ഇന്റർനെറ്റിൽ പ്രചരിക്കുന്ന മനുഷ്യ പൂച്ച; സത്യമിതാണ്

മനുഷ്യന്റെയും പൂച്ചയുടെയും സവിശേഷതകളുള്ള അത്ഭുത ജീവിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. മലേഷ്യയിലെ പഹാങ് പ്രവിശ്യയിൽ നിന്ന് കണ്ടെത്തിയ ഈ 'മനുഷ്യ പൂച്ച' സത്യമാണെന്നുകൂടി സംസാരമായതോടെ മലേഷ്യന്‍ പൊലീസ് സംഭവം തപ്പിയിറങ്ങി. പൂച്ചക്കുട്ടിയുടെതിന് സമാനമായി നാലു കാലുകളും നിറയെ നഖങ്ങളുമുള്ളതാണ് ജീവി. മനുഷ്യക്കുഞ്ഞിന്റെതിന് സമാനമായ തലയിൽ കുറച്ച് മുടികളുമുണ്ട്. ഒപ്പം രണ്ടു കൂർത്തപല്ലുകൾ മുമ്പിലേക്ക് വളർന്നു നിൽക്കുന്നു. ഒരു മുയലിന്റെ അത്രയും വലിപ്പമുള്ള മനുഷ്യ പൂച്ചയുടെ വീഡിയോ സഹിതം സംഭവം വൈറലായതോടെയാണ് ഇതിന് പിന്നിലെ സത്യം പുറത്തുവന്നത്. 

മനുഷ്യപ്പൂച്ചയെ കണ്ടെത്തിയെന്ന സംഭവം സത്യമല്ലെന്ന് മലേഷ്യൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകൾ അത്ഭുത ജീവിയുടെതെന്ന് പറയപ്പെടുന്ന ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യുന്നത് നിർത്തണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. മനുഷ്യ പൂച്ചയെ ആരെങ്കിലും കണ്ടതായുള്ള വാർത്തകളും അടിസ്ഥാനമില്ലാത്തതാണെന്നും അറിയിപ്പുണ്ട്. ഓണ്‍ലൈനിൽ വിൽക്കുന്ന പാവയാണിതെന്നാണ് വിവരങ്ങൾ.