അർജന്റീന വീണപ്പോൾ നെഞ്ചുപിടഞ്ഞ് നിബ്രാസ്; ആശ്വാസമായി മന്ത്രി; വൈറലായി 13കാരൻ

ഖത്തര്‍ ലോകക്കപ്പ് മല്‍സരത്തില്‍ അർജന്റീനയുടെ അപ്രതീക്ഷിത  തോൽവിയില്‍ നൊമ്പരപ്പെട്ട നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതില്‍ കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസിന്റെ വീഡിയോ ടീമിന്റെ പ്രധാന എതിരാളികളായ ബ്രസീല്‍ ആരാധകരെ പോലും വിഷമിപ്പിക്കുന്നതായിരുന്നു. എന്നാല്‍ നിബ്രാസിന് ആശ്വാസം പകര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെ നാട്ടിലും സ്കൂളിലും താരമായി മാറിയിരിക്കുകയാണ് ഈ പതിമൂന്നുകാരന്‍.  

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ആദ്യ മത്സരത്തിൽ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ ലോകമെമ്പാടുമുള്ള ആരാധകരെ പോലെ നിബ്രാസും നിരാശനായി. തോൽവിയുടെ നൊമ്പരത്തിനൊപ്പം നീലപ്പട തിരിച്ചുവരുമെന്ന പ്രതീക്ഷയും ആരാധകർ പങ്കു വച്ചപ്പോൾ അവരുടെ മുഖമായി മാറുകയായിരുന്നു നിബ്രാസ്.  സൗദിയോടുള്ള തോല്‍വിക്ക് പിന്നാലെ കളി കാണാന്‍ കൂടെയുണ്ടായിരുന്നവരാണ് നിബ്രാസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിബ്രാസും നിബ്രാസിന്റെ വീഡിയോയും വൈറലായി.  തൊട്ടുപിന്നാലെ ബ്രസീല്‍ ആരാധകനാണെങ്കിലും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും നിബ്രാസിന് ആശ്വാസം പകര്‍ന്ന് വീഡിയോ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചു. ഇതോടെ നിബ്രാസ് നാട്ടിലെ താരമായി.

വീഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി ഫുട്ബോൾ ആരാധകരാണ് നിബ്രാസിനെ കാണാനായി എത്തുന്നത്. തൃക്കരിപ്പൂർ മണിയനോടി കദീജയുടെയും നൗഫലിന്റെയും മകനാണ്  ഉദിനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ നിബ്രാസ്.