മലയാള മനോരമ കായിക പുരസ്കാരം; മല്‍സരിക്കുന്നത് ആറുക്ലബുകള്‍

2019ലെ കേരളത്തിലെ മികച്ച ക്ലബിനുള്ള മലയാള മനോരമ കായിക പുരസ്കാരത്തിനായി മല്‍സരിക്കുന്നത് ആറുക്ലബുകള്‍.  തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്ന് രണ്ടുവീതം ക്ലബുകളും എറണാകുളം തൃശൂര്‍ ജില്ലകളില്‍ നിന്ന് ഓരോ ക്ലബും ചുരുക്കപട്ടികയില്‍ ഇടംപിടിച്ചു. വിദഗ്ധ സമിതി ആറു ക്ലബുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. 

2018ല്‍ കേരളത്തിലെ മികച്ച ക്ലബായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് ഒളിംപിക് അത്്ലറ്റിക്സ് ക്ലബിന്റെ പിന്‍ഗാമികളായി പുരസ്കാരം േനടാന്‍ കേരളത്തിലെ നൂറുകണക്കിനു ക്ലബ്ബുകളാണ് അപേക്ഷ സമ‍ർപ്പിച്ചത്. ഇവയില്‍ നിന്നാണ് ആറുക്ലബുകളെ തിരഞ്ഞെടുത്തത്. തിരുവനന്തപുരത്തിന്റെ തീരമേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കുന്ന കോവളം എഫ്.സി, കേരളത്തിന്റെ നീന്തൽ ഹബ്ബായ തിരുവനന്തപുരം പിരപ്പൻകോട് ഡോൾഫിൻ ക്ലബ്, കൊച്ചി ഏലൂരിൽ ഫാക്ടിന്റെ സ്പോർട്സ് ഗ്രൗണ്ടിൽ ഫുട്ബോൾ പ്രതിഭകളെ ഒരുക്കുന്ന ഫ്യൂച്ചര്‍ അക്കാദമി, ചെസ് ഗ്രാമമായ തൃശൂരിലെ മരോട്ടിച്ചാല്‍, 1990ൽ കോഴിക്കോട് കാരന്തൂരിലെ വോളിബോൾ പ്രേമികൾ ചേർന്നു രൂപീകരിച്ച പാറ്റേൺ സ്പോർട്സ് ആൻഡ് ആർട്സ് സൊസൈറ്റി , കോഴിക്കോട് കടത്തനാട് രാജാ ഫുട്ബോൾ അക്കാദമി എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട ആറു ക്ലബുകള്‍.  മുൻ ഇന്ത്യൻ ഫുട്ബോൾ താരവും സന്തോഷ് ട്രോഫി മുൻ പരിശീലകനുമായ സി.സി.ജേക്കബ്, സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റൻ ആസിഫ് സഹീർ, ചങ്ങനാശേരി അസംപ്ഷൻ കോളജ് കായികവിഭാഗം മേധാവി ഡോ. ജിമ്മി ജോസഫ് എന്നിവരടങ്ങിയ സമിതി ചുരുക്കപട്ടികയില്‍ ഇടംപിടിച്ച ആറു ക്ലബുകളും സന്ദര്‍ശിച്ചു.  വിദഗ്ധസമിതി തിരഞ്ഞെടുക്കുന്ന മൂന്നുക്ലബുകള്‍ പുരസ്കാരനത്തിനായി ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കും.