ദിവസം 130ല്‍ ലേറെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയവര്‍ക്ക് പരസ്യവിചാരണ; നടപടിയെന്ന് മുന്നറിയിപ്പ്

Muttathara-test
SHARE

ദിവസം നൂറിലേറെ ഡ്രെവിങ് ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരസ്യ വിചാരണ ടെസ്റ്റ്. കൂടുതല്‍ ടെസ്റ്റ് നടത്തുന്ന പതിനഞ്ച് ഉദ്യോഗസ്ഥരെ തിരുവനന്തപുരം മുട്ടത്തറയിലുള്ള ടെസ്റ്റ് കേന്ദ്രത്തില്‍ വിളിച്ചുവരുത്തിയാണ് ടെസ്റ്റ് നടത്തിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ടെസ്റ്റ് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ദിവസം എത്ര ടെസ്റ്റ് നടത്താനാകുമെന്ന് കണ്ടെത്താനുള്ള പരീക്ഷണമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ ഔദ്യോഗിക വിശദീകരണം. 

പ്രതിദിനം 130 ടെസ്റ്റുകള്‍ വരെ നടത്തിയിരുന്ന 15 ഉദ്യോഗസ്ഥര്‍ക്കാണ് മന്ത്രി ഗണേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം മുട്ടത്തറ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ പരസ്യവിചാരണ ടെസ്റ്റ്. നൂറിലേറെ ടെസ്റ്റ് സാധ്യമാണെന്ന് ഇവര്‍ തെളിയിക്കണം. ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് വിവരം. ഓരോ ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനുമായി ഉദ്യോഗസ്ഥര്‍ എത്ര സമയമെടുത്തു എന്ന് നിരീക്ഷിക്കാന്‍ പ്രത്യോക സംഘമുണ്ട്. ഇവര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. 

എന്നാല്‍, ഉദ്യോഗസ്ഥരെ ശിക്ഷിക്കാനല്ല വിളിച്ചുവരുത്തിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഓദ്യോഗിക വിശദീകരണം. ഏറ്റവും കൂടുതല്‍ ടെസ്റ്റ് നടത്തുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ചട്ടങ്ങളും പാലിച്ച് എത്ര ടെസ്റ്റ് നടത്താനാകുമെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിദിനം നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തും. മേയ് 1 മുതല്‍ നടപ്പാക്കാനായി പ്രഖ്യാപിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളില്‍ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി ഗണേഷ് കുമാര്‍. പ്രതദിനം 50 ടെസ്റ്റ് മാത്രമേ പ്രായോഗികമാകൂ എന്ന തന്‍റെ വാദം തെളിയിക്കുക കൂടി ഈ പരസ്യ വിചാരണയിലൂടെ മന്ത്രി ലക്ഷ്യമിടുന്നു. 

MORE IN BREAKING NEWS
SHOW MORE