അഞ്ചു ലോകകപ്പുകളിൽ ഗോൾ; കളത്തിൽ മറുപടി; ചരിത്രംകുറിച്ച് റൊണാൾഡോ

അഞ്ചുലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ചരിത്രംകുറിച്ചു.  2006ല്‍ ഇറാനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ ലോകകപ്പ് ഗോള്‍ . ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമെന്ന് നേട്ടവും ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം

എഴുതിത്തള്ളാനൊരുങ്ങിയവര്‍ക്ക് ആദ്യ മല്‍സരത്തില്‍ തന്നെ മറുപടി. വിജയം ദാഹിക്കുന്ന പോരാളിയായി റോണോ ഖത്തറിലും വരവറിയിച്ചു. അതും ലോകറെക്കോര്‍ഡുമായി. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യതാരം. 

ലോകകപ്പില്‍ റൊണാള്‍ഡോയുടെ കയ്യൊപ്പ് പതിയുന്നത് 2006ല്‍.  ഇറാനെതിരെ ലോകകപ്പിലെ ആദ്യഗോള്‍.

പിന്നീട് 2010ലും 2014ലും ഓരോഗോള്‍ വീതം. റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പായിരുന്നു 2018ല്‍ റഷ്യയിലേത്. ആകെ നേടിയത് 4 ഗോളുകള്‍. ആദ്യമല്‍സരത്തില്‍ത്തന്നെ സ്പെയിനിനെതിരെ ഹാട്രിക്. അതിലൊന്ന് ലോകമെമ്പാടുമുള്ള ആരാധകരെ ആനന്ദത്തിന്‍റെ പരകോടിയിലെത്തിച്ച അവസാന നിമിഷത്തെ ആ ഫ്രീകിക്. ഇനിയും ശബ്ദിക്കട്ടെ ആ ബൂട്ടുകള്‍. പറങ്കിപ്പടയുടെ വീരനായകനെ കാലം ഇനിയും വാഴ്ത്തിപ്പാടട്ടെ.