മകന് ബഹിരാകാശ ശാസ്ത്രജ്ഞനാകണം; മമ്മൂട്ടിയോടു ആഗ്രഹം പറഞ്ഞ് സെന്തിൽ

സിനിമയിലെ മൂപ്പനെക്കാണാന്‍ മൂന്നാര്‍ കുണ്ടലക്കുടി ആദിവാസി കോളനിയിലെ കന്തസാമി കങ്കാണി മൂപ്പനും സംഘവും പുലര്‍ച്ചെ മൂന്നിന് തിരിച്ചതാണ്.  കാടും മലയും താണ്ടിയെത്തിയപ്പോള്‍ താരം ഒരുക്കിയ വരവേല്‍പു കണ്ട് അക്ഷരാര്‍ഥത്തില്‍ അവര്‍ അമ്പരന്നു. ട്രൈബല്‍ പൊലീസിനോട് കാര്യങ്ങള്‍ നേരത്തെ ചോദിച്ചറിഞ്ഞ മമ്മൂട്ടി കാര്‍ഷികോപകരണങ്ങളടക്കം അവര്‍ക്ക് സമ്മാനമായി കരുതിയിരുന്നു. 

ഒപ്പം വലിയൊരു ഉറപ്പും അദ്ദേഹം നല്‍കി. കേരളത്തിലെ ആദിവാസി ഊരുകളില്‍ കാര്‍ഷികോപകരണം എത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നതായി താരം ചടങ്ങില്‍ പ്രഖ്യാപിച്ചു. ചികില്‍സാ സൗകര്യം കുറവായ ഇടമലക്കുടിയിലും കുണ്ടലക്കുടിയിലും ഒരു മാസത്തിനകം ആലുവയിലെ രാജഗിഗി ആശുപത്രിയുമായി ചേര്‍ന്ന് ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമായി.  കുണ്ടലക്കുടി ഊരില്‍ നിന്നു തന്നെ കാണാനെത്തിയവര്‍ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ വൈകാതെ എത്തിക്കാമെന്നും അദ്ദേഹം വാക്കുനല്‍കി. തൊടുപുഴയിലെ സിനിമാസെറ്റില്‍ വിരുന്നെത്തിയവരെ ഷൂട്ടിങ് കാണിച്ചും സമ്മാനങ്ങള്‍ നല്‍കിയും മനസ്സുനിറച്ചാണ് താരം മടക്കിയത്. 

പുതിയ പദ്ധതി ഉടന്‍

കുണ്ടലക്കുടി അടക്കമുള്ള ഊരുകളിലേക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ ഇനി മമ്മൂട്ടി ചെയര്‍മാനായ കെയര്‍ ആന്‍ഡ് ഷെയര്‍ എത്തിച്ചു നല്‍കും. മൂന്നാര്‍ ജനമൈത്രി പൊലീസിന്റെ സഹായത്തില്‍ നൂറുകണക്കിന് ആദിവാസികള്‍ക്കിടയില്‍ വര്‍ഷങ്ങളായി കെയര്‍ ആന്‍ഡ് ഷെയര്‍ സഹായം എത്തിക്കുന്നുണ്ട്.  ഇത് നേരിട്ടറിയാവുന്ന ആദിവാസി മൂപ്പന്‍മാരാണ് ട്രൈബല്‍ പൊലീസ് വഴി കാര്‍ഷികോപകരണങ്ങളുടെ ആവശ്യകത അറിയിച്ചത്. കെയര്‍ ആന്‍ഡ് ഷെയര്‍ വഴി സഹായം ലഭിച്ചുപോരുന്ന ട്രൈബല്‍ സ്കൂളിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കളും സംഘത്തില്‍ ഉണ്ടായിരുന്നു. 

ബഹിരാകാശ ശാസ്ത്രജ്ഞനാവാന്‍ വിദേശത്ത് പഠിക്കണം എന്ന മകന്‍റെ ആഗ്രഹം അറിയിച്ച സെന്തിലിന് അതിനുള്ള മുഴുവന്‍ സഹായവും കെയര്‍ ആന്‍ഡ് ഷെയര്‍ വഴി നടപ്പാക്കുമെന്ന് മമ്മൂട്ടി അറിയിച്ചു. ഇത്തരം ആഗ്രഹം പ്രകടിപ്പിച്ച നിരവധി കുട്ടികള്‍ ഉള്ള കാര്യം അറിയിച്ച ട്രൈബല്‍ പൊലീസിനോട് ഇവര്‍ക്കായി സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ഒരു പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മമ്മൂട്ടി ഉറപ്പുകൊടുത്തു. തൊടുപുഴയ്ക്ക് സമീപം മമ്മൂട്ടി അഭിനയിച്ചു വരുന്ന 'പരോള്‍' എന്ന സിനിമയുടെ ലൊക്കേഷനാണ് ഈ സ്നേഹസംഗമത്തിന് വേദിയായത്.

അഞ്ച് വര്‍ഷം മുന്‍പ് കുണ്ടളക്കുടിയില്‍ വച്ച് ആദിവാസികളുമായി മുഖാമുഖം നടത്തിയ മമ്മൂട്ടിയും സംഘവും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയശേഷം കെയര്‍ ആന്‍ഡ് ഷെയറിന്‍റെ കീഴില്‍ ആരംഭിച്ചതാണ് 'പൂര്‍വ്വീകം'  പദ്ധതി.  ആ പൂര്‍വ്വീകം വഴി ആയിരക്കണക്കിന് ആദിവാസികള്‍ക്ക് സൗജന്യ ചികില്‍സ  ലഭ്യമാക്കുകയും അവരുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ആവശ്യങ്ങള്‍ക്കായി ഒട്ടനവധി പദ്ധതികള്‍ കേരളമൊട്ടാകെ നടപ്പാക്കുകയും ചെയ്തുവരുന്നുണ്ട്. 

പൊലീസിനെ അഭിനന്ദിച്ച് മമ്മൂട്ടി

മൂന്നാറിലെ ട്രൈബല്‍ ജനമൈത്രി പൊലീസിന്‍റെ ആദിവാസികള്‍ക്കിടിയിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് മമ്മൂട്ടി പറഞ്ഞു. കാര്‍ഷികോപകരണങ്ങള്‍ ആവശ്യമുള്ള ആദിവാസികള്‍ പ്രമോട്ടര്‍മാര്‍ വഴി കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫിസില്‍ ബന്ധപ്പെട്ടാല്‍ മതിയെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ചെയര്‍മാന്‍ കെ.മുരളീധരന്‍ അറിയിച്ചു. മൂന്നാര്‍ ഡിവൈ.എസ്.പി. എസ്.അഭിലാഷ്, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍മാരായ റോബര്‍ട്ട് കുര്യാക്കോസ്, എസ്.ജോര്‍ജ്, ട്രൈബല്‍ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എ.എം.ഫക്രൂദീന്‍, വി.കെ.മധു, എ.ബി.ഖദീജ, കെ.എം.ശൈലജാമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തെ സഹായിക്കുക എന്ന ലക്ഷ്യത്തില്‍ എട്ട് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷന്‍. 12 വയസ്സില്‍ താഴെയുള്ള നിര്‍ദ്ധനരായ കുഞ്ഞുങ്ങള്‍ക്കുള്ള ഹൃദയശസ്ത്രക്രിയാ സഹായപദ്ധതിയായ 'ഹൃദയപൂര്‍വം, പഠനത്തില്‍ സമര്‍ഥരായ അനാഥ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായപദ്ധതിയായ 'വിദ്യാമൃതം' സ്കൂള്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായുള്ള ബോധവല്‍ക്കരണ പദ്ധതിയായ 'വഴികാട്ടി' നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്ക് വൃക്ക മാറ്റിവയ്ക്കാനുള്ള സഹായ പദ്ധതിയായ 'സുകൃതം' എന്നിവയാണ് 'പൂര്‍വ്വീകം' കൂടാതെ കെയര്‍ ആന്‍ഡ് ഷെയര്‍ നടപ്പിലാക്കി വരുന്ന മറ്റ് പദ്ധതികള്‍. സംഘടനയുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍  9539515182 എന്ന നമ്പറില്‍ ലഭ്യമാകും.