'24വര്‍ഷത്തെ കരിയറിന്റെ ആഘോഷ നിമിഷം'; നിറകണ്ണുകളോടെ റോജര്‍ ഫെ‍ഡറര്‍

നിറകണ്ണുകളുമായി ടെന്നിസ് ഇതിഹാസം റോജര്‍ ഫെ‍ഡറര്‍ കളമൊഴിഞ്ഞു. ലേവര്‍കപ്പ് ടെന്നിസ് ‍ഡബിള്‍സില്‍ റഫേല്‍ നദാലിനൊപ്പം ഇറങ്ങിയ ഫെഡറര്‍ വിടവാങ്ങല്‍ മല്‍സരം തോറ്റു. എന്നാല്‍ തനിക്കിത് 24വര്‍ഷത്തെ കരിയറിന്റെ ആഘോഷ നിമിഷമെന്നാണ് ഫെഡറര്‍ വിശേഷിപ്പിച്ചത്. 

മല്‍സരത്തേക്കാള്‍, മല്‍സരഫലത്തേക്കാള്‍ കളിക്കാരനെ ഉറ്റുനോക്കിയ മറ്റൊരു ദിവസമുണ്ടാകില്ല ടെന്നിസില്‍. 24വര്‍ഷം നീണ്ട കരിയറിലെ വിടവാങ്ങല്‍ മല്‍സരം തോറ്റെങ്കിലും താന്‍ ആഗ്രഹിച്ച അവസാനമെന്ന് റോജര്‍ ഫെഡറര്‍ പറയുമ്പോള്‍ ആ ശബ്ദം മാത്രമല്ല, ടെന്നിസ് പ്രേമികളുടെ ശബ്ദവും ഇടറി. അവസാന മല്‍സരം എന്നറിഞ്ഞ് ഷൂ ലേസ് കെട്ടുമ്പോള്‍ താനത് ആസ്വദിച്ചെന്നും, റാഫയ്ക്കൊപ്പം കളിക്കാനായതില്‍ സന്തോഷമെന്നും ഫെഡറര്‍ പറഞ്ഞു. എന്നാല്‍ ഭാര്യയ്ക്ക് നന്ദി പറഞ്ഞപ്പോള്‍ ഫെ‍ഡററുടെ നിയന്ത്രണം വിട്ടു, ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.

14മാസമായി കളിക്കളത്തില്‍ വിട്ടുനിന്ന ഫെഡറര്‍ ലേവര്‍ കപ്പില്‍ ടീം യൂറോപ്പിന് വേണ്ടി വീണ്ടും റാക്കറ്റേന്തി. റാഫയ്ക്കൊപ്പം ആദ്യസെറ്റ് നേടി. എന്നാല്‍ രണ്ടുമൂന്നും സെറ്റ് ജാക് സോക്ക്–ഫ്രാന്‍സസ് തിയോഫ് സഖ്യം നേടിയപ്പോള്‍ ഇതിഹാസ കരിയറിന് തിരശീല വീണു. 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളിലൂടെ, ലോക ടെന്നിസിന്റെ നെറുകയില്‍ വാണ നാളുകളിലൂടെ,  വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടില്‍ നേടിയ എട്ടുകീരിടങ്ങളിലൂടെ ടെന്നിസിലെ മാസ്മരിക കാഴ്ചകള്‍ സമ്മാനിച്ച ഫെഡറര്‍ ടെന്നിസ് കോര്‍ട്ടില്‍ തന്നെയുണ്ടാവും. എന്നാല‍ ഇനി കളിക്കാരന്റെ ജേഴ്സിയില്‍ ആവില്ലെന്നുമാത്രം.