ജയ് കിസാൻ, ജയ് ക്രിക്കറ്റ്; ടാക്സി ഡ്രൈവറായ ഇന്ത്യൻ വംശജന്റെ മകൻ ഓസീസ് ക്രിക്കറ്റ് ടീമിൽ

പഞ്ചാബിലെ കർഷക കുടുംബാംഗം ഇനി ഓസ്ട്രേലിയൻ ടീമിൽ ലെഗ് സ്പിന്നറായി വിക്കറ്റ് കൊയ്യും. ജലന്തറിൽനിന്നു സിഡ്നിയിലേക്കു കുടിയേറിയ ഇന്ത്യൻ വംശജൻ ജോഗ സിങ് സാംഘയുടെ മകൻ തൻവീ‍ർ സാംഘ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഓസീസ് ടീമിലാണ് ഇടംപിടിച്ചത്. അടുത്ത മാസം ന്യൂസീലൻഡിലാണു പരമ്പര. ഓസീസ് സീനിയർ ടീമിൽ സ്ഥാനം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വംശജനാണു പത്തൊമ്പതുകാരനായ തൻവീർ.

സ്റ്റുഡന്റ് വീസയിൽ ഓസ്ട്രേലിയയിലെത്തിയ ജോഗ സിങ് പഠനത്തിനുശേഷം ഒരു കൃഷിത്തോട്ടത്തിലെ ജോലിക്കാരനായി. പിന്നീടു ടാക്സി ഡ്രൈവറായി. ഇപ്പോഴും ടാക്സി ഓടിക്കുന്നു. ഭാര്യ ഉപനീത് അക്കൗണ്ടന്റാണ്. ഓസീസ് മുൻ ക്രിക്കറ്റ് താരങ്ങളായ മാർക്ക് വോ, സ്റ്റീവ് വോ, നീന്തൽ താരം ഇയാൻ തോർപ്പ് എന്നിവർ പഠിച്ച സ്കൂളിലേക്കു മകൻ തൻവീറിനെ അയയ്ക്കാനെടുത്ത ജോഗയുടെ തീരുമാനമാണു വഴിത്തിരിവായത്. വോളിബോൾ, റഗ്ബി, കബഡി എന്നിവയിലൂടെ കായിക താൽപര്യം പ്രകടിപ്പിച്ച തൻവീർ പിന്നീടു ക്രിക്കറ്റിലേക്കു മാറി. 

സ്കൂളിലെ ക്രിക്കറ്റ് ക്ലബ്ബിലൂടെ തൻവീർ താരമായി. പിതാവിന്റെ പ്രേരണയിൽ 13–ാം വയസ്സു മുതൽ സ്പിൻ ബോളിങ്ങിൽ ശ്രദ്ധിച്ചു. അങ്ങനെ ഓസീസ് അണ്ടർ 16 ടീമിലെത്തി. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഓസീസിനായി ഏറ്റവും കൂടുതൽ വിക്കറ്റുകളെടുത്ത (15) ബോളറായി തിളങ്ങി. അറ്റാക്കിങ് ബാറ്റ്സ്മാൻകൂടിയാണു തൻവീർ. അണ്ടർ 19 ലോകകപ്പിൽ 5 ഇന്നിങ്സുകളിൽ ബാറ്റ് ചെയ്തു. സ്ട്രൈക് റേറ്റ് 85.26. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി20 ലീഗിൽ സിഡ്നി തണ്ടേഴ്സിനായി നടത്തിയ പ്രകടനം (14 മത്സരങ്ങളിൽ 21 വിക്കറ്റ്) ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഓസീസ് ടീമിലേക്കു വിളിവന്നത്. 

∙ ഓസ്ട്രേലിയൻ സീനിയർ ക്രിക്കറ്റ് ടീമിലേക്കെത്തുന്ന 2–ാമത്തെ  മാത്രം ഇന്ത്യൻ വംശജനാണു തൻവീർ. പേസർ  ഗുരീന്ദർ സന്ധുവാണ് ആദ്യത്തെയാൾ. ജേസൺ സാംഘ, അർജുൻ നായർ, പരം ഉപ്പൽ എന്നീ ഇന്ത്യൻ വംശജർ  നേരത്തേ അണ്ടർ 19 ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

∙  ഇത്ര ചെറുപ്പത്തിൽ സീനിയർ ടീമിനായി കളിക്കാൻ പറ്റുമെന്നു വിചാരിച്ചില്ല. സന്തോഷംകൊണ്ട് എനിക്കു വീർപ്പുമുട്ടുന്നു. ടീമിലേക്കു തിരഞ്ഞെടുത്തുവെന്ന വാർത്ത ഉൾക്കൊള്ളാൻ കുറെ സമയമെടുത്തു.

-തൻവീർ സാംഘ