സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന കോര്‍കമ്മിറ്റിയിലേക്ക്; സന്തോഷമെന്ന് സുരേന്ദ്രന്‍

നടനും രാജ്യസഭാ മുന്‍ എം.പിയുമായ സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന കോര്‍കമ്മിറ്റിയിലേയ്ക്ക്. സംസ്ഥാന അധ്യക്ഷന്‍ കെ. സുേരന്ദ്രനും സംഘടനാ സെക്രട്ടറി എല്‍. ഗണേഷും സുരേഷ് ഗോപിയെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങിയാണ് അപ്രതീക്ഷിത നീക്കം. സുരേഷ് ഗോപിയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. 

അഭിനയത്തിരക്കിനിടെ നടന്‍ സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന നേതൃനിരയിലേക്ക്. കോര്‍കമ്മിറ്റിയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്രനിര്‍ദ്ദേശത്തിന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സംഘടനാസെക്രട്ടറി എല്‍. ഗണേഷും വഴങ്ങി.കോട്ടയത്ത് ചേര്‍ന്ന കോര്‍കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുടെയോ  മുതിര്‍ന്ന നേതാക്കളുടെയോ അറിവോടെയല്ല ഈ നീക്കം. ഇനി തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ദേശീയ അധ്യക്ഷനാണ്. കോര്‍കമ്മിറ്റിയില്‍ അദ്ദേഹം വന്നാല്‍ സന്തോഷമെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി സന്ദര്‍ശനവേളയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി  എല്ലാം പഴയമുഖങ്ങളാണല്ലോ എന്ന് പരാമശിച്ചിരുന്നു.സംസ്ഥാനഅധ്യക്ഷന്‍, മുന്‍ അധ്യക്ഷന്മാര്‍, ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് കോര്‍കമ്മിറ്റി. കീഴ്‌വഴക്കങ്ങള്‍ മറികടന്ന് കോര്‍കമ്മിറ്റിയില്‍ അംഗങ്ങളെത്തുന്നത് ആദ്യമായല്ല.  മുമ്പ് ഹിന്ദു ഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരന്‍ കോര്‍കമ്മിറ്റിയിലെത്തിയതും അപ്രതീക്ഷിതമായാണ്. അദ്ദേഹം പിന്നീട് സംസ്ഥാന അധ്യക്ഷനുമായി. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കാലാവധി അടുത്തവര്‍ഷം തീരും.അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ സുരേഷ് ഗോപി ആ പദവിയിലെത്തിയേക്കും.