ക്രൊയേഷ്യയെ ഫുട്ബോള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ മോഡ്രിച്ച്

ലൂക്കാ മോഡ്രിച്ചെന്ന മിഡ്ഫീല്‍ഡ് ജനറലിന്റെ ലോകവേദിയിലെ അവസാന മല്‍സരമാകുമിത്. ക്രൊയേഷ്യ എന്ന രാജ്യത്തെ ഫുട്ബോള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയാണ് മോഡ്രിച്ച് കളമൊഴിയുന്നത്.

2006ലെ അര്‍ജന്‍റീന ക്രൊയേഷ്യ സൗഹൃദ മല്‍സരം പിന്നീട് അറിയപ്പെട്ടത് ലയണല്‍ മെസിയുടെ ആദ്യ രാജ്യാന്തര ഗോളിന്‍റെ പേരില്‍. അതില്‍ മുങ്ങിപ്പോയി ലൂക്ക മോഡ്രിച്ചിന്‍റെ അരങ്ങേറ്റം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ അവസാന ലോകകപ്പ് മല്‍സരത്തിന് മോഢ്രിച്ചിറങ്ങുമ്പോള്‍ കാല്‍പന്ത് പ്രേമികള്‍ പറയുന്നു. നന്ദി ലൂക്ക.. നന്ദി.

റഷ്യന്‍ ലോകകപ്പിന്‍റെ ഫൈനലില്‍ മോഡ്രിച്ച് ബൂട്ടുകെട്ടിയപ്പോള്‍ താരത്തിന്‍റെ അവസാന ലോകകപ്പെന്ന്  ലോകം വിധിയെഴുതിയിരുന്നു. എന്നാല്‍ എല്ലാ മൂന്‍വിധികളെയും മറികടന്ന് മോ‍ഡ്രിച്ച് ഖത്തറില്‍ ബൂട്ടുകെട്ടി. ടീമിനെ സെമിയിലെത്തിച്ചു. പ്രതാപകാലത്തെ ഫോമും പന്തടക്കവും അതേപോലെ ആവര്‍ത്തിച്ചില്ലായിരിക്കാം. പക്ഷെ തന്‍റെ അവസാനതുള്ളി വിയര്‍പ്പു വരെ അയാള്‍ തന്‍റെ ടീമിനായി പൊരുതിനിന്നു. മോഡ്രിച്ച് ലോകവേദിയില്‍ നിന്ന് കളമൊഴിയുന്നത് ക്രൊയേഷ്യയുടെ മധ്യനിരയില്‍ മാത്രമല്ല ഫുട്ബോള്‍ ആരാധകരുടെ മനസ്സിലും വലിയൊരു ശൂന്യത ബാക്കിവച്ചാണ്. 

1998ല്‍ സൂക്കറും സ്റ്റിമാച്ചുമെല്ലാം തുടങ്ങിവച്ച ക്രൊയേഷ്യയുടെ ഫുട്ബോള്‍ പാരമ്പര്യത്തെ അതിന്‍റെ പാരമത്യത്തില്‍ എത്തിച്ചാണ് ലൂക്ക മോഡ്രിച്ച് പടിയിറങ്ങുന്നത്. ഇക്കാലയളവില്‍ ക്രൊയേഷ്യയ്ക്കായി അഞ്ച് ലോകകപ്പുകളിലിറങ്ങി. കഴിഞ്ഞ തവണത്തെ നേടിയ രണ്ടാം സ്ഥാനമാണ് ലോകവേദിയിലെ മികച്ച പ്രകടനം.