വിമര്‍ശിച്ചവര്‍ക്കും നന്ദി, ഓഖിയില്‍ അടിപതറിയ മുകേഷ് പറയുന്നു

ഓഖി വീശിയടിച്ചപ്പോള്‍ അടിപതറിയവരില്‍ കൊല്ലത്തെ എംഎല്‍എ മുകേഷും ഉണ്ടായിരുന്നു. ദുരിതാശ്വാസത്തിന് വൈകിയെത്തിയ എംഎല്‍എയെ മൽസ്യത്തൊഴിലാളികൾ നിര്‍ത്തിപ്പൊരിച്ചത് വലിയ വാര്‍ത്തയുമായി. എന്നാലിപ്പോള്‍ തെല്ലൊന്നടങ്ങിയപ്പോള്‍ കുഞ്ഞുവിശദീകരണവുമായി ഫെയ്സ്ബുക്കില്‍ എത്തിയിരിക്കുകയാണ് എംഎല്‍എ. വിമര്‍ശനങ്ങള്‍ക്കടക്കം നന്ദി പറയുന്ന കുറിപ്പ്  ഇങ്ങനെ

''നന്ദി... മുഖ്യമന്ത്രിക്കും കോസ്റ്റ്ഗാർഡിനും നേവിക്കും... സഹായിച്ചവർക്കും അനാവശ്യ വിവാദം ഉണ്ടാക്കി വിമർശിച്ചവർക്കും എല്ലാം നന്ദി... എന്റെ മണ്ഡലത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളി സഹോദരങ്ങളും തിരികെയെത്തി... ഇന്നലെ ഉച്ച മുതൽ ഉള്ള കാത്തിരിപ്പായിരുന്നു...''

കുറിപ്പിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും മറ്റും ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. 

തലേദിവസം കടപ്പുറത്ത് സംഭവിച്ചത് ഇതായിരുന്നു.    

ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തിൽ ആയപ്പോൾ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാൻ ഇടയാക്കിയത്. എം.എൽ.എയെ കൊല്ലത്ത് കാണാനില്ല എന്ന പരാതി ഉയർന്ന ശേഷം എന്നും കൊല്ലത്തുണ്ടെന്ന അവകാശവാദം പൊളിക്കുന്നതായി കടൽതീരത്തെ രംഗങ്ങൾ. വ്യാഴാഴ്ച്ച ഉച്ച മുതൽ കടലിൽ കാണാതായ മൽസ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോൾ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്.   

വൈകിട്ട് മന്ദം മന്ദം ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയിൽ ഇരുന്നു. എം.എൽ.എ സ്ഥലത്ത് എത്താത്തിന്റെ രോഷം മൽസ്യതൊഴിലാളികൾക്കിടയിൽ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മൽസ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. ഉടനേ വന്നു തമാശ, ബംഗ്ലാവ് സ്റ്റൈൽ കോമഡി.'നമ്മൾ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ' തമാശ രൂപേണയുള്ള മറുപടിയാണ് മല്‍സ്യത്തൊഴിലാളികളെ ചൊടിപ്പിച്ചത്.