യുവാവിന്റെ ശവകുടീരത്തിനരികില്‍ മുടി മുറിച്ച് പൊട്ടിക്കരഞ്ഞ് സഹോദരി; വിഡിയോ

ടെഹ്‌റാന്‍: ഇറാനില്‍ ശക്തമായി അരങ്ങേറുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ മരിച്ച യുവാവിന്റെ ശവകുടീരത്തിന് അരികില്‍ അലറിക്കരഞ്ഞുകൊണ്ട് സഹോദരി മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ നൊമ്പരക്കാഴ്ചയാകുന്നു. ജാവേദ് ഹെയ്ദാരിയെന്ന യുവാവാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. സംസ്‌കാരച്ചടങ്ങില്‍ നിരവധി സ്ത്രീകള്‍ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. ജാവേദിന്റെ സഹോദരി പൊട്ടിക്കരഞ്ഞുകൊണ്ട് സ്വയം മുടി മുറിച്ച് ശവമഞ്ചത്തിലിടുന്ന വിഡിയോയാണ് വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ചുറ്റുമുള്ള സ്ത്രീകള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ മുടിമുറിച്ചാണ് ഇറാന്‍ വനിതകള്‍ തങ്ങളുടെ പ്രതിഷേധവും രോഷവും പ്രകടിപ്പിക്കുന്നത്.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനില്‍സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് പ്രക്ഷോഭം രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. 9 ദിവസം പിന്നിട്ട പ്രതിഷേധത്തില്‍ സുരക്ഷാസൈനികര്‍ അടക്കം 41 പേര്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ ടിവി അറിയിച്ചു. കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണു പ്രക്ഷോഭം ഏറ്റവും രൂക്ഷം. മേഖലയിലെ ഓഷന്‍വീഹ് നഗരം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നു കുര്‍ദു മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. 

അതേസമയം അമിനിയെ മരണം സംബന്ധിച്ച അന്വേഷണത്തിന് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉത്തരവിട്ടു. നിലവില്‍ നടക്കുന്നതു ജനകീയ പ്രക്ഷോഭമല്ല, രാജ്യത്തിനെതിരെയുള്ള കലാപമാണെന്നും പ്രസിഡന്റ് പറഞ്ഞു. യുഎസിലെ കസ്റ്റഡി മരണം ചൂണ്ടിക്കാട്ടി വിഷയത്തില്‍ യുഎന്‍ അടക്കമുള്ളവര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ബ്രിട്ടന്‍, നോര്‍വേ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധം അറിയിച്ചതായി വിദേശ മന്ത്രാലയം വ്യക്തമാക്കി. ലണ്ടന്‍ ആസ്ഥാനമായ പേര്‍ഷ്യന്‍ ഭാഷയിലുള്ള മാധ്യമങ്ങളിലെ വാര്‍ത്തകള്‍ സംഘര്‍ഷാന്തരീക്ഷം വളര്‍ത്തിയെന്നാരോപിച്ചാണിത്. പാര്‍ലമെന്റ് സ്പീക്കര്‍ പ്രക്ഷോഭത്തിന് ട്വിറ്ററിലൂടെ പിന്തുണ പ്രഖ്യാപിച്ചതാണ് നോര്‍വേയ്‌ക്കെതിരെ തിരിയാന്‍ കാരണം. ഇതിനിടെ സര്‍ക്കാര്‍ അനുകൂലികളും പ്രക്ഷോഭകര്‍ക്കെതിരെ തെരുവിലിറങ്ങിയിട്ടുണ്ട്.