അംബാനിക്കും അദാനിക്കുമെതിരെ മോദി; രാഹുലിന് എത്ര ചാക്ക് കള്ളപ്പണം കിട്ടിയെന്ന് ചോദ്യം

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഹുല്‍ ഗാന്ധി അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് നിര്‍ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം എത്ര ചാക്ക് കണക്കിന് കിട്ടിയെന്ന് യുവരാജാവ് വെളിപ്പെടുത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ബിജെപിക്ക് വ്യവസായികളുമായുള്ള ചങ്ങാത്തം തുറന്നുകാട്ടുകയാണ് രാഹുല്‍ ചെയ്തതെന്ന് പ്രിയങ്ക ഗാന്ധി വാധ്‍ര പ്രതികരിച്ചു. ഇരിപ്പിടം ഇളകാന്‍ തുടങ്ങിയതോടെ മോദി തന്‍റെ സുഹൃത്തുകളെ ആക്രമിക്കാന്‍ തുടങ്ങിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.  

രാഹുല്‍ ഗാന്ധിക്കൊപ്പം അംബാനിയെയും അദാനിയെയും ചേര്‍ത്ത് തെലങ്കാനയിലെ കരിംനഗറില്‍ നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത പരാമര്‍ശം രാഷ്ട്രീയ നിരീക്ഷകരില്‍ അമ്പരപ്പുണ്ടായിരിക്കുകയാണ്. അഞ്ചു വര്‍ഷമായി രാഹുല്‍ ഗാന്ധി അംബാനി, അദാനി എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് മോദി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് രാഹുല്‍ നിര്‍ത്തി. എത്ര പണം കിട്ടയെന്നും എന്താണ് രഹസ്യഒത്തുതീര്‍പ്പെന്നും രാഹുല്‍ വ്യക്തമാക്കണം. കള്ളപ്പണം എത്ര ചാക്ക് കണക്കിന് കിട്ടി.  

അദാനിയെയും അംബാനിയെയും കുറിച്ച് രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി വധ്‍ര. കര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്തപ്പോഴും മോദി തന്‍റെ കൂട്ടുകാരുടെ 16 ലക്ഷം കോടി വായ്പ എഴുതിത്തള്ളിയെന്നും പ്രിയങ്ക.  മോദി അംബാനിയെയും അദാനിയെയും ആക്രമിക്കാന്‍ തുടങ്ങിയത് തിരഞ്ഞെടുപ്പിന്‍റെ ഫല സൂചനയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. സമയം മാറുന്നു. സുഹൃത്തുക്കള്‍ സുഹൃത്തുക്കളല്ലാതായി മാറുന്നു. മോദിയുടെ ഇരിപ്പിടം ഇളകാന്‍ തുടങ്ങിയെന്നും ഖര്‍ഗെ എക്സില്‍ കുറിച്ചു. 

Modi against ambani and adhani