ക്രിസ്റ്റ്യാനോ 2026ലെ ലോകകപ്പ് കളിക്കുമോ? പ്രതികരണവുമായി ജോര്‍ജീന

2024 യൂറോ കപ്പോടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൂട്ടഴിക്കുമോ എന്നതാണ് ആരാധകരുടെ ചോദ്യം. അതോ 2026 ലോകകപ്പ് വരെ ക്രിസ്റ്റ്യാനോ തുടരുമോ? ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിരമിക്കല്‍ സംബന്ധിച്ച് നിര്‍ണായക പ്രതികരണം നടത്തുകയാണ് ഗേള്‍ഫ്രണ്ട് ജോര്‍ജിന ഇപ്പോള്‍. 

പാരിസ് ഫാഷന്‍ വീക്കില്‍ വെച്ച് ക്രിസ്റ്റ്യാനോയുടെ ഭാവിയെ പറ്റി ജോര്‍ജിന പറയുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. 'ഒരു വര്‍ഷം കൂടി. അതോടെ അവസാനിക്കും. ചിലപ്പോള്‍ രണ്ട് വര്‍ഷം. എനിക്കറിയില്ല', വിഡിയോയില്‍ ജോര്‍ജീന പറയുന്നു.  യുഎസും മെക്സിക്കോയും കാനഡയും ചേര്‍ന്ന് വേദിയൊരുക്കുന്ന 2026 ലോകകപ്പ് കളിക്കാന്‍ ക്രിസ്റ്റ്യാനോ എത്തിയേക്കും എന്ന സൂചനയാണ് ജോര്‍ജീന നല്‍കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

ഖത്തര്‍ ലോകകപ്പിലെ നിര്‍ണായകമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്കെതിരെ പോലും തങ്ങളുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന് എതിരേയും പോര്‍ച്ചുഗല്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ക്രിസ്റ്റ്യാനോ ഇടംപിടിച്ചിരുന്നില്ല.  മത്സര തന്ത്രത്തിന്റെ ഭാഗം എന്ന് മുന്‍ പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ഇതിനെ പറയുമ്പോഴും ക്രിസ്റ്റ്യാനോയുടെ ദേശിയ ടീമിലെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞു എന്ന് അവിടെ വ്യക്തമായിരുന്നു. എന്നാല്‍ 2024 യൂറോ കപ്പ് കളിക്കാന്‍ താനുണ്ടാവും എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. ഇതോടെ യൂറോ കപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹം ശക്തമായി.

2026 ലോകകപ്പിലേക്ക് എത്തുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ പ്രായം 41 ആവും. പോര്‍ച്ചുഗലിനായി 250 മല്‍സരങ്ങള്‍ എന്ന ലക്ഷ്യം തൊടുന്നതിലേക്കാണ് തനിക്ക് താല്‍പര്യം എന്ന് ക്രിസ്റ്റ്യാനോ പറഞ്ഞതായി പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് വെളിപ്പെടുത്തിയിരുന്നു. യൂറോ ക്വാളിഫയറുകളില്‍ ക്രിസ്റ്റ്യാനോയെ മാര്‍ട്ടിനസ് ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോ ഇല്ലാതെ ജയിക്കാന്‍ ശീലിക്കുകയാണ് പോര്‍ച്ചുഗല്‍ എന്ന പരാമര്‍ശവും മാര്‍ട്ടിനസില്‍ നിന്ന് വന്നിരുന്നു. 

Will Cristiano Ronaldo plays 2026 world cup, Girlfriends reaction