിരവധി സന്നദ്ധഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.