ശസ്ത്രക്രിയയ്ക്ക് കാത്തുനിന്നില്ല കുഞ്ഞ് ഐറിസ് വിടവാങ്ങി

എത്രനാളാണ് ഒരു കുഞ്ഞിനായി കാത്തിരുന്നതെന്ന് ഹന്നയ്ക്കും ബെന്നിനും കൃത്യമായി അറിയില്ല . എങ്കിലും ഒടുവിൽ അവരെ തേടി ആ സന്തോഷ വാർത്ത എത്തി. ഹന്ന ഗർഭിണിയാണെന്ന വാർത്ത. അന്നുമുതൽ ബെന്നും ഹന്നയും സ്വപ്നങ്ങൾ കണ്ടുതുടങ്ങി. അവൾ ഈ ലോകത്തേക്ക് പിറന്ന് വീഴുന്ന നാളിനെ കുറിച്ച്. ആ നിമിഷത്തെ മനോഹാരിതയെ പറ്റി ഓരോ ദിവസവും ഹന്ന ബെന്നിനോട് പറയുമായിരുന്നു. ഉള്ളിൽ ജീവന്റെ തുടിപ്പ് അനുഭവിച്ചറിഞ്ഞ നിമിഷം മുതൽ ഹന്ന അവൾക്കായി കുഞ്ഞുടുപ്പുകൾ നെയ്തു. ബെൻ കളിപ്പാട്ടങ്ങളും തൊട്ടിലും ഒരുക്കി. ഹൃദയത്തിൽ നൂറു നൂറു താരാട്ടുകൾ... ഇനി ദിവസങ്ങൾ മതി അവളിങ്ങെത്താൻ.. പക്ഷേ.. ഹന്നയുടെയും ബെന്നിന്റെയും മതിമറന്നുള്ള സന്തോഷത്തിൽ ദൈവത്തിന് അസൂയ തോന്നിയിരിക്കാം. പ്രസവത്തിന് മൂന്നാഴ്ച മുന്‍പാണ് ആ വാര്‍ത്ത അവരെ തേടിയെത്തിയത്. ആറ്റുനോറ്റു കാത്തിരുന്ന ആദ്യത്തെ കൺമണിക്ക് ഡൗൺസിൻഡ്രമാണെന്ന് ഡോക്ടർ പറഞ്ഞു. വാർത്ത കേട്ട ഹന്നയും ബെന്നും തകർന്നുപോയി. 

36–ാമത്തെ ആഴ്ചയിൽ ഗർഭഛിദ്രം നടത്താൻ ഡോക്ടർ പറഞ്ഞു. ആ നിമിഷത്തിലും ഐറിസിന്റെ തുടിപ്പനുഭവിച്ച ഹന്നയ്ക്ക് അതോർക്കാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ അവർ തീരുമാനിച്ചു. എത്ര ക്ലേശങ്ങൾ നേരിടേണ്ടി വന്നാലും അവൾക്ക് ജന്മം നൽകി വളർത്തും. ബുദ്ധി വൈകല്യം ഉണ്ടെങ്കിലും ഒരു മനുഷ്യജീവനല്ലെ എന്ന് പ്രസവത്തിന് മൂന്നാഴ്ച മുൻപ് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ട ഡോക്ടറോട് ഹന്ന തിരിച്ചു ചോദിച്ചു. ജൂണിൻ ഹന്ന ഐറിസിന് ജന്മം നൽകി. ഡൗൺസിൻഡ്രം ബാധിച്ച കുഞ്ഞുങ്ങൾക്ക് സാധാരണ ഹൃദയഭിത്തിയിൽ സുഷിരങ്ങൾ കാണാറുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന്് ഡോക്ടർമാർ നിർദ്ദേശിച്ചു. കുഞ്ഞ് ജനിച്ച് മൂന്നുമാസങ്ങള്‍ക്കകം ശസ്ത്രക്രിയ നടത്തണം. നവംബർ നാലിന് ശസ്ത്രക്രിയക്കുള്ള തീയതി നൽകി. എന്നാൽ അതിനുമുൻപുതന്നെ കടുത്ത ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഐസിയുവിൽ ബെഡില്ലെന്ന കാരണത്താൽ ശസ്ത്രക്രിയ നവംബർ 25ലേക്ക് മാറ്റുകയായിരുന്നു.  എന്നാൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ കുഞ്ഞു ഐറിസ് ലോകത്തോട് വിടപറഞ്ഞു. 

ശസ്ത്രക്രിയ നടത്താനുണ്ടായ കാലതാമസമാണ് കുഞ്ഞിനെ നഷ്ടമാക്കിയതെന്ന് ഈ ദമ്പതികൾ പറയുന്നു. ഇംഗ്ലണ്ടിൽ ഇരുപത്തിനാല് ആഴ്ച വരെയുള്ള ഗർഭ ഛിദ്രം നിയമ വിധേയമാണ്. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും ജീവന് അപകടം ഉണ്ടെങ്കില്‍ മാത്രം അതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. ഡൗണ്‍ സിൻഡ്രോം പോലുള്ള പ്രശ്നങ്ങള്‍ കണ്ടെത്തുന്നതു മൂലം ഇംഗ്ലണ്ടില്‍ മാത്രം ഒരു വർഷം നിരവധി ഗര്‍ഭസ്ഥശിശുക്കളെയാണ്  37 ആഴ്ചയ്ക്കുശേഷം ഇല്ലായ്മ ചെയ്യുന്നത്. ഡൗൺസിൻഡ്രോം ബാധിച്ച കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യാൻ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദം കൂടുതലാണ്. ഇത് മനുഷ്യത്വ രഹിതമായ സമീപനമാണെന്നും അവർ പറയുന്നു. രണ്ടുമാസം മുൻപ് ഹന്ന വീണ്ടും അമ്മയായി. എങ്കിലും ഐറിസിന്റെ നഷ്ടം തീരാവേദനയാണ് ഇവർക്കിപ്പോഴും