ജീവിതം മാത്രമല്ല, ജീവിത സഖിയും ടെന്നിസിൽ നിന്ന് ലഭിച്ച ഭാഗ്യം; ഫെഡറർ- മിർക പ്രണയകഥ

ടെന്നിസെന്നാല്‍ പ്രണയമാണ് ഫെഡറര്‍ക്ക്. ജീവിതം മാത്രമല്ല, ജീവിത സഖിയേയും ടെന്നിസ് ഫെഡറര്‍ക്ക് സമ്മാനിച്ചു. 2000–ലെ സിഡ്നി ഒളിംപിക്സിനായുള്ള ടെന്നിസ് ടീമില്‍ നിന്നാണ് മിര്‍കയെ ഫെഡറര്‍ സ്വന്തമാക്കിയത്.

സിഡ്നി ഒളിംപിക്സ്. ടെന്നിസ് ടീമിലെ മിര്‍ക വാവറിന്‍കോവയ്ക്ക് പിന്നാലെ ബാക്ക് സ്ട്രീറ്റ് ബോയ്സിന്റെ പാട്ടുകള്‍ പാടി തന്നെ ചെറുക്കന്‍ അവര്‍ക്ക് ശരിക്കും ഒരു തലവേദനായിരുന്നു. ആദ്യമൊക്കെ ചീത്ത പറഞ്ഞ് ഓടിക്കാന്‍ നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒളിംപിക്സിന്റെ സമാപന ദിവസം യാത്ര പറയുമ്പൊഴേക്കും അവന്‍ അവളുെട ഹൃദയം കവര്‍ന്നിരുന്നു. 2 വയസ്സ് മൂത്ത മിർകയുമായി അടുപ്പത്തിലായതോടെ കോർട്ടിലും ഇരുവരും ഒന്നിച്ചു. 2002ലെ ഹോപ്മാൻ കപ്പിൽ മിക്സ്ഡ് ഡബിൾസിൽ ഇരുവരും ഒന്നിച്ചിറങ്ങി. പക്ഷേ, ശോഭിച്ചില്ല. പരുക്കുമൂലം ആ വർഷം മിർക കോർട്ടിനോടു വിടപറയുകയും ചെയ്തു. 

ടെന്നിസ് നിർത്തിയെങ്കിലും ഫെഡ് എക്സ്പ്രസ് കുതിപ്പിന് പിന്നില്‍ നിഴലായി അവര്‍ ഉണ്ടായിരുന്നു. 2009 ഏപ്രിൽ 11ന് ഇരുവരും വിവാഹിതരായി. അതുവരെ ഫെഡററുടെ ഷെൽഫിൽ ഫ്രഞ്ച് ഓപ്പൺ കിരീടം മാത്രം ഉണ്ടായിരുന്നില്ല. മിർകയെ ജീവിതപങ്കാളിയാക്കി കൃത്യം ഒരു മാസത്തിനുശേഷം നടന്ന 2009ലെ ഫ്രഞ്ച് ഓപ്പണിൽ ഫെഡറർ ജേതാവായി. ഫെഡററുടെ ഒരേയൊരു ഫ്രഞ്ച് ഓപ്പൺ കിരീടം. ഈ വിരമിക്കലിലും ഫെഡറര്‍ക്കൊപ്പം കരുത്തായി അവരുണ്ടാകും.