ഇറാനെ ഒഴിവാക്കാൻ ഫിഫയ്ക്ക് കത്ത്; കറുത്ത ജാക്കറ്റിൽ ഇറാൻ ടീം

ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ ഫുട്ബോള്‍ ടീമിനെ ഒഴിവാക്കണണെന്ന് ആവശ്യപ്പെട്ട്  ഫിഫയ്ക്ക് കത്ത്.  ഇറാനിലെ സ്‍ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന  ഓപ്പണ്‍ സ്റ്റേഡിയം സംഘടനയാണ് കത്തയച്ചത്. അതേസമയം കറുത്ത ജാക്കറ്റ് ധരിച്ചാണ്  ഇറാന്‍ ഫുട്ബോള്‍ ടീം കളത്തിലിറങ്ങിയത്.    

മഹ്സ അമേനിയ്ക്കായി ഇറാനില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം ഇന്ന് ലോകംമുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു.  അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഇറാനില്‍ ലംഘിക്കപ്പെടുമ്പോള്‍ ലോകകപ്പ് പോലൊരു വേദിയില്‍ ദേശീയ ടീമിനെ പങ്കെടുപ്പിക്കരുതെന്നാണ്  ഓപ്പണ്‍ സ്റ്റേഡിയം സംഘടനയുടെ ആവശ്യം. ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരെ രൂക്ഷമായി പ്രതികരിച്ച സംഘടന, സ്‍ത്രീകളെ വേട്ടയാടുന്ന ഭരണകൂടത്തിന് പിന്തുണ നല്‍കുകയാണ് ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷനെന്ന് വിമര്‍ശിച്ചു.   ഇറാനില്‍ ഫുട്ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വനിതകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓപ്പണ്‍ സ്റ്റേഡിയം വര്‍ഷങ്ങളായി പ്രചാരണം നടത്തിവരികയാണ്. 1979ന് ശേഷം ആദ്യമായി, ആഴ്ചകള്‍ക്ക് മുമ്പാണ് ഒരു പ്രാദേശിക മല്‍സരം കാണാന്‍ സ്ത്രീകളെ സ്റ്റേഡിയത്തില്‍ അനുവദിച്ചത്.  അതേസമയം അമേനിയുടെ മരണത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത ജാക്കറ്റണിഞ്ഞാണ് ഇറാന്‍ ഫുട്ബോള്‍ കഴിഞ്ഞദിവസം നടന്ന സൗഹ‍ൃദ മല്‍സരത്തില്‍ ദേശീയഗാനം പാടാന്‍ അണിനിരന്നത്.