എസ്.ജി 250; സുരേഷ് ഗോപിക്ക് സ്നേഹ സമ്മാനവുമായി സഞ്ജുവും കൂട്ടരും; നന്ദി പറഞ്ഞ് താരം!

ഐപിഎൽ കിരീടം നേടാനായില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് രാജസ്ഥാൻ റോയൽസിന്റെ ഒരോ പോസ്റ്റും. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയേയും ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.അപ്രതീക്ഷിതമായി ഒരു സ്നേഹോപഹാരം എത്തിച്ചു നൽകിയാണു സുരേഷ് ഗോപിയുടെ മനസ്സു രാജസ്ഥാൻ റോയൽസ് ടീം കവർന്നത്. 

സിനിമാ ജീവിതത്തിൽ 250 ചിത്രങ്ങൾ പിന്നിട്ട സുരേഷ് ഗോപിയോടുള്ള ആദര സൂചകമായി 250–ാം നമ്പർ രാജസ്ഥാൻ റോയൽസ് ജഴ്സിയാണു ക്ലബ് അധികൃതർ സുരേഷ് ഗോപിക്ക് അയച്ചു നൽകിയത്. നമ്പറിനു താഴെ സുരേഷ് ഗോപിയുടെ ചുരുക്കപ്പേരായ എസ്.ജി എന്നീ 2 അക്ഷരങ്ങളുമുണ്ട്.

ജഴ്സ് ലഭിച്ചതിനുള്ള നന്ദി സൂചിപ്പിച്ചുള്ള സുരേഷ് ഗോപിയുടെ ട്വീറ്റ് ഇങ്ങനെ, ‘ഐപിഎല്ലിലെ ഉജ്വല പ്രകടനത്തിന് നമ്മുടെ സ്വന്തം സഞ്ജു സാംസണും രാജസ്ഥാൻ റോയൽസ് ടീമിനും അഭിവാദ്യങ്ങൾ. ഗംഭീരമായി. ടീം ജഴ്സ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇത് എനിക്ക് അയച്ചു നൽകിയതിൽ രാജസ്ഥാൻ റോയൽസ് കുടുംബത്തിലെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ഇനി മുന്നോട്ടുള്ള എല്ലാ സംരംഭങ്ങളിലും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പിന്നിട്ടിരിക്കുകയാണ് സുരേഷ് ഗോപി. ഇതിനോടുള്ള ആദരസൂചകമാണ് എസ്.ജി 250. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഒറ്റക്കൊമ്പൻ ആണ് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി അണിയറയില്‍ ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ ട്വീറ്റ് രാജസ്ഥാൻ റോയൽസ് ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.