ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യാ - ഖത്തർ ധാരണ

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യാ - ഖത്തർ ധാരണ. ഖത്തർ ഭരണാധികാരി ഷൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിൽ നരേന്ദ്രമോദി ഖത്തർ അമീറിന് നന്ദി പറഞ്ഞു. 

വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശം, സാംസ്‌കാരിക രംഗത്തെ വികസനം തുടങ്ങിയ മേഖലകളിലെ ഉഭയ കക്ഷി ബന്ധം ഖത്തർ അമീർ ഷൈഖ് തമീ ബിൻ ഹമദ് അൽ താനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച ചെയ്തു. ഒപ്പം ഖത്തറിൽ തടവിലായിരുന്ന മുൻ നാവികരോ മോചിപ്പിച്ചതിനും   ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിലുംമോദി അമീറിന് നന്ദി പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഖത്തറും ഇന്ത്യയും തമ്മിലുള്ള പ്രദേശികവും ആഗോളവുമായ വിഷയങ്ങളിലും ഖത്തർ അമീറുമായി ചർച്ച നടന്നുവെന്നും ചർച്ച ഫലപ്രദമായിരുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺദിർ ജെയ്‌സവാൾ വ്യക്തമാക്കി. രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്നലെ രാത്രിയാണ് നരേന്ദ്രമോദി ദോഹയിൽ എത്തിയത്. 

ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ ജാബർ അൽ ജാബർ എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് മോദിക്ക് നൽകിയത്. തുടർന്ന്  ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനി ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തു. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളിൽ ചർച്ചയായി.  പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഖത്തർ സന്ദർശിക്കുന്നത്.