E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അന്ന, ഐഎഎസ് ‘അമ്മ’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anna-malhothra
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

‘‘ഇന്ത്യയിൽ ആദ്യമായി ഐഎഎസ് നേടിയ വനിത ആരാണ്?’’ 

വർഷങ്ങൾക്കു മുൻപ് അമിതാഭ് ബച്ചൻ ‘കോൻ ബനേഗാ ക്രോർപതി’യിൽ ഈ ചോദ്യം ഉന്നയിക്കുമ്പോൾ മറുവശത്തിരുന്ന മത്സരാർഥി മാത്രമല്ല, ഇന്ത്യ മുഴുവൻ ഒരു നിമിഷം തലപുകച്ചു. ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസർ കിരൺ ബേദിയാണെന്ന് കൊച്ചു കുട്ടികൾക്കു പോലുമറിയാം. പക്ഷേ, ആരായിരുന്നു ആദ്യത്തെ വനിതാ ഐഎഎസ് ഓഫിസർ?

അന്ധേരി മരോളിലെ ശുഭം കോംപ്ളക്സിൽ 202-ാം നമ്പർ ഫ്ളാറ്റിലെത്തുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി അന്ന മൽഹോത്ര. ഡോ. മൻമോഹൻ സിങ്ങിനു ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറായിരുന്ന ആർ.എൻ. മൽഹോത്രയുടെ ഭാര്യ. കൈപിടിച്ച് കസേരയിലേക്കാനയിച്ച് അവർ ശുദ്ധമലയാളത്തിൽ വിശേഷം പറയുമ്പോൾ ഏതൊരു കേരളീയനും അഭിമാനിക്കാം; ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫിസർ സ്വന്തം നാട്ടുകാരിയാണെന്നതിൽ. 

ആ ജീവിതകഥയുടെ തുടക്കം പത്തനംതിട്ട നിരണം ഒറ്റവേലിൽ കുടുംബത്തിൽ നിന്ന്. വനിതകൾക്ക് ഐഎഎസ് അന്യമായിരുന്ന കാലത്ത് അതിലേക്കുള്ള പടവുകൾ സ്വയം കെട്ടിയൊരുക്കി, നടന്നുകയറി ചരിത്രമെഴുതിയ വനിത.

അന്നയുടെ വഴികൾ

പിതാവ് ഒ.എ. ജോർജ് എറണാകുളത്തേക്കു താമസം മാറിയിരിക്കെ 1927ൽ ആണ് അന്നയുടെ ജനനം; അഞ്ചു മക്കളിൽ രണ്ടാമത്തെയാൾ. വളർന്നതു കോഴിക്കോട്ട്. പ്രോവിഡൻസ് കോളജും മലബാർ ക്രിസ്ത്യൻ കോളജും പിന്നിട്ട് ഇംഗ്ളിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതു മദ്രാസ് സർവകലാശാലയിൽ നിന്നാണ്. അവിടെ വച്ചാണ് സഹപാഠികളിൽ ചിലർ സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. ഒരു കൈ നോക്കാമെന്ന് അന്നയും തീരുമാനിച്ചു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി മൂന്നു വർഷത്തിനുശേഷം, 1950ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിലാണത്.

മകളെ കോളജ് അധ്യാപികയാക്കാൻ ആഗ്രഹിച്ചിരുന്ന വീട്ടുകാർക്ക് ‘പുരുഷൻമാരുടെ മേഖലയായ’ സിവിൽ സർവീസ് എന്നുകേട്ടപ്പോൾ എതിർപ്പായി. കിട്ടിയേ തീരൂ എന്ന് നിർബന്ധമില്ലാത്തതിനാൽ അന്ന അതു കാര്യമാക്കിയില്ല. എന്നാൽ, ഫലം വന്നപ്പോൾ ഏവരും ഞെട്ടി. കൂടെ എഴുതിയവരെല്ലാം പരാജയപ്പെട്ടപ്പോൾ അന്ന വിജയം കുറിച്ചു; കാലം ആ ചരിത്ര മുഹൂർത്തം അവർക്കായി കാത്തുവയ്ക്കുകയായിരുന്നു.

വിവാഹിതയായാൽ ജോലി പോകും!

1951ൽ അന്നത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ ആർ.എൻ.ബാനർജിയുടെ നേതൃത്വത്തിൽ ഇൻർവ്യൂ ബോർഡിനു മുന്നിലെത്തി. അവർ മുന്നോട്ടു വച്ചതാകട്ടെ മറ്റൊരു നിർദേശം. എന്തുകൊണ്ട് വിദേശകാര്യ സർവീസ് തിരഞ്ഞെടുത്തു കൂടാ? ഐഎഎസിനെക്കാൾ സ്ത്രീകൾക്ക് അനുയോജ്യമായിരിക്കും അതെന്നതായിരുന്നു ബോർഡിന്റെ ന്യായം. പക്ഷേ, അന്ന വഴങ്ങിയില്ല.

ക്രമസമാധാന പ്രശ്നമുണ്ടായാൽ സ്ത്രീയായ താങ്കൾ എന്തു ചെയ്യുമെന്നതായി അടുത്ത ചോദ്യം.

‘‘സാധാരണ ഒരു മനുഷ്യൻ എടുക്കുന്ന തീരുമാനം തന്നെയായിരിക്കുമെന്ന് ഉത്തരം. ആണായാലും പെണ്ണായാലും പ്രശ്നക്കാരെ കായികമായി നേരിടേണ്ടിവരുന്നില്ല. വിവേചന ബുദ്ധിയും സാഹചര്യവും അനുസരിച്ചുള്ള തീരുമാനമെടുക്കാൻ പുരുഷനൊപ്പം സ്ത്രീക്കും കഴിയും’’-അന്നത്തെ മറുപടി അന്ന ഓർക്കുന്നു.

ഒടുവിൽ, ‘വിവാഹിതയായാൽ സർവീസിൽ നിന്നു പിരിച്ചു വിടും’ എന്ന മുന്നറിയിപ്പുള്ള നിയമന ഉത്തരവോടെ മദ്രാസ് കേഡറിലേക്ക് ഇന്ത്യയിലെ ആദ്യ വനിതാ ഐഎഎസ്കാരി നടന്നു കയറി; ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ പുതിയൊരു അധ്യായം തുന്നിച്ചേർത്തുകൊണ്ട്. വിവാഹം വരെയേ തന്റെ ഐഎഎസ് ജീവിതത്തിന് ആയുസ്സുള്ളൂവെന്ന മുന്നറിയിപ്പുണ്ടായിട്ടും വിദേശകാര്യ സർവീസിലേക്കു മാറാതെ മുന്നോട്ടു പോകാനുള്ള തീരുമാനം ഐഎഎസിനെ രണ്ടായി പകുത്തെന്നു പറയാം - അന്നയ്ക്കു മുൻപും ശേഷവും! സ്വതന്ത്ര ഇന്ത്യയിലെ സ്ത്രീവിവേചനത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതപ്പെടുകയായിരുന്നു അവിടെ.

വിവാഹനിയമം രണ്ടുവർഷത്തിനുള്ളിൽ തിരുത്തി എന്നതു പിന്നീടുള്ള ചരിത്രം. അതോടെ, അന്നയ്ക്കു പ്രിയപ്പെട്ട ജോലി കൈവിടേണ്ടി വന്നില്ല. ഇന്ന്, സിവിൽ സർവീസ് രംഗത്ത് വനിതകളുടെ തിളക്കവും സാന്നിധ്യവും കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് അന്ന മൽഹോത്ര പറയുന്നു; ആ സ്ത്രീ മുന്നേറ്റത്തിന്റെ തുടക്കം തന്നിൽനിന്നാണെന്ന ഭാവമൊന്നുമില്ലാതെ.

ചെറിയ കുതിരയെന്ന ഒൗദാര്യം

അഞ്ചുപേരുടെ ബാച്ചായിരുന്നു. കുതിരയോട്ടം മുതൽ റൈഫിൾ ഉപയോഗം വരെ നീളുന്ന കഠിനമായ പരിശീലനക്കാലയളവിൽ പെണ്ണെന്ന ഔദാര്യം പലവട്ടം അന്നയെ തേടിവന്നു. കുതിരയോട്ടത്തിനു ചെറിയ കുതിരയെ നൽകാൻ തയാറായി. പക്ഷേ, ഒരു ഔദാര്യവും സ്വീകരിക്കാൻ അവർ തയാറല്ലായിരുന്നു. ‘‘പേടിയും ആശങ്കയുമില്ലായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതമായിരുന്നതിനാൽ കായിക പരിശീലനങ്ങൾ എനിക്ക് എളുപ്പമായി. എന്നെ നോക്കി പഠിക്കാൻ പുരുഷൻമാരോടു പരിശീലകൻ നിർദേശിക്കുന്നതു കേട്ടാണ് അവിടെനിന്നു പടിയിറങ്ങുന്നത്. ക്രമേണ പിന്തുണയും ബഹുമാനവും കൂടിവന്നു. എന്നാൽ, സ്ത്രീ ഉദ്യോഗസ്ഥയെ അംഗീകരിക്കാനുള്ള മടി അപ്പോഴും ബാക്കിനിന്നു’’- അന്ന പറഞ്ഞു.

പരിശീലനം തുടങ്ങിയ നാളുകളിലാണ് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ കാണുന്നത്. താങ്കളാണല്ലേ പ്രഥമ വനിത എന്ന ചോദ്യവുമായി അദ്ദേഹം ആശംസകൾ നേർന്നു. മദ്രാസ് സംസ്ഥാനം തിരഞ്ഞെടുത്ത അന്നയെത്തിയത് മുഖ്യമന്ത്രി സി.രാജഗോപാലാചാരിക്കു മുന്നിലേക്കാണ്. അടുത്ത കടമ്പ അവിടെ കാത്തുകിടക്കുകയായിരുന്നു.

യാഥാസ്ഥിതികനായിരുന്ന രാജഗോപാലാചാരിക്ക് സ്ത്രീകൾ ഐഎഎസിൽ എന്ന ആശയത്തോടുതന്നെ യോജിപ്പുണ്ടായിരുന്നില്ല. സബ് കലക്ടറായി നിയമിക്കുകയെന്നത് അദ്ദേഹത്തിനു ചിന്തിക്കാൻ പോലുമാകാത്ത കാര്യം. സെക്രട്ടേറിയറ്റിലെ തസ്തിക നൽകാനായിരുന്നു ശ്രമം. പക്ഷേ, അന്നയിലെ പോരാളി ഒതുങ്ങാൻ തയാറായില്ല. ഫീൽഡിൽ പ്രവർത്തിക്കാൻ ഒരവസരം നൽകാമോയെന്നു രാജഗോപാലാചാരിയോട് അഭ്യർഥിച്ചു. അങ്ങനെ ഹൊസൂർ ജില്ലയിൽ സബ്കലക്ടറായി നിയോഗിക്കപ്പെട്ടു.

വിളക്കായി മാറിയ സബ് കലക്ടർ

വൈദ്യുതി ഇല്ലാതിരുന്ന നാടായിരുന്നു അന്ന് ഹൊസൂർ. ഒരു മേഖലയുടെ വികസനത്തിന് ആദ്യംവേണ്ടത് വൈദ്യുതിയാണെന്ന് അവർ വാദിച്ചു. സെക്രട്ടേറിയറ്റിൽ പലവട്ടം പോയിവന്നു. ഒട്ടേറെ വാതിലുകളിൽ മു‍ട്ടിയപ്പോൾ, ലക്ഷ്യംവിടാതെ പിന്തുടർന്നപ്പോൾ ഹൊസൂരിൽ വൈദ്യുതിവിളക്കു തെളിഞ്ഞു. ആ വെളിച്ചത്തിൽനിന്നാണ് ഇപ്പോൾ കാണുന്ന ഹൊസൂർ പിറന്നത്. ബെംഗളൂരുവിനോടു ചേർന്നുകിടക്കുന്ന തമിഴ്നാട്ടിലെ ഹൊസൂർ ഇന്നു മുൻനിര വ്യവസായ നഗരമാണ്. പിന്നീടൊരു പൊതുയോഗത്തിൽ സി.രാജഗോപാലാചാരി സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ് അന്നയെന്നു പ്രശംസിച്ചത് ഒൗദ്യോഗിക ജീവിതത്തിലെ ഓർക്കുന്ന നിമിഷങ്ങളിലൊന്നാണെന്ന് അന്ന.

ഡിണ്ടിഗലിലും മദ്രാസിലും ജോലി ചെയ്തശേഷം കേന്ദ്ര സർവീസിലേക്കു പോയി. ഡപ്യുട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികൾ പിന്നിട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയായി. അതോടെ, കേന്ദ്രത്തിൽ വകുപ്പു സെക്രട്ടറിയാകുന്ന ആദ്യവനിതയുമായി. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിയായിരിക്കെ അടുപ്പമുണ്ടായിരുന്ന അന്ന, ഭക്ഷ്യക്ഷാമവേളയിൽ ഇന്ദിര എട്ടു സംസ്ഥാനങ്ങളിൽ നടത്തിയ പര്യടനവേളയിൽ അനുഗമിച്ചു; ഇന്ദിരയെ ഭയന്ന് അന്നത്തെ കേന്ദ്ര ഭക്ഷ്യമന്ത്രി യാത്രയിൽ നിന്ന് മാറിനിൽക്കവെയായിരുന്നു ഇത്. 

1982ലെ ഏഷ്യാഡ് പദ്ധതിയിൽ രാജീവ് ഗാന്ധിയുമായി ചേർന്നു പ്രവർത്തിച്ചു. എന്നാൽ, ഏറ്റവും ശ്രദ്ധേമായ പദ്ധതി നവിമുംബൈ നാവസേവയിലെ ജവാഹർലാൽ നെഹ്റു തുറമുഖ(ജെഎൻപിടി) നിർമാണമാണ്. രാജീവ് ഗാന്ധിയാണ് ആ ദൗത്യം ഏൽപിച്ചത്.

‘‘ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് തുറമുഖമായ ജെഎൻപിടിയുടെ നിർമാണത്തിനു വെല്ലുവിളികൾ ഏറെയായിരുന്നു. ചതുപ്പിൽനിന്നാണ് രാജ്യത്തിന്റെ അഭിമാനമായ ആ തുറമുഖം ഉയർന്നുവന്നത്. ഇന്ന് ഇന്ത്യയിലെ 45% ചരക്കുഗതാഗതം കൈകാര്യം ചെയ്യുന്ന തുറമാണ് ജെഎൻപിടി. ലോകത്തെ ഏറ്റവും മികച്ച 100 ചരക്കുതുറമുഖങ്ങളിൽ 31-ാം സ്ഥാനം. അഞ്ചു വർഷംകൊണ്ട് ഒരു അഴിമതി ആരോപണം പോലുമില്ലാതെ അതു നിർമിക്കാനായതിൽ അഭിമാനമുണ്ട്.’’-അന്ന മൽഹോത്ര പറഞ്ഞു. 1989ൽ പദ്ധതി പൂർത്തിയാക്കിയതിനു പിന്നാലെ പദ്മഭൂഷൺ ബഹുമതി തേടിയെത്തി.

മൽഹോത്ര കുടുംബത്തിലേക്ക്

റിസർവ് ബാങ്ക് ഗവർണറെന്ന നിലയിൽ ആർ.എൻ. മൽഹോത്രയെ പലരും അറിയും. എന്നാൽ, അന്ന രാജം ജോർജ് അന്ന മൽഹോത്ര ആയതെങ്ങനെ എന്നചോദ്യം ബാക്കിയാണ്.

പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ആർ.എൻ.മൽഹോത്ര ജനിച്ചത്. ഇന്ത്യ-പാക് വിഭജനത്തോടെ ഒറ്റ രാത്രികൊണ്ട് അഭയാർഥിയായ ഒരാൾ. അച്ഛനും അമ്മയും എട്ടു മക്കളും അടങ്ങുന്ന ആ കുടുംബം ഇന്ത്യയിലേക്കു പലായനം ചെയ്യുകയായിരുന്നു. 

ഡൽഹിയിലെത്തി അധികം കഴിയും മുൻപ് അച്ഛൻ മരണമടഞ്ഞു. ഇരുപതുകളുടെ തുടക്കത്തിൽ മൽഹോത്രയുടെ ചുമലിലായി കുടുംബം. ജോലിയും പഠനവും ഉത്തരവാദിത്തവും. അതിനിടെയായിരുന്നു ഐഎഎസ് പ്രവേശം.

ഒരേ ബാച്ചുകാരായിരുന്നു ആർ.എൻ. മൽഹോത്രയും അന്നയും. കാഴ്ചപ്പാടുകളിലെ സമാനതകളാണ് ഇരുവരെയും അടുപ്പിച്ചത്. 

എന്നാൽ, അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ കാത്തിരിപ്പിനു കാരണമായി. മൂന്നു സഹോദരിമാരെ വിവാഹം കഴിപ്പിച്ച് അയച്ച ശേഷമാണ് മൽഹോത്ര സ്വന്തം വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. നാൽപതു വയസ്സിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. മക്കളില്ല.

anna-malhothra.jpg.image.784.410

ആർ.എൻ.മൽഹോത്ര ആർബിഐ ഗവർണറായിരിക്കെയാണ് 500 രൂപ നോട്ട് പുറത്തിറക്കിയത്. കേന്ദ്ര ധനകാര്യ സെക്രട്ടറി, ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിൽ ഇന്ത്യയുടെ എക്സിക്യുട്ടിവ് ഡയറക്ടർ തുടങ്ങി വിവിധ പദവികൾക്കു ശേഷം ഡൽഹിയിൽ വിശ്രമജീവിത കാലത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. കുടുംബസുഹൃത്തായിരുന്ന ലീല ഹോട്ടൽ സ്ഥാപകൻ ക്യാപ്്റ്റൻ കൃഷ്ണൻ നായരാണ് മുംബൈയിലേക്കു ക്ഷണിച്ചത്. അവരുടെ വീടിനും ഹോട്ടലിനും അടുത്താണ് ഇപ്പോൾ അന്ന മൽഹോത്രയുടെ താമസം.

തിരുവനന്തപുരത്ത് ഒരു സഹോദരനും കുടുംബവുമുണ്ട്. സഹോദരി യുഎസിലും. ബുദ്ധിമുട്ടായതിനാൽ നാട്ടിലേക്കുള്ള യാത്രകൾ കുറച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നയാളുടെ ആകാംക്ഷയോടെ തൊണ്ണൂറാം വയസ്സിലും പുസ്തകങ്ങൾ വായിച്ചും പുതിയ കാര്യങ്ങൾ പഠിച്ചുമെല്ലാം സന്തോഷം കണ്ടെത്തുന്നു. സ്ത്രീ വിവേചനത്തിന്റെ വലിയ മതിൽക്കെട്ടു മറികടന്ന, വരുംതലമുറയിലെ സ്ത്രീകൾക്ക് ഐഎഎസിലേക്കു വഴിതുറന്നയാളാണെന്ന ഭാവം വാക്കിലോ പ്രവർത്തിയിലോ ഇല്ല. 

വലുതായൊന്നും എഴുതേണ്ടെന്ന് ഇടയ്ക്കിടെ പറയുന്നു...തന്റേതൊരു ചെറിയ ജീവിതമാണെന്ന് പറഞ്ഞു കൂപ്പുകൈകളോടെ പുഞ്ചിരിക്കുന്നു; ഐഎഎസുകാരികളുടെ ‘അമ്മ’.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :