സ്വിറ്റ്സര്‍ലന്‍ഡിലെ ടെന്നിസ് കോര്‍ട്ടില്‍ പന്തുപെറുക്കി നടന്ന പയ്യന്‍ ടെന്നിസ് ലോകത്തിന്റെ രാജാവായ കഥ

പവര്‍ ടെന്നിസിനെ മറികടക്കുന്ന നൈപുണ്യവും നൈസര്‍ഗിക കളിയും ആണ് റോജര്‍ ഫെ‍ഡററെ ടെന്നിസ് കോര്‍ട്ടിലെ ഇതിഹാസമാക്കിയത്. 24 വര്‍ഷം 24 മണിക്കൂര്‍ പോലെ തോന്നിയെന്ന് ഫെ‍ഡെക്സ് പറയുമ്പോള്‍ ആ കരിയറിന്റെ മാഹാത്മ്യം വ്യക്തം. സ്വിസ് ചോക്ലേറ്റുകള്‍ നുണഞ്ഞിറക്കുന്നതുപോലെയാണ് ടെന്നിസ് പ്രേമികള്‍ ഫെഡററുടെ കളി ആസ്വദിച്ചത്.

സ്വിറ്റ്സര്‍ലന്‍ഡിലെ ടെന്നിസ് കോര്‍ട്ടില്‍ പന്തുപെറുക്കി നടന്ന പയ്യനാണ് ടെന്നിസ് ലോകത്തിന്റെ രാജാവായി മാറിയത്. സര്‍വ് ആന്‍ഡ് വോളി ഗെയിമിന്റെ പ്രയോക്താവ്. പ്രതിഭയും കുലീനതയും നിറഞ്ഞ താരം.  റോജര്‍ ഫെഡററുടെ സൗന്ദര്യംപോലെതന്നെ ആയിരുന്നു റാക്കറ്റില്‍നിന്ന് പറന്ന ഓരോ ഷോട്ടും. റോജറുടെ സര്‍വുകള്‍ വായിച്ചെടുക്കാന്‍ എതിരാളികള്‍ ഏറെ പ്രയാസപ്പെടുന്നത് ടെന്നിസ് കോര്‍ട്ട് പലവട്ടം കണ്ടു. അവിശ്വനീയ സാങ്കേതികജ്ഞാനം, അതിവേഗത്തിലുള്ള പാദചലനങ്ങളും കൈക്കുഴയുടെ വഴക്കവും അസാധ്യ ആംഗിളുകളിലേക്ക് ഷോട്ട് പായിക്കാനുള്ള കരുത്തായി. ബേസ് ലൈനില്‍ ഊന്നി കളിക്കുമ്പോഴും നെറ്റ് ഷോട്ടുകള്‍ പായിച്ച് എതിരാളിയെ കബളിപ്പിക്കാനുമായി. 

കോര്‍ട്ട് അളന്നുള്ള കളി, ശരീരനിയന്ത്രണം, ശക്തിയുള്ളതും കൃത്യതയുള്ളതുമായ ഗ്രൗണ്ട് സ്ട്രോക്കുകള്‍, കണ്ണഞ്ചിപ്പിക്കും വേഗത്തില്‍ വോളി, ഒരു കൈകൊണ്ടുള്ള ബാക് ഹാന്‍ഡ് ഷോട്ടുകള്‍, റിട്ടേണുകള്‍ക്കായി നീളമുള്ള സ്റ്റെപ്പുകള്‍, ചെത്തിയിടുന്ന പ്രതിരോധ ഷോട്ടുകള്‍  അങ്ങനെ ടെന്നിസ് സൗന്ദര്യത്തിന്റെയും കരുത്തിന്റെ എത്രയെത്ര ഷോട്ടുകള്‍. ഇതിന്റെയെല്ലാം പാരമ്യംകണ്ടത് വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടിലാണ്. പിന്നെ ഹാര്‍ഡ് കോര്‍ട്ടിലും. നേടിയ 20 കിരീടങ്ങളില്‍ 19ഉം പുല്‍കോര്‍ട്ടില്‍നിന്നും ഹാര്‍ഡ്കോ‍ര്‍ട്ടില്‍ നിന്നുമായിരുന്നു. ബാലികേറാമലയെന്ന് ഫെഡറര്‍ സാക്ഷ്യപ്പെടുത്തിയ കളിമണ്‍കോര്‍ട്ടില്‍ ഒരുവട്ടം ചാംപ്യനായി. ഫെഡററുടെ അര്‍പ്പണബോധവും കഠിനാധ്വാനവും വ്യക്തമാക്കുന്നതാണ് ആ ഫ്രഞ്ച് ഓപ്പണ്‍ കിരീടം. 

റെക്കോര്‍ഡുകളുടെ കാര്യത്തിലും ആധുനിക ടെന്നിസില്‍ ഫെഡറര്‍ക്ക് മറുപടിയില്ല. ലോക ഒന്നാംനമ്പര്‍ പദവിയില്‍ തുടര്‍ച്ചയായി 237ആഴ്ച തുടര്‍ച്ചയായി ഇരുന്നതാരം. ഏറ്റവും പ്രായമേറിയ  ലോക ഒന്നാംനമ്പര്‍താരം അടുത്തകാലത്തൊന്നും തകര്‍ക്കാനാവാത്ത ഒരുപിടി റെക്കോര്‍ഡുകള്‍.  ഏതു കടുത്ത പോരാട്ടത്തെയും ഏകപക്ഷീയമെന്ന് തോന്നിപ്പിക്കുന്ന മാന്ത്രികതയാണ് ഫെഡററുടെ ശൈലി.