'സീനിയേഴ്സ്' തിരിച്ചെത്തുന്നു; രണ്ടും മൂന്നും മത്സരങ്ങളിൽ സഞ്ജുവില്ല

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണും. എന്നാൽ വിരാട് കോലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ തിരിച്ചെത്തുന്നതിനാൽ രണ്ടും മൂന്നും മത്സരങ്ങളിൽ സഞ്ജുവിന് ഇടമില്ല. കോലിയെ കൂടാതെ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജ‍ഡേജ എന്നിവരാണ് ആദ്യ ട്വന്റി20 ടീമിൽ ഇല്ലാത്തത്.

അയർലൻഡിനെതിരെ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം കിട്ടിയത്. 77 റൺസ് നേടിയ സഞ്ജു ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. സഞ്ജുവിനെ കൂടാതെ ഋതുരാജ് ഗെയ്ക്‌വാദ്, രാഹുൽ ത്രിപാഠി, വെങ്കടേഷ് അയ്യർ, അർഷ്ദീപ് സിങ് എന്നിവരാണ് ആദ്യ ട്വന്റി20 മത്സരത്തിനുള്ള ടീമിൽ മാത്രമുള്ളത്.

മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. ‍രോഹിത് ശർമ ട്വന്റി20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്തു തിരിച്ചെത്തി. പരുക്കേറ്റ കെ.എൽ.രാഹുൽ ഇരു ടീമുകളിലും ഇല്ല. ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ അർഷ്ദീപ് സിങ് ആദ്യമായി ഏകദിന ടീമിൽ സ്ഥാനപിടിച്ചു. അയർലൻഡിനെതിരായ പരമ്പരയിൽ‌ ഇടം നേടിയിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല.

ടീമുകൾ ഇങ്ങനെ:

ഒന്നാം ട്വന്റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ‌, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യുസ്‌വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്.

രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങൾക്കുള്ള ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്.

ഏകദിന പരമ്പര ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ഇഷാൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.