തീപിടിച്ച ശരീരവുമായി ഒാടുന്ന കുട്ടിയാന, ചിത്രത്തിന്റെ സത്യാവസ്ഥ

ശരീരത്തിൽ തീപിടിച്ച് മരണവെപ്രാളത്തോടെ ഒാടുന്ന കുട്ടിയാന. മുമ്പിൽ വാലിനു തീപിടിച്ച് അമ്മയാന. സാങ്ചറി വന്യജീവി ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം ഏവരുടേയും മനസിനെ ആഴത്തിൽ വേദനിപ്പിക്കും. പശ്ചിമബംഗാള്‍, അസം, ബീഹാര്‍, ചത്തീസ്ഗഢ് എന്നിവിടങ്ങിളില്‍ വന്യ ജീവികള്‍ക്കെതിരെ കൊടും ക്രൂരതയാണ് ഇൗ ചിത്രത്തിൽ തെളിഞ്ഞു കാണുന്നത്. പശ്ചിമ ബംഗാളിലെ ബെംഗുറ എന്ന സ്ഥലത്തു നിന്ന് പകർത്തിയതാണ് ഇൗ ചിത്രം.

കാട്ടാന നാട്ടിൽ പ്രവേശിക്കാതിരിക്കാനാണ് അവിടുത്തെ ജനങ്ങൾ ഇൗ പ്രാകൃത കൃത്യം നടത്തുന്നത്. മരണവെപ്രാളത്തോടെ പായുന്ന ആനയ്ക്കു പിന്നിലായ് തീ കൊളുത്തിയതിനു ശേഷം ഓടി രക്ഷപെടുന്ന യുവാക്കളോയും ഇൗ ചിത്രത്തിൽ കാണാം. കാടിറങ്ങിയെത്തുന്ന ആനകള്‍ക്കു നേരേ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത്. വന്യജീവി വകുപ്പും ഈ പ്രവര്‍ത്തിക്കെതിരെ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. അമച്വര്‍ ഫോട്ടോഗ്രാഫറായ ബപ്ലബ് ഹസ്‌റയാണു നരകം ഇവിടെയാണ് എന്ന് അടിക്കുറിപ്പോടെ ചിത്രം പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിൽ ഇൗ ചിത്രം വൈറലായിക്കഴിഞ്ഞു.