മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ തുലാസില്‍

Nayab-SIngh-Saini
SHARE

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഹരിയാനയിൽ ബിജെപി സർക്കാരിനെ തുലാസിലാക്കി മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു.  ഇതോടെ 42 അംഗങ്ങളായി കുറഞ്ഞ ഭരണപക്ഷത്തിന് കേവല ഭൂരിപക്ഷം നഷ്ടപെട്ടു. സർക്കാർ പിരിച്ചുവിട്ട് സംസ്ഥാനത്ത് ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.  

തിരഞ്ഞെടുപ്പിനിടെ ഹരിയാനയിൽ ബിജെപിക്ക് അപ്രതീക്ഷിത പ്രതിസന്ധി. 40 അംഗങ്ങളുള്ള ബിജെപി 5 സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്, ഇതിൽ  സോംബിർ സാങ്‌വാൻ, രൺധീർ ഗോലെൻ, ധരംപാൽ ഗോന്ദർ എന്നിവരാണ് പിന്തുണ പിൻവലിച്ചത്.  തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തിൽ എംഎൽഎമാർ പ്രഖ്യാപിച്ചു. കർഷക പ്രശ്നമുൾപ്പെടെ ഉന്നയിച്ചാണ് തീരുമാനം. 

90 അംഗ നിയമസഭയിൽ നിലവിലെ അംഗബലം 88 ആണ്.  കോൺഗ്രസിന് 30 അംഗങ്ങളും നിലവിൽ ആകെ നാല് സ്വതന്ത്രരുടെ പിന്തുണയുമായി. ജൻനായക് ജനതാ പാർട്ടിക്ക് 10 സീറ്റുകളുമുണ്ട്.  നേരത്തെ ബിജെപിയെ പിന്തുണച്ചിരുന്ന ജെജെപി പിന്തുണ പിൻവലിച്ചതോടെയാണ് മനോഹർ ലാൽ ഖട്ടർ രാജിവച്ച് നയാബ് സിങ് സൈനി മുഖ്യമന്ത്രിയായത്.  ലോക് സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന ജെജെപി നിലവിൽ ഇരുപക്ഷത്തെയും പിന്തുണക്കാനിടയില്ല. അതിനാൽ രാഷ്ട്രപതി ഭരണമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. 

ചില എംഎൽഎമാരുടെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി പറഞ്ഞു. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. നയാബ് സിങ് സെയ്നി സര്‍ക്കാര്‍ മാര്‍ച്ചില്‍ വിശ്വാസം തെളിയിച്ചിരുന്നു, അതിനാല്‍ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാനാകില്ല. സർക്കാരിന് ആറുമാസം കൂടി കാലാവധിയുണ്ടെന്നിരിക്കെ ബിജെപി മറ്റാരെയെങ്കിലും ഒപ്പം നിർത്തുമോ ന്യൂനപക്ഷ സർക്കാരായി തുടരുമോയെന്നാണ് ഇനിയറിയേണ്ടത് 

Story Highlights: 3 Independent MLAs withdraw support to Nayab Saini govt in Haryana

MORE IN BREAKING NEWS
SHOW MORE