ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോയ്ക്ക് സസ്പെന്‍ഷന്‍

സൗദി ലീഗില്‍ അല്‍ ശബാബിന് എതിരായ മല്‍സരത്തിന് ഇടയില്‍ ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ നടപടി. ഒരു മല്‍സരത്തില്‍ നിന്ന് ക്രിസ്റ്റ്യാനോയ്ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു. ഗ്യാലറിയില്‍ നിന്ന് അല്‍ ശബാബ് ആരാധകര്‍ മെസി വിളികളുമായി പ്രകോപിപ്പിച്ചപ്പോഴാണ് ക്രിസ്റ്റ്യാനോ അശ്ലീല ആംഗ്യവുമായി പ്രതികരിച്ചത്. 

സൗദി ഫുട്ബോള്‍ ഫെഡറേഷന്റെ ഡിസിപ്ലിനറി എത്തിക്സ് കമ്മിറ്റിയാണ് ക്രിസ്റ്റ്യാനോയെ ഒരു മല്‍സരത്തില്‍ നിന് സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. 20,000 സൗദി റിയാല്‍ പിഴയും ക്രിസ്റ്റ്യാനോ നല്‍കണം. വിജയിച്ചതിനെ സൂചിപ്പിക്കുന്ന ആംഗ്യമാണ് തന്നില്‍ നിന്ന് വന്നതെന്നും ഇത് യൂറോപ്പില്‍ സാധാരണമാണ് എന്നുമാണ് ക്രിസ്റ്റ്യാനോ എത്തിക്സ് കമ്മറ്റിക്ക് മുന്‍പാക് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അല്‍ ശബാബിനെതിരെ അല്‍നസര്‍ 2–3ന് ജയിച്ചുകയറിയ കളിയിലാണ് ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്ന് മോശം പ്രതികരണം ആരാധകര്‍ക്ക് നേരെ ഉണ്ടായത്. ക്രിസ്റ്റ്യാനോയുടെ പ്രതികരണത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമായിരുന്നു. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും എത്ര പ്രശസ്തനാണെങ്കിലും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നുമുള്ള പ്രതികരണങ്ങളാണ് ക്രിസ്റ്റ്യാനോയ്ക്ക് എതിരെ ഉയര്‍ന്നത്.

ഇത് ആദ്യമായല്ല ക്രിസ്റ്റ്യാനോയുടെ പെരുമാറ്റത്തിന് നേരെ വിമര്‍ശനം ഉയരുന്നത്. ഈ മാസം ആദ്യം ടണലിലേക്ക് നടക്കുന്നതിന് ഇടയില്‍ ഗ്യാലറിയില്‍ നിന്ന് ആരോ എറിഞ്ഞ സ്കാര്‍ഫ് കയ്യിലെടുത്ത് ക്രിസ്റ്റ്യാനോ തന്റെ ഷോര്‍ട്സിനുള്ളിലേക്ക് വെച്ച് വലിച്ചെറിഞ്ഞതും ചര്‍ച്ചയായിരുന്നു. സീസണ്‍ കപ്പ് ഫൈനലില്‍ അല്‍ നസര്‍ തോറ്റതിന് പിന്നാലെയായിരുന്നു ഇത്.

Cristiano Ronaldo suspended from one match over obscene gesture