റഫറിയോട് മോശമായി സംസാരിച്ചു; ഹ്യൂഗോ ബൗമോസിനെതിരെ നടപടി

മുംൈബ സിറ്റിയുടെ ഹ്യൂഗോ ബൗമോസിന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. മല്‍സരത്തിനിടെ റഫറിയോട് മോശം ഭാഷയില്‍ സംസാരിച്ചതിനാണ് നടപടി. ചുവപ്പുകാര്‍ഡ് ലഭിച്ച  ബൗമോസിന് അടുത്ത രണ്ടുമല്‍സരങ്ങള്‍ നഷ്ടമാകും.  

ഗോവയ്ക്കെതിരെ 3–3ന് സമനില വഴങ്ങിയ മല്‍സരത്തിനിടെയാണ് മുംൈബ സിറ്റിയുടെ സൂപ്പര്‍ താരത്തിന് നിയന്ത്രണം നഷ്ടമായത്. ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയ ശേഷം മല്‍സരം പുനരാരംഭിക്കാന്‍ വൈകിപ്പിച്ചതിന് റഫറി ബൗമോസിന് മഞ്ഞക്കാര്‍ഡ് നല്‍കി. പിന്നാലെ  റഫറിക്കെതിരെ മോശം ഭാഷയില്‍ സംസാരിച്ചതിന് ചുവപ്പുകാര്‍ഡും 

96ാം മിനിറ്റില്‍ ഗോള്‍ നേടി ഗോവ മല്‍സരം സമനിലയിലുമാക്കി. ബൗമോസിന് അടുത്ത രണ്ടുമല്‍സരങ്ങള്‍ കളിക്കാനാകില്ല എന്നത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയാകും. ആറുപോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്തായിരുന്ന മുംബൈയ്ക്ക് ഇപ്പോള്‍ എടികെയുമായി ഒരുപോയിന്റ് മാത്രമാണ് ലീഡ്. എ എഫ് സി ചാംപ്യന്‍സ് ലീഗിലേയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കണമെങ്കില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യേണ്ടതുണ്ട്. ബെംഗളൂരുവിനും ജംഷഡ്പൂരിനുമെതിരായാണ് മുംബൈയുടെ അടുത്ത മല്‍സരങ്ങള്‍. നാളെ ഒന്‍പതുമണിക്കകം അച്ചടക്കസമിതിക്കുമുന്നില്‍ ബൗമോസ്  മറുപടി നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചേക്കും.