കുറച്ചു നാളുകളായി നമ്മുക്കിടയിൽ പ്രശസ്തമാണ് ഓട്സ്. യൂറോപ്യൻ നാടുകളിലും അമേരിക്കൻ നാടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ധാന്യമാണ് ഇത്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഓട്സിൽ വൈറ്റമിനുകൾ, മിനറൽ, ആന്റിക്സിഡന്റ് എന്നിവയും നാരുകളുമുണ്ട്. ഇവയിൽ സോഡിയം നന്നെ കുറവാണ്.
ഓട്സിൽ കൂടുതൽ എനർജി കിട്ടുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്. 66% കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഓട്സിൽ 11% വും നാരുകളാണ്. ഓട്സിന്റെ ഒട്ടുമിക്ക ഗുണങ്ങൾക്കും കാരണം ഇവയിലെ നാരുകളിൽ ഒന്നായ ബീറ്റ ഗ്ലൂക്കനാണ്. ഇവയെ കൂടാതെ lignin, Cellulose, hemicelluloseഎന്നീ നാരുകളും ഓട്സിൽ അടങ്ങിയിട്ടുണ്ട്.
ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നൽ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്സിനുണ്ട്. ബീറ്റ ഗ്ലൂക്കന് ജെൽ പോലെയുള്ള സൊല്യൂഷൻ ഉണ്ടാക്കാനുള്ള കഴിവാണ് ഇതിനു സഹായിക്കുന്നത്. ഓട്സ് ധാന്യത്തിൽ 2.3 – 8–5% വരെ ബീറ്റ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്.
ബീറ്റ ഗ്ലൂക്കന് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും ആഗിരണം കുറച്ച് ഡൈജസ്റ്റീവ് കണ്ടന്റിന്റെ വിസ്കോസിറ്റി കൂട്ടിയും ബൈൽ ആസിഡിന്റെ പുറംതള്ളൽ കൂട്ടുകയും ചെയ്താണ് കെളസ്ട്രോൾ കുറയ്ക്കുന്നത്. 3gm ബീറ്റ ഗ്ലൂക്കൻ നിത്യവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.
ഓട്സിന്റെ നാരുകൾക്കു പ്രമേഹത്തെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ടെങ്കിലും അത്താഴമായി ഓട്സ് മീലിന്റെ പായസമോ കഞ്ഞിയോ കഴിക്കുന്നത് ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികളിൽ രാത്രികാലങ്ങളിൽ ഷുഗർ കുറഞ്ഞുപോകുന്നതായി കാണാറുണ്ട്.