രാജസ്ഥാന് ഉജ്വല ജയം! പഞ്ചാബ് പുറത്തേക്ക്; റോയൽസ് പ്ലേഓഫിലേക്കും

ഐപിഎല്ലിലെ ത്രില്ലർ പോരാട്ടത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ 6 വിക്കറ്റിനു കീഴടക്കി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയൽസ് പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി അടുത്തു. തുടർച്ചയായ 2 തോൽവികൾക്കു ശേഷമാണ് രാജസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്തുന്നത്. സ്കോർ– പഞ്ചാബ്: 20 ഓവറിൽ 189–5; രാജസ്ഥാന്‍: 19.4 ഓവറിൽ 190–4.

പ്ലേയിങ് ഇലവനിലേക്കു തിരിച്ചുവിളിച്ച കോച്ച് കുമാർ സംഗക്കാരയെയും ടീം മാനേജ്മെന്റിനെയും യശസ്വി ജെയ്‌സ്വാൾ നിരാശരാക്കിയില്ല. 41 പന്തിൽ 9 ഫോറും 2 സിക്സും അടക്കം 68 റൺസെടുത്ത യശസ്വി ജെയ്‌സ്വാളാണു രാജസ്ഥാന്റെ വിജയശിൽപി. ജോസ് ബട്‌ലർ (30), സഞ്ജു സാംസൺ (23), ദേവ്ദത്ത് പടിക്കൽ (32 പന്തിൽ 3 ഫോർ അടക്കം 31) എന്നിവർ ജെയ്സ്വാളിനു മികച്ച പിന്തുണയേകി. ഡെത്ത് ഓവറുകളിൽ 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 31 റൺസുമായി ഹെറ്റ്മയർ വെടിക്കെട്ട് തീർത്തപ്പോൾ രാജസ്ഥാനു വീണ്ടും വിജയമധുരം. 

ജോസ് ബട്‌ലർ‌ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ വീണ്ടും അവസരം ലഭിച്ച ആവേശത്തിൽ യശസ്വി ജെയ്സ്വാൾ ആദ്യ ഓവർ മുതൽ തകർത്തടിച്ചു. സന്ദീപ് ശർ‌മയുടെ ഓവറിൽ 2 ഫോറും ഒരു സിക്സും അടക്കം 14 റണ്‍സാണ് ജെയ്‌സ്വാൾ അടിച്ചെടുത്തത്. പിന്നാലെ ബട്‌ലറും അടി തുടങ്ങി. 

കഗീസോ റബാദയുടെ 4–ാം ഓവറിലെ ആദ്യ പന്ത് സിക്സറടിച്ച ബട്‌ലർ‌ പിന്നീടുള്ള 4 പന്തിൽ 3 ഫോർ അടക്കം 14 റണ്‍സ് കൂടി നേടിയെങ്കിലും അവസാന ഓവറിൽ ഷോട്ട് പിഴച്ച് പുറത്തായി. 16 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 30 റൺസുമായി ബട്‌ലർ മടങ്ങുമ്പോൾ 4 ഓവറിൽ രാജസ്ഥാൻ സ്കോർബോർഡിൽ 46 റൺസ് എത്തിയിരുന്നു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് 189 റണ്‍സ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ (56) ഫിഫ്റ്റിയാണ് പഞ്ചാബ് ഇന്നിങ്‌സിനു കരുത്തായത്. 40 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ഈ സീസണില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണിത്.